Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ലാലൂരിന്റെ ലാലി ഇന്ന് വെളിപ്പെടുത്താൻ പോകുന്നത് എന്താകും : തൃശ്ശൂരിലെ വോട്ടർമാരും കോൺഗ്രസ്സും ആകാംക്ഷയോടെ കാത്തിരിക്കുന്നു : നേതൃത്വത്തിനെതിരെ ഇനിയും ആഞ്ഞടിക്കലുകൾ ഉണ്ടാകുമെന്ന് സൂചന : ലാലി കൗൺസിലർ സ്ഥാനം രാജിവയ്ക്കുമോ എന്ന് ചോദ്യമുയരുന്നു: തൃശ്ശൂർ കോൺഗ്രസിനകത്ത് പുതിയ കലാപക്കൊടി 

തൃശൂർ: സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് ലാലി ജെയിംസ് തൃശൂർ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുമോ എന്ന് ചോദ്യത്തിന് ഉത്തരം കിട്ടാൻ കാത്തിരിക്കുകയാണ് തൃശൂർക്കാരും പ്രത്യേകിച്ച് ലാലൂർ നിവാസികളും.

തൃശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ നിന്നാണ് ലാലി ജെയിംസ് വിജയിച്ചത്.

Signature-ad

ലാലി ഇന്ന് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ തെളിവ് സഹിതം പുറത്തുവിടുമെന്നാണ് സൂചന. ഇത് വീണ്ടും നേതൃത്വത്തിനെതിരെയുള്ള ആക്രമണം ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ലാലി ജെയിംസ് മേയർ ആകുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്ന് ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി നേതൃത്വത്തിനെതിരെ ലാലി ജയിംസ് പരസ്യമായി രംഗത്ത് വന്നിരുന്നു.

കോർപറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടതായി ലാലി ജയിംസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ വലിയ വിവാദമായതിന് തൊട്ടു പിന്നാലെയാണ് സസ്പെൻഷൻ.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

 

ആരോപണങ്ങൾ പാർട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചപ്പോൾ തന്നെ ലാലിക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമായ സൂചന ഉണ്ടായിരുന്നു.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെയിംസ്‌ പണപ്പെട്ടിയുമായി കോൺഗ്രസ്‌ നേതാക്കളെ കണ്ടെന്നും പണമില്ലാത്തതിനാലാണ്‌ താൻ തഴയപ്പെട്ടതെന്നും ലാലി ആരോപിച്ചിരുന്നു. നിജി ജസ്‌റ്റിന്റെ സ്ഥാനമാനങ്ങളാണ് നേതൃത്വം ഇപ്പോൾ പറയുന്നത്. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് ചോദിക്കുന്നുണ്ട്. പാർട്ടി തന്നെ തഴഞ്ഞതിൽ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചിരുന്നു.

 

പാർട്ടിയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി താൻ സമരമുഖത്ത് സജീവമാണ്. ആദ്യ ടേമിലെങ്കിലും മേയറാകണമെന്ന് ആ​ഗ്രഹം പറഞ്ഞെങ്കിലും പാർട്ടി അത് നിഷേധിച്ചുവെന്നും ലാലി വ്യക്തമാക്കി. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും തൻ്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകില്ലെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും ലാലി പറഞ്ഞിരുന്നു. നാല് തവണ കൗൺസിലറായി വിജയിച്ച ലാലി ജെയിംസിൻ്റെ പേര് കൗൺസിലർ സ്ഥാനത്തേയ്ക്ക് നേരത്തെ ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഡോ. നിജി ജസ്റ്റിനെയാണ് കോൺ​ഗ്രസ് മേയർ സ്ഥാനത്തേയ്ക്ക് പരി​ഗണിച്ചത്. ഇതിന് പിന്നാലെയാണ് ​ഗുരുതര ആരോപണവുമായി ലാലി ജെയിംസ് രംഗത്തെത്തിയത്.

 

 

പാർട്ടി സസ്പെൻഡ് ചെയ്ത ലാലി ജെയിംസ് കൗൺസിലർ സ്ഥാനം വേണ്ടെന്നുവെക്കുകയാണ് ചെയ്യേണ്ടതെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ സസ്പെൻഷൻ അച്ചടക്ക നടപടിയാണെന്നും ഏതൊരു പാർട്ടി പ്രവർത്തകനും പ്രവർത്തകയും അച്ചടക്ക നടപടികൾക്ക് അതീതരല്ലെന്നും സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ പാർട്ടിയിലേക്ക് തിരിച്ചുവരികയാണ് സാധാരണ ചെയ്യാറുള്ളതെന്നും നേതാക്കളിൽ ചിലർ പറഞ്ഞു.

 

പാർട്ടി സമരമുഖത്ത് എന്നും ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി നിറഞ്ഞു നിൽക്കുന്ന മുഖമാണ് ലാലി ജെയിംസിന്റെത്. പണമില്ലാത്തതിന്റെ പേരിൽ തനിക്ക് മേയർ സ്ഥാനം നഷ്ടപ്പെട്ടു എന്ന് തുറന്നടിച്ച ലാലി ജെയിംസ് തനിക്കെതിരെ നടപടി ഉണ്ടായാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

തെളിവ് സഹിതം ആയിരിക്കും ഇനിയുള്ള കാര്യങ്ങൾ തുറന്നു പറയാൻ പോകുന്നതെന്നും ലാലി ഓർമ്മിപ്പിച്ചിട്ടുണ്ട്.

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ ഏറ്റ കനത്ത പരാജയത്തെ തുടർന്ന് കലുഷിതമായിരുന്ന തൃശൂർ ഡിസിസി ഒന്നാറിത്തണുത്ത് വരുമ്പോഴാണ് ലാലിയുടെ തുറന്നടിക്കലും വെളിപ്പെടുത്തലും തൃശൂർ കോൺഗ്രസിൽ പുതിയ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ലാലിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: