Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഗുരുതര ആരോപണത്തില്‍ അന്വേഷണമില്ല; ഡിസിസി പ്രസിഡന്റിന് എതിരേ കോഴ ആരോപണം ഉന്നയിച്ച തൃശൂര്‍ കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍; രാത്രി വൈകി അസാധാരണ നടപടി; നിജിക്കായി ഓപ്പറേഷന്‍ കുഴല്‍നാടനെന്ന് പ്രവര്‍ത്തകര്‍

തൃശൂര്‍: കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങളുന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തേ, ലാലിക്കെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. മേയര്‍ സ്ഥാനാര്‍ഥിക്കു പെട്ടി കൊടുക്കണമെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയാകാനും പെട്ടി കൊടുക്കണ്ടേയെന്നും നാലുതവണ മത്സരിച്ച ലാലി ആര്‍ക്കാണു പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം, കൗണ്‍സില്‍ അഭിപ്രായം എല്ലാം മാനിച്ചാണു നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. എല്ലാ മാനദണ്ഡവും പാലിച്ചെന്നും ടാജറ്റ് പറഞ്ഞു.

Signature-ad

കോര്‍പറേഷന്‍ മേയര്‍ സീറ്റിനു പണം വാങ്ങിയെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിയുണ്ടായാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ലാലി ജെയിംസ് പറഞ്ഞിരുന്നു. ദീപാദാസ് മുന്‍ഷിയും കെ.സി. വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ചുകൊടുക്കുകയാണെങ്കില്‍ താഴെത്തട്ടില്‍ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിനു തുല്യമാണ്. അച്ചടക്കം പഠിപ്പിക്കാന്‍ വരുന്നവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന രാജന്‍ ജെ. പല്ലന്റെ കാര്യങ്ങളിലടക്കം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. പല്ലന്‍ പാര്‍ട്ടിക്കുവേണ്ടിയല്ല, സ്വന്തം ഉയര്‍ച്ചയ്ക്കായാണു നില്‍ക്കുന്നത്. അദ്ദേഹത്തെ നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ എന്നെ ബലിയാടാക്കിയെന്നും ലാലി പറഞ്ഞു.

മേയര്‍ സ്ഥാനത്തിനായി നേതൃത്വം പണം വാങ്ങിയെന്ന കടുത്ത ആരോപണങ്ങളുമായി ലാലി ജെയിംസ് രാവിലെ രംഗത്തുവന്നിരുന്നു. കടുത്ത നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയതോടെയാണു ലാലിയും നിലപാടു കടുപ്പിച്ചത്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നാണു ജനം പറയുന്നത്. പണം ഇല്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തഴഞ്ഞെന്നും ലാലി പറഞ്ഞു.

 

ലാലിയുടെ വാക്കുകള്‍

മൂന്നു ദിവസം മുമ്പേ ഇപ്പോള്‍ മേയറായിട്ടുള്ളയാള്‍ ഭര്‍ത്താവിനൊപ്പം പെട്ടിയുമായി ഓടുന്നെന്നു ജനം പറഞ്ഞത്. എന്തു പെട്ടിയാണെന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ കൈയില്‍ പണമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. പണം മാനദണ്ഡമാകുകയാണെങ്കില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മേയര്‍ സ്ഥാനത്തേക്കു മുന്നില്‍ ഞാന്‍ തന്നെയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനമാണു കാഴ്ചവച്ചത്.

ഞാനൊരു വിധവയാണ്. അര്‍ഹതപ്പെട്ട മേയര്‍ പദവി രണ്ടുദിവസം മുമ്പ് വിറ്റെന്നാണു പറയുന്നത്. മേയറാക്കില്ലെന്ന് അറിഞ്ഞപ്പോള്‍ തേറമ്പില്‍ രാമകൃഷ്ണനെ കണ്ടിരുന്നു. മകള്‍ തേറമ്പിലിനോടു വേദനയോടെ സംസാരിക്കുന്നതു കേട്ടു ചങ്കു പിടഞ്ഞുപോയി. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും തന്റെ പേരാണു പറഞ്ഞത്. എന്നിട്ടും തഴയുകയായിരുന്നു. ഒരു വര്‍ഷമെങ്കിലും മേയറാക്കുമോ എന്നു ചോദിച്ചു. ഇടയ്ക്കു ഒരുവര്‍ഷം നല്‍കാമെന്നു പറഞ്ഞു. അതെനിക്കു വേണ്ട.

മൂന്നു ദിവസംമുമ്പ് ഡിസിസിയിലേക്കു വിളിപ്പിച്ചിരുന്നു. എം.പി. വിന്‍സെന്റ്, ടി.എന്‍. പ്രതാപന്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരുണ്ടായിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ ടേമിലേക്കു മേയര്‍ പദവി തന്നാല്‍ അംഗീകരിക്കുമോ എന്നു ചോദിച്ചു. ആദ്യ ഒരുവര്‍ഷം തന്നിട്ട് ബാക്കി നാലുവര്‍ഷം ഒരാള്‍ക്കു കൊടുത്തോളൂ എന്നാണു മറുപടി പറഞ്ഞത്. തൃശൂര്‍ നഗരത്തിന്റെ വികസനത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെടുന്നതാണു മേയര്‍ പോസ്റ്റെന്നും അത് ഒരോ വര്‍ഷവും മാറിപ്പോകേണ്ടതല്ലെന്നുമാണ് അറിയിച്ചത്- ലാലി പറഞ്ഞു.

അതേസമയം, ലാലിക്കു മേയര്‍ സ്ഥാനം ഉറപ്പിച്ച ശേഷം അവസാന നിമിഷത്തെ അട്ടിമറി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍വഴിയെന്നു സൂചന. കെ.സി. വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി എന്നിവരും സമ്മര്‍ദം ചെലുത്തി. മേയര്‍ തെരഞ്ഞെടുപ്പില്‍ സമവായത്തിനു പകരം എന്തുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ അസാധാരണമായ തരത്തില്‍ ഇടപെട്ടെന്ന ചോദ്യം ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: