പെറ്റി കേസാണെങ്കില്‍ അപ്പൊ പിടിക്കും; ഇതിപ്പോള്‍ ഇന്റര്‍നാഷണല്‍ കുറ്റവാളികളല്ലേ; ഇന്ത്യന്‍ ആഭ്യന്തരവകുപ്പിനെ പരിഹസിച്ചുള്ള ലളിത് മോദിയുടെയും വിജയ് മല്യയുടെയും വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനം; മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി: ചെറിയ വല്ല കേസാണെങ്കില്‍ നമ്മടെ പോലീസ്, കേരള പോലീസല്ല ഇന്ത്യന്‍പോലീസ് വേഗം പിടിക്കും. പക്ഷേ ഇത് അങ്ങനെയല്ലല്ലോ..പിടിക്കേണ്ടത് രണ്ട് ഇന്റര്‍നാഷണല്‍ കുറ്റവാളികളെയല്ലേ…അതും മുകളില്‍ വേണ്ട പിടിപാടുള്ളവര്‍. അവര്‍ എവിടെയോ ഇരുന്ന് വീഡിയോയിലൂടെ തങ്ങളെ പിടിക്കാന്‍ പറ്റിയില്ലല്ലോ എന്ന് വീമ്പു പറയുമ്പോള്‍ ഇന്ത്യന്‍ പോലീസിന് നാണക്കേട് കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ അവരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ പോലീസ്.
വന്‍ സാമ്പത്തിക കുറ്റവാളികളായ ലളിത് മോദിയും വിജയ് മല്യയും വീഡിയോയില്‍ വീമ്പു പറയുന്നത് കേട്ട് മോദി സര്‍ക്കാരിന് നാണക്കേട് കുറച്ചൊന്നുമല്ല ഉണ്ടായിരിക്കുന്നത്.
മറ്റും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു. അടുത്തിടെ വിജയ് മല്യയുടെ 70ാം പിറന്നാളാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് ലളിത്മോദി ഞങ്ങള്‍ കുറ്റവാളികളാണ്. ഇന്ത്യയിലെ വലിയ രണ്ട് കുറ്റവാളികള്‍ എന്ന് പരിഹാസത്തോടെ ഉറക്കെ വിളിച്ചുപറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വളരെ നാണക്കേടാണെന്ന് പരക്കെ അഭിപ്രായമുണ്ടായി.
ലളിത് മോദിയുടെ പരിഹാസം സംബന്ധിച്ച് വിദേശമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലും ചോദ്യമുയര്‍ന്നു.
നാടുവിട്ട സാമ്പത്തിക കുറ്റവാളികളെ തിരിച്ചുകൊണ്ടുവരുന്നത് സങ്കീര്‍ണ നിയമപ്രക്രിയ ആവശ്യമായ കാര്യമാണെന്നായിരുന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ മറുപടി.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ട ശേഷം വിദേശത്തേക്കു കടന്നുകളഞ്ഞവരെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ ഉള്‍പ്പടെ 9000 കോടിയുടെ തട്ടിപ്പ് നടത്തിയാണ് വിജയ്മല്യ ഇന്ത്യ വിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഉദാസീന നിലപാടാണ് മല്യക്ക് യുകെയിലേക്ക് ചേക്കേറാന്‍ സഹായകമായതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഐപിഎല്ലിന്റെ ആദ്യ ചെയര്‍പേഴ്സണായിരുന്ന ലളിത് മോദിയുടെ പേരിലും നിരവധി സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസുകളുണ്ട്.
ചെറിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ വരെ സാധാരണക്കാരുടെ വീടും കിടപ്പാടവു ജപ്തിചെയ്യാനെത്തുന്നവര് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയവരെ പിടികൂടാന്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് പരിഹാസവീഡിയോ ഇന്ത്യയ്ക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കിയത്. പോലീസിനോ ഇന്റലിജന്‍സിനോ പിടികൂടാന്‍ സാധിക്കാത്ത സ്ഥിതിക്ക് ഇനിയെന്ത് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വഴിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ആര്‍ക്കുമില്ല.






