അപ്പോള്‍ ഈ ഫോട്ടോയോ; ഇതിലും ദുരൂഹത തോന്നണ്ടേ; പോറ്റി കടകംപള്ളിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഷിബു ബേബി ജോണ്‍; ഷിബു പങ്കുവെച്ചത് രണ്ടു ചിത്രങ്ങള്‍; ചിത്രത്തിലൊന്നില്‍ ഒരു പോലീസുകാരനും

കൊല്ലം: ചിത്രങ്ങള്‍ വിവാദങ്ങളായി മാറിക്കൊണ്ടിരിക്കെ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട എ ഐ ചിത്രം ഷെയര്‍ ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെതിരെ കേസെടുത്തതിന്റെ പിന്നാലെയാണ് ഷിബു ബേബി ജോണ്‍ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ദേവസ്വം വകുപ്പ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ കുറിപ്പു സഹിതം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
പോറ്റി സോണിയാഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നുണ്ടെങ്കില്‍ ഈ ചിത്രത്തിനും ദുരൂഹത തോന്നണ്ടേ എന്നാണ് ഷിബുവിന്റെ ചോദ്യം. ചിത്രങ്ങളിലൊന്നില്‍ ഒരു പോലീസ് വേഷധാരിയുമുണ്ട്.
ഈ ചിത്രങ്ങള്‍ നേരത്തെ തന്റെ കയ്യില്‍ ഉണ്ടായിരുന്നതാണെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ പങ്കുവെച്ചിട്ടുള്ളത്. അതിലൊന്നില്‍, കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരു പോലീസ് വേഷധാരിയും മറ്റൊരാളും ഇരിക്കുന്നത് കാണാം. ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധമെന്നും ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.
ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ചിത്രങ്ങള്‍ നേരത്തെ എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയില്‍ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാല്‍ ഒരാളെയും ശബരിമലയില്‍ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തില്‍ പോറ്റിക്കൊപ്പം നില്‍ക്കുന്ന മഹാന്‍ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വര്‍ണ്ണം പമ്പ കടന്നുപോയത്. ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മില്‍ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതില്‍ യാതൊരു ദുരൂഹതയും തോന്നാത്തത്?






