പരശുരാമനല്ല, താഴ്മണ്‍ കുടുംബത്തിന് താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ച് നല്‍കിയത് ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍; ശബരിമല പൂട്ടിപോകുമെന്ന വിരട്ടൊക്കെ വെറുതേ; ഭരണഘടന വന്നശേഷം രാജാക്കന്‍മാരുടെ കരാറുകള്‍ക്ക് കടലാസ് വില; പോസ്റ്റ് ചര്‍ച്ചയാകുന്നു

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു തന്ത്രി അറസ്റ്റിലായതിനു പിന്നാലെ ശബരിമലയിലെ താഴ്മണ്‍ കുടുംബത്തിന്‍െ അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി. ക്രിസ്തുവിനും മുമ്പ് പരശുരാമന്‍ നേരിട്ടെത്തിയാണു ശബരിമല ഏല്‍പ്പിച്ചതെന്നാണു താഴ്മണ്‍ കുടുംബത്തിന്റെ വാദം. എന്നാല്‍, പരശുരാമനല്ല, ചെങ്ങന്നൂര്‍ തഹസീല്‍ദാരാണ് താഴ്മണ്‍ കുടുംബത്തിനു ശബരിമലയിലെ താന്ത്രിക കര്‍മങ്ങള്‍ ഏല്‍പ്പിച്ചു നല്‍കിയത്.
കേരളത്തില്‍ നടമാടുന്ന അശാസ്ത്രീയമായ താന്ത്രിക വ്യവസ്ഥയ്ക്ക് അനുസരിച്ച് കള്ളചരിത്രവും വിശ്വാസ രീതികളും ആചാരങ്ങളും മെനയുകയും അതു കോടാനുകോടി ഭക്തരെ വിശ്വസിപ്പിച്ചു ചൂഷണം ചെയ്യുന്നതില്‍ തന്ത്രിമാര്‍ക്കുള്ള പങ്ക് ഇനിയെങ്കിലും വിശ്വാസികള്‍ തിരിച്ചറിയണമെന്നും അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ക്രിസ്തുവിനും മുന്‍പ് പരശുരാമന്‍ നേരിട്ടെത്തിയാണ് ശബരിമല തങ്ങളെ ഏല്‍പ്പിച്ചതെന്ന തന്ത്രിയുടെയും കുടുംബത്തിന്റെയും, ഗമണ്ടന്‍ വാദങ്ങളും, അയ്യപ്പന്റെ പിതൃതുല്യനാണ് തന്ത്രി എന്നും, വേണ്ടി വന്നാല്‍ ശബരിമല പൂട്ടിയിട്ട് താന്‍ പോകും എന്നൊക്കെ കല്പന ചെയ്യുന്ന താന്ത്രിക വിദഗ്ദരെ കുറിച്ച് പൊതുജന അറിവിലേക്കായി ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയാതെ വയ്യ!
ഠ താഴ്മണ്‍ കുടുംബം എങ്ങനെ ശബരിമലയുടെ കാവല്‍ക്കാരായി?
പരശുരാമന്‍ അല്ല ചെങ്ങന്നൂര്‍ തഹസീല്‍ദാരാണു താഴ്മണ്‍ കുടുംബത്തെ ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ ഏല്‍പ്പിച്ചത്. യാഥാര്‍ഥ്യം തിരിച്ചറിയുക. ചരിത്രകാരന്മാര്‍ പറയുന്നത് ഇങ്ങനെ? ‘അക്കാലത്ത്, ശബരിമല അയ്യപ്പക്ഷേത്രം നിബിഡ വനത്തിനുള്ളിലെ ഒരു ചെറിയ ക്ഷേത്രമായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മകര-മക്രാന്തി കാലത്ത് പൂജകള്‍ നടന്നത്. പ്രതിമാസ പൂജകള്‍ അന്നുണ്ടായിരുന്നില്ല. അമ്പലപ്പുഴ പുതുമന ഇല്ലം തന്ത്രിയെ ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി അമ്പലപ്പുഴ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ നാമനിര്‍ദേശം ചെയ്തു. അതിനുശേഷം പെരുനാട്ടിലെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 1078-ല്‍ ആകസ്മികമായി തീപിടിത്തം ഉണ്ടാകുന്നതുവരെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഒരു ശാന്തിക്കാരന്‍ വാര്‍ഷിക പൂജകള്‍ നടത്തി(എ.ഡി. 1903).
ശബരിമല ക്ഷേത്രത്തിന്റെ ഭരണം ചെങ്ങന്നൂര്‍ തഹസില്‍ദാരുടെ പക്കല്‍ നിക്ഷിപ്തമായപ്പോള്‍, വണ്ണിപ്പുഴ മേധാവിയുടെ ഉപദേശപ്രകാരം, താഴമണ്‍ മഠത്തിലെ താന്ത്രിക കുടുംബത്തിലെ തലവനെ എ.ഡി. 1908 മുതല്‍ ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിയായി അദ്ദേഹം നാമനിര്‍ദേശം ചെയ്തു. ഈ കുടുംബത്തിനാണ് ഇപ്പോള്‍ ഈ ക്ഷേത്രത്തിലെ മുഖ്യ പുരോഹിത സ്ഥാനം. ആ കുടുംബത്തിലെ ഓരോ ശാഖയിലെയും ഒരാള്‍ ഒരാള്‍ ഒരു വര്‍ഷത്തേക്ക് തന്ത്രിയായി പ്രവര്‍ത്തിക്കുന്നു’. -കടപ്പാട്(സെന്‍സസ് ഓഫ് ഇന്ത്യ സ്‌പെഷല്‍ സ്റ്റഡീസ്). ഇതാണ് വസ്തുത എന്നാണ് ചരിത്രം പറയുന്നത്.
ഠ നിലവില്‍ ആരാണ് ശബരിമലയുടെ നടത്തിപ്പുകാര്‍?
ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് 15 ഓഫ് 1950 പ്രകാരം സ്ഥാപിതമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമല അമ്പലത്തിന്റെ ഭരണം നടത്തുന്നത്. പ്രസിഡന്റും രണ്ട് അംഗങ്ങളുമാണ് ബോര്‍ഡിലെ അംഗങ്ങള്‍. അംഗങ്ങളിലെ ഒരാളെ മന്ത്രി സഭയ്ക്ക് നോമിനേറ്റ് ചെയ്യാം. മറ്റൊരു അംഗത്തെ തിരഞ്ഞെടുക്കുന്നത് നിയമസഭാ അംഗങ്ങളാണ് ചേര്‍ന്നാണ്. എല്ലാവരും ഹിന്ദുക്കള്‍ ആയിരിക്കണം.
ഠ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു സര്‍ക്കാര്‍ സ്ഥാപനമാണോ?
തീര്‍ച്ചയായും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 290-എ പ്രകാരം സംസ്ഥാന നിയമസഭയുടെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.
ഠ ശബരിമല പൊതു ക്ഷേത്രമാണോ?
അതെ. കേരള ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല എല്ലാവര്‍ക്കും ആരാധനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രവേശനമുള്ള ഒരു പൊതു ക്ഷേത്രമാണ്
ഠ ആരാണ് തന്ത്രി? എന്താണ്, എന്തൊക്കെയാണ് അധികാരങ്ങള്‍?
ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ താന്ത്രിക വിധിക്കനുസരിച്ച് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന ഏറ്റവും ഉന്നതനായ ക്ഷേത്ര ഭരണാധികാരിയാണ് തന്ത്രി. ബ്രാഹ്‌മണ സമുദായത്തില്‍നിന്നും നിന്നും പ്രത്യേക അധികാരമുള്ള കുടുംബത്തിലെ പരമ്പരാഗത കീഴ് വഴക്കങ്ങളനുസരിച്ച് പിന്തുര്‍ച്ച അവകാശങ്ങളുള്ള ആളാണ് തന്ത്രി. ശബരിമലയുടെ പൂജാകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് അവസാനത്തെ വാക്ക് തന്ത്രിയുടേതാണ്. മൂര്‍ത്തികളെ പ്രതിഷ്ഠിക്കുന്നതും തന്ത്രി കുടുംബത്തിലെ ഗുരുവാണ്.
ഠ എന്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി പ്രവര്‍ത്തിക്കുന്നത്? ഏത് വേദിക് ഗ്രന്ഥങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തനം ?
1428 എഡി യില്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ക്രോഡീകരിച്ച തന്ത്ര സമുച്ചയം എന്ന ഗ്രന്ഥത്തിലാണ് കേരളത്തിലെ ക്ഷേത്രങ്ങളുടെ നിര്‍മ്മാണം തൊട്ട് പൂജാവിധികളും കര്‍മ്മങ്ങളും വരെ പ്രതിപാദിച്ചിട്ടുള്ളത്.
ഠ തന്ത്രിക്ക് ശബരിമലയുടെ ഉടമസ്ഥാവകാശമോ മറ്റോ അവകാശപ്പെടാന്‍ സാധിക്കുമോ?
ഒരിക്കലും ഇല്ല. ആത്യന്തികമായി രാജ്യത്തെ ഭരകൂടത്തിന്റെ അധീനതയില്‍ തന്നെയാണ് ആരാധനാലയങ്ങള്‍ ഉള്ളത്. താന്ത്രിക ആചാരാനുഷ്ടാനങ്ങളുടെ അവസാനത്തെ വാക്ക്. ശബരിമലയിലെ മൂര്‍ത്തിയുടെ കാവല്‍ക്കാരന്‍ എന്നതാണ് അദ്ദേഹത്തിന്റെ അവകാശം.
ഠ പന്തളം രാജകുടുംബത്തിനുള്ള അവകാശങ്ങള്‍ എന്തൊക്കെയാണ്?
അയ്യപ്പന്‍ തന്റെ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന് ചരിത്രരേഖ. കേരളത്തില്‍ നിലനിന്നിരുന്ന ഒരു രാജവംശമാണ് പന്തളം രാജവംശം. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം പന്തളം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും നിയമപരമായി സര്‍ക്കാരിന് കൈമാറിയതാണ്. എന്നാല്‍ പന്തളം രാജകുടുംബത്തിന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേയും ശബരിമലയിലെയും ആചാരാനുഷ്ടാനങ്ങളുടെ നടത്തിപ്പും, തന്ത്രവിധികളില്‍ ഇടപെടാനായുള്ള അധികാരങ്ങള്‍ എഗ്രിമെന്റ്/കവനന്റ്
പ്രകാരം നിലനില്‍ക്കുകയും ഇപ്പോഴും നല്‍കി പോരുകയും ചെയ്യുന്നുണ്ട്.
ഠ രാജ കുടുംബത്തിനുള്ള പ്രത്യേക ആചാരങ്ങള്‍ എന്തെല്ലാമാണ് ?
നിയമപരമായി ശബരിമലയിലെ സ്വത്തുവകകളുമായോ, മറ്റ് ആസ്തികളുടെയോ നിയമപരമായ വ്യവഹാര അധികാരങ്ങള്‍ രാജകുടുംബത്തിന് ഇല്ല. ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വര്‍ണത്താല്‍ നിര്‍മ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നല്‍കിയതാണെന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന ഇവ മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും. മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.
രാജകുടുംബാംഗങ്ങളുടെ സ്വകാര്യ പ്രാര്‍ത്ഥനയ്ക്കുള്ള അമ്പലമാണ്
അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്രം. അയ്യപ്പന്റെ നിത്യ പൂജകള്‍ക്കായി രാജശേഖര രാജാവ് നിര്‍മ്മിച്ചതാണ്. കൊട്ടാര സമുച്ചയത്തിനുളളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ വിഗ്രഹത്തിന് പകരം 12 സാളഗ്രാമങ്ങളാണുളളത്. എല്ലാ വര്‍ഷവും ധനു 28ന് മകരവിളക്കിന് മുമ്പായി തുടങ്ങുന്ന ‘തിരുവാഭരണ ഘോഷയാത്ര’ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിക്കുന്നത്
പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന് പതിനെട്ടാംപടി ചവിട്ടാനുളള അനുവാദമില്ല. ഉപനയനം (പൂണൂല്‍ ധാരണം) കഴിയാത്ത ആണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ശബരിമല തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. മകരവിളക്ക് ദിവസം കൊട്ടാരത്തിലെ ഒരു അംഗവും ശബരിമലയില്‍ പോകാറില്ല. പന്തളം രാജകുടുംബാങ്ങള്‍ക്ക് ഇരുമുടികെട്ട് നിര്‍ബന്ധമല്ല. കൊട്ടാരത്തിലെ ഏതെങ്കിലും ഒരു അംഗം മരിച്ചാല്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചിടും. ശബരിമല ക്ഷേത്രത്തിലെ നടയ്ക്ക് നേരെ മുന്നില്‍ രാജ കുടുംബാംഗങ്ങള്‍ നില്‍ക്കില്ല.
1949 ല്‍ ഭരണഘടന സമിതി ഭരണഘടനാ അംഗീകരിക്കുന്നതിന് മുന്‍പായി രാജാക്കന്മാര്‍ തമ്മിലുണ്ടാക്കിയിട്ടുള്ള കവനന്റ് അഥവാ ഉടമ്പടികള്‍ ഭരണഘടന വന്നതിനു ശേഷം നിയമപരമായി നിലനില്‍ക്കില്ല. അല്ലെങ്കില്‍ രാജാക്കന്മാര്‍ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ യൂണിയനുമായി ഏര്‍പ്പെട്ട കരാര്‍ ആയിരിക്കണം. തിരുവിതാംകൂര്‍ -കൊച്ചി രാജാക്കന്മാര്‍ തമ്മിലുള്ള ഉടമ്പടി വന്നത് ഭരണഘടന അംഗീകരിക്കുന്നതിനും മുന്‍പ് 01/07/1949ന് ആയതിനാല്‍ അതൊരു കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന നിയമമോ, റൂളോ ഓര്‍ഡിനന്‍സോ ഒന്നുമല്ല ആര്‍ട്ടിക്കിള്‍ 366 (10) പ്രകാരം എക്‌സിസ്റ്റിങ് ലോ എന്ന അവകാശവാദവും ഉന്നയിക്കാന്‍ പറ്റില്ലെന്ന് കേരളു ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
ദേവ എന്ന് പറഞ്ഞാല്‍ ദൈവം, സ്വം എന്ന് പറഞ്ഞാല്‍ ഉടമസ്ഥാവകാശം ദേവസ്വം എന്ന് പറഞ്ഞാല്‍ ദൈവത്തിന്റെ ഉടമസ്ഥാവകാശം എന്ന് സംസ്‌കൃതത്തില്‍ അര്‍ഥം അപ്പോള്‍ ശബരിമല ഉള്‍പ്പെടെ ഉള്ള ക്ഷേത്രങ്ങളുടെ പൂര്‍ണ അധികാരി ദേവസ്വവും സര്‍ക്കാരുമാണ്. അവിടുത്തെ പൂജാവിധികളും താന്ത്രിക കര്‍മ്മങ്ങളില്‍ തന്ത്രിക്കും, ഉടമ്പടി പ്രകാരം ആചാരാനുഷ്ടാനങ്ങള്‍ തീരുമാനിക്കുന്നതില്‍ രാജ കുടുംബത്തിനും ചില അവകാശങ്ങള്‍ നല്‍കുന്ന കീഴ് വഴക്കങ്ങള്‍ പാലിച്ചു പോകുന്നു എന്നല്ലാതെ ഒരു അധികാരവും രാജ കുടുംബത്തിനോ തന്ത്രിക്കോ ഇല്ല.
ഠ അപ്പോള്‍ രാജകുടുംബത്തിന്റെ ആജ്ഞകള്‍ ഒന്നും നടപ്പിലാകില്ലേ ?
1949 ല്‍ ഭരണഘടന സ്വീകരിച്ച ശേഷം രാജ്യത്ത് യാതൊരു വിധ അധികാര സ്ഥാന പേരും നിലനില്‍ക്കില്ല. ആര്‍ക്കും അങ്ങനെ ഒരു രാജാവിന്റെയോ, മന്ത്രിയുടെയോ, സ്ഥാനപ്പേര് നല്കാന്‍ പാടില്ല എന്നാണ് നിയമം. അവര്‍ക്ക് ആജ്ഞാപിക്കാനോ ഉത്തരവിടാനോ, ആനുകൂല്യങ്ങള്‍ എന്തെങ്കിലും പറ്റാനോ അധികാരമില്ല. സാധാരണ പൗരനെ പോലെ എല്ലാ നിയമങ്ങളും ഭരണഘടനയും അംഗീകരിച്ചു മുന്നോട്ടു പോകണം. ക്ഷേത്രത്തില്‍ അവകാശ വാദമുന്നയിക്കാനോ, അയ്യപ്പന്റെ സ്വത്തു ക്കളില്‍ ഒരു കടുക്മണി പോലും എടുക്കാനോ, കൊള്ളയടിക്കാനോ രാജ കുടുംബത്തിനോ തന്ത്രിക്കോ സാധിക്കില്ല.
അഡ്വ ശ്രീജിത്ത് പെരുമന






