പ്രിയപ്പെട്ട മോദിജീ, ഞങ്ങള്‍ക്കു ഗുജറാത്ത് ആകേണ്ട! വികസന രേഖയെന്ന ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊളിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പദ്ധതിയെവിടെ മോദി’ കാമ്പെയ്ന്‍; നാണംകെട്ട് തിരുവനന്തപുരം മേയര്‍; മോദിയുടെ ഗുജറാത്ത് താരതമ്യവും തിരിച്ചടിക്കുന്നു
ഒന്നും തരാതെ പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ വാഗ്ദാനങ്ങളെല്ലാം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് തടിതപ്പാനാണ് മേയറുടെ ശ്രമം. പക്ഷെ വിടാന്‍ എതിരാളികള്‍ തയാറല്ല, കേരളത്തിനുള്ള പദ്ധതിയും പണവും എവിടെയെന്ന് ചോദിച്ച് 'കേരള ആസ്‌ക് മോദി' എന്ന ഹാഷ്ടാഗ് പ്രചാരണം ഇടത് കേന്ദ്രങ്ങള്‍ ശക്തമാക്കി.

തിരുവനന്തപുരം: കോര്‍പറേഷന്‍ പിടിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മോദി വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന പ്രചാരണം പൊളിഞ്ഞു. ആദ്യ സന്ദര്‍ശനത്തിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉരുണ്ടുകളിച്ച് മേയര്‍ വി.വി. രാജേഷ്. വികസന രേഖമുതല്‍ അതിവേഗ റെയില്‍വരെ പ്രഖ്യാപിക്കുമെന്നു പറഞ്ഞ് എത്തിയ മോദി, ഒരു മണിക്കൂര്‍ കഴിഞ്ഞു തമിഴ്‌നാട്ടിലും കേരളത്തിലെ പ്രസംഗം ആവര്‍ത്തിച്ചു മടങ്ങി.
ഇതോടെ ‘പദ്ധതികള്‍ എവിടെ മോദി’ എന്നു ചോദിച്ച് ഇടതുപക്ഷം സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചു. വര്‍ഗീയതയാണ് കേരളത്തിലും ബിജെപിയുടെ അജണ്ടയെന്ന് വ്യക്തമായെന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തി. ഓടിവന്ന് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വി.വി. രാജേഷിന്റെ വിശദീകരണം.
റോഡ് ഷോയും ആള്‍ക്കൂട്ടവും പുഷ്പവൃഷ്ടിയുമൊക്കെയായി വമ്പന്‍ ആഘോഷത്തോടെയാണ് പ്രധാനമന്ത്രി വന്നതും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചതും. റെയില്‍വേ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ് വേദിയില്‍ സില്‍വര്‍ലൈനിന് പകരമുള്ള അതിവേഗ റയില്‍ പ്രഖ്യാപിക്കുമോയെന്നായിരുന്നു കേരളം ഉറ്റുനോക്കിയത്. ഒന്നും കിട്ടിയില്ല. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വന്ന് തലസ്ഥാന വികസനരേഖ പ്രഖ്യാപിക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. തിരുവനന്തപുരത്ത് തുറമുഖ നഗരമാക്കും, ടെമ്പിള്‍ സിറ്റിയാക്കും നഗരത്തിന് ചുറ്റും സാറ്റലൈറ്റ് സിറ്റികള്‍. പക്ഷെ കോര്‍പ്പറേഷന്‍ തയാറാക്കിയ ശുപാര്‍ശകള്‍ വാങ്ങിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്ന് പതിവ് വാഗ്ദാനം മാത്രം മിച്ചം.

ഒന്നും തരാതെ പ്രധാനമന്ത്രി മടങ്ങിയപ്പോള്‍ വാഗ്ദാനങ്ങളെല്ലാം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് തടിതപ്പാനാണ് മേയറുടെ ശ്രമം. പക്ഷെ വിടാന്‍ എതിരാളികള്‍ തയാറല്ല, കേരളത്തിനുള്ള പദ്ധതിയും പണവും എവിടെയെന്ന് ചോദിച്ച് ‘കേരള ആസ്‌ക് മോദി’ എന്ന ഹാഷ്ടാഗ് പ്രചാരണം ഇടത് കേന്ദ്രങ്ങള്‍ ശക്തമാക്കി. വര്‍ഗീയത മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസും. വികസന പ്രഖ്യാപനങ്ങളില്ലെങ്കിലും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിക്ക് തുടക്കമായി. വരവായി വിശ്വാസ സുരക്ഷിത വികസിത കേരളം എന്ന മുദ്രാവാക്യം സ്വീകരിച്ചതും അയ്യപ്പവിഗ്രഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചതും പ്രചാരണതന്ത്രം എന്തെന്ന് വ്യക്തമാക്കി. എന്‍.ഡി.എയില്‍ ചേര്‍ന്ന ട്വന്റി20 നേതാവ് സാബു എം. ജേക്കബിനെയും വേദിയില്‍ സ്വീകരിച്ചു.
