ഇറാന്‍ പ്രക്ഷോഭം കനക്കുന്നു, പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റിനു തീകൊളുത്തി സ്ത്രീകള്‍; ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചു; എല്ലാം ഇറാനിലെ ഗുരുതര കുറ്റകൃത്യങ്ങള്‍; ഇപ്പോഴും ഖമേനി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശക്തി പ്രതിഷേധങ്ങള്‍ക്ക് ഇല്ലെന്ന് യുഎസ് ഇന്റലിജന്‍സ്

ടെഹ്‌റാന്‍: ഇറാന്‍ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ച് അതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ സിഗരറ്റ് കൊളുത്തുന്നതും, പൊതുസ്ഥലത്ത് ശിരോവസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
രണ്ട് പ്രധാന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇറാനിയന്‍ നിയമപ്രകാരം പരമോന്നത നേതാവിന്റെ ചിത്രം കത്തിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. രണ്ടാമതായി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ പുകവലിക്കുന്നത് വര്‍ഷങ്ങളായി വിലക്കപ്പെട്ടതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ ഒന്നാണ്.
ഈ രണ്ട് പ്രവൃത്തികളും ഒരേസമയം ചെയ്യുന്നതിലൂടെയും, നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെയും തങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട അധികാരത്തെയും കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങളെയുമാണ് പ്രതിഷേധക്കാര്‍ വെല്ലുവിളിക്കുന്നത്. 2022ല്‍ ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധ തരംഗത്തിന്റെ തുടര്‍ച്ചയാണിത്.
മരണസംഖ്യ ഉയരുന്നതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിയിരിക്കുകയാണ്. അധികൃതര്‍ ഇന്റര്‍നെറ്റും ടെലിഫോണ്‍ ബന്ധങ്ങളും വിച്ഛേദിച്ചു. ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച ഈ പ്രതിഷേധങ്ങള്‍, 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം നിലവില്‍ വന്ന പുരോഹിത ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. രാജ്യത്തെ ആറ് ആശുപത്രികളില്‍ മാത്രമായി, ചുരുങ്ങിയത് 217 പ്രതിഷേധക്കാര്‍ മരിച്ചതായും, ഇവരില്‍ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചതെന്നും ടെഹ്റാനിലെ ഒരു ഡോക്ടര്‍ ടൈം മാഗസിനോട് പറഞ്ഞു.
എന്നാല്‍, ഈ ആഴ്ച ആദ്യം പുറത്തുവന്ന യു.എസ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പരമോന്നത നേതാവ് അലി ഖമേനിയുടെ നേതൃത്വത്തിന് ഭീഷണിയാകാന്‍ തക്കവണ്ണമുള്ള വലുപ്പം ഈ പ്രതിഷേധങ്ങള്‍ക്കില്ല എന്നാണ്. യു.എസ്. നിരീക്ഷകര്‍ സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിന് മുമ്പ് വരെ, ഭരണകൂടത്തോടുള്ള എതിര്‍പ്പ് നിലനിന്നിരുന്ന നഗരങ്ങളില്‍ മാത്രമായിരുന്നു പ്രതിഷേധങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പരമോന്നത നേതാവിന്റെ ജന്മനാടായ മഷാദ് പോലുള്ള ഭരണകൂടത്തിന്റെ ശക്തികേന്ദ്രങ്ങളിലേക്ക് പ്രതിഷേധം പടരുന്നത് വളരെ പ്രധാനപ്പെട്ട ഒരു മാറ്റമായി ഇവര്‍ വിലയിരുത്തുന്നു.
രഹസ്യാന്വേഷണ കാര്യങ്ങളില്‍ പ്രതികരിക്കാറില്ലെന്നും ഇറാന്‍ പ്രതിഷേധക്കാരെ വെടിവച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നു പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ നടപടിയിലും ഗ്രീന്‍ലാന്‍ഡ് വിലയ്ക്കോ സൈനിക ബലത്തിലോ സ്വന്തമാക്കാനുള്ള നീക്കങ്ങളിലും ട്രംപ് വ്യാപൃതനായിരിക്കുന്ന സമയത്താണ് ഇറാനില്‍ ഈ അശാന്തി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യു.എസ് നേതൃത്വത്തില്‍ ബോംബാക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ആണവ പദ്ധതി വീണ്ടും ആരംഭിക്കാന്‍ ടെഹ്റാന്‍ ശ്രമിച്ചാല്‍ ഇനിയും അത്തരം ആക്രമണങ്ങള്‍ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ഇറാനിലെ പ്രതിഷേധക്കാര്‍ സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അവിടം ഇപ്പോള്‍ വളരെ അപകടകരമായ ഒരിടമാണ്’ ട്രംപ് പറഞ്ഞു. ഇറാനിലെ ഭരണാധികാരികളെ അസ്ഥിരപ്പെടുത്താന്‍ പ്രതിഷേധങ്ങള്‍ക്ക് കഴിയുമോ എന്നു നോക്കിയതിനുശേഷം മാത്രമേ തന്റെ ഭീഷണി നടപ്പാക്കാന്‍ തീരുമാനിക്കൂ എന്ന് മിഡില്‍ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ അലക്‌സ് വതങ്ക പറഞ്ഞു.






