ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് സര്‍ക്കാര്‍; വിമാനത്താവളഭൂമിക്കേസില്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

കോട്ടയം: ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് കൈപൊള്ളി സര്‍ക്കാര്‍. സ്വര്‍ണക്കൊള്ള കേസ് സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയതിനു പിന്നാലെ ആടിയ നെയ്യ് കടത്തിയ സംഭവത്തിലും അന്വേഷണം നടക്കുന്നതിനിടെ വിമാനത്താവള ഭൂമിക്കേസിലും സര്‍ക്കാരിന് തിരിച്ചടി.
നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിലാണ് സര്‍ക്കാരിന് തിരിച്ചടി കിട്ടിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഹര്‍ജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ സര്‍ക്കാന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെയാണ് ഇത്തരത്തില്‍ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കില്‍ സ്ഥലം ട്രസ്റ്റ് വിട്ടുനല്‍കുകയോ ചെയ്യേണ്ടിവരും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ ഭൂമി. 1910-ലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം ഈ ഭൂമി സര്‍ക്കാര്‍ വക പാട്ടം വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ വാദിച്ചത്.
നിലവില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. അവരുടെ മുന്‍ഗാമികളായ ഹാരിസണ്‍ നിയമവിരുദ്ധമായി ഭൂമി അയനയ്ക്ക് വിറ്റെന്നും ഭൂമി സര്‍ക്കാരിന്റെയാണെന്നുമാണ് റവന്യൂ വകുപ്പ് വാദം. 2263 ഏക്കര്‍ ഭൂമിക്ക് എല്ലാ രേഖകളും കൈവശമുണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.