കേരളത്തില്‍ വികസനമെത്തിയില്ലെന്ന മോദിയുടെ പ്രചാരണത്തിനും രൂക്ഷമായ ഭാഷയിലാണ് രാഷ്ട്രീയ വിമര്‍ശകര്‍ പ്രതികരിച്ചത്. കേരളത്തെ മാറ്റുമെന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. ഇതുതന്നെ തമിഴ്‌നാട്ടിലും ആവര്‍ത്തിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പെട്രോളിന്റെ വില 100 കടന്നു. വാണിജ്യ ഗ്യാസിന്റെ വില 3000 കടന്നു. ഡോളറില്‍ രൂപയുടെ മൂല്യം നൂറുരൂപയിലേക്ക് എത്തുകയാണ്. ഇതേ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ ഇനി എന്തു മാറ്റമാണു കൊണ്ടുവരികയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തിന് 52,000 കോടിയുടെ കുറവാണ് വിവിധ പദ്ധതികളിലുണ്ടായത്. കേരളത്തിന് ആകെ നികുതി വിഹിതമായി 27 ശതമാനം കിട്ടിയപ്പോള്‍ എന്‍ഡിഎ ഭരിക്കുന്ന ബിഹാറില്‍ 74 ശതമാനം ലഭിച്ചു. ത്രിപുരയില്‍ 73 ശതമാനം, മധ്യപ്രദേശ്- 55% എന്നിങ്ങനെയാണു കണക്ക്. എന്നിട്ടും കേരളം പെന്‍ഷന്‍ അടക്കമുള്ളവയില്‍ മുടക്കം വരുത്തിയില്ല. നെല്‍ കര്‍ഷകരുടെ വിഹിതത്തില്‍ വെട്ടിക്കുറവു വരുത്തിയപ്പോള്‍ പാഡി റസീറ്റ് ഷീറ്റ് ഇറക്കിയാണ് പണം നല്‍കിയത്. ഇതു പൂര്‍ണമായും കൃത്യമല്ലെന്നു പറയാം. ദേശീയ പാത വികസനത്തിന് അയ്യായിരത്തിലേറെ കോടി രൂപ കേരളം നല്‍കി. മറ്റൊരു സംസ്ഥാനവും ഈ തുക നല്‍കിയില്ല. മലയോര പാതകള്‍, വാട്ടര്‍ മെട്രോ എന്നിവ വേറെ.
കേരളത്തെയും ഗുജറാത്തിനെയുമാണ് മോദി താരതമ്യം ചെയ്യുന്നത്. എലികളയും നായ്ക്കളും നിരങ്ങുന്ന ആശുപത്രിയുടെ ചിത്രം പുറത്തുവിട്ടത് കോണ്‍ഗ്രസ് ആണ്. ചൂരല്‍മല ദുരിത ബാധിതര്‍ക്കുവേണ്ടി ചില്ലിക്കാശു നല്‍കാതെ പണം വായ്പയായിട്ടാണു നല്‍കിയത്. മറ്റു തുറമുഖങ്ങള്‍ക്കു പലിശരഹിത വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കിയപ്പോള്‍ ബാങ്കില്‍നിന്നു വായ്പയെടുക്കുന്നതുപോലെയാണ് കേരളത്തിനു ഫണ്ട് നല്‍കിയത്. പട്ടിണിയുടെ കാര്യത്തില്‍ 16-ാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തും അതിദരിദ്രരില്ലാത്ത കേരളവും തമ്മിലാണ് സാമ്യമെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാമതു നില്‍ക്കുന്ന കേരളത്തെ ഒമ്പതാമതു നില്‍ക്കുന്ന ഗുജറാത്താക്കുമെന്നാണു പറയുന്നത്!
ശിശു മരണ നിരക്കു കുറവില്‍ ഒന്നാമതു നില്‍ക്കുമ്പോള്‍ ഗുജറാത്ത് 17-ാം സ്ഥാനത്താണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ കേരളം നിതി ആയോഗ് റാങ്കിംഗില്‍ ഒന്നാമതു നില്‍ക്കുമ്പോള്‍ ഗുജറാത്ത് 18-ാം സ്ഥാനത്താണ്. കറന്റ് കട്ടില്ലാത്ത സംസ്ഥാനമായി കേരളം നില്‍ക്കുമ്പോള്‍ വൈദ്യുതീകരണത്തില്‍ ആറാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇന്ത്യയില്‍ പിഎസ് സി നടത്തിയ നിയമങ്ങളില്‍ 80 ശതമാനവും കേരളത്തിലാണ്. പവര്‍കട്ടുള്ള സംസ്ഥാനവുമാണ് ഗുജറാത്ത്.






