സജി ചെറിയാന്റെ പരാമര്‍ശത്തില്‍ അതൃപ്തി; മറുപടി പറയാതെ ഒഴിഞ്ഞുമാറി എം.വി. ഗോവിന്ദന്‍; ശ്രദ്ധിക്കാതെ ഓരോന്നു പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. പരാമര്‍ശം ദോഷകരമാണെന്നും സജി ചെറിയാന്‍ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്നും നേതൃത്വം. പ്രതിപക്ഷ നേതാവിനെതിരായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളുടെ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സജി ചെറിയാന്റെ പരാമര്‍ശം ഇടയാക്കിയെന്നും പാര്‍ട്ടി വിലയിരുത്തല്‍.
ഇതിനിടെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവര്‍ എവിടെനിന്നാലും ജയിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തര്‍പ്രദേശും മധ്യപ്രദേശും ആക്കാന്‍ ശ്രമിക്കരുത്- മന്ത്രി പറഞ്ഞു. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ നയിച്ച കേരളയാത്രയുടെ സമാപനച്ചടങ്ങില്‍ വി.ഡി.സതീശന്‍ നടത്തിയ പ്രസംഗത്തെയും മന്ത്രി വിമര്‍ശിച്ചു. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടു പിടിക്കാന്‍ കഴിയുമോയെന്ന അടവാണു സതീശന്‍ നടത്തിയത്. പ്രസ്താവന പിന്‍വലിച്ചു സതീശന്‍ മാപ്പു പറയണം. കാറില്‍ കയറ്റിയെന്നും ഷാള്‍ പുതപ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു. ഷാള്‍ പുതപ്പിച്ചുവെന്ന് ഉദ്ദേശിച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ആണോ? ആരോഗ്യനില മോശമായ സുകുമാരന്‍ നായരെ കാണാനാണ് മുഖ്യമന്ത്രി പെരുന്നയില്‍ പോയത്. പ്രായമായ ആളല്ലേ വെള്ളാപ്പള്ളി. അദ്ദേഹത്തെ കാറില്‍ കയറ്റാതെ ഇറക്കിവിടണമായിരുന്നോ? ആര്‍എസ്എസിന്റെ മറുഭാഗം പറയുന്നത് മുസ്ലിം ലീഗ് ആണെന്നും അവര്‍ ഒരു വിഭാഗത്തെ വര്‍ഗീയമായി ചിന്തിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സജി ചെറിയാന്‍ ആരോപിച്ചു.






