ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ ദുരന്തം; നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി സ്ലീപ്പര്‍ ബസ് കത്തി; ചിത്രദുര്‍ഗയില്‍ 17 പേര്‍ മരിച്ചു; റോഡിലെ ഡിവൈഡറിനു മുകളിലൂടെ നിയന്ത്രണം വിട്ട് എതിര്‍ റോഡിലേക്ക് പാഞ്ഞുവന്ന ലോറി ബസ്ിനെ ഇടിച്ചു തകര്‍ത്തു

ബംഗളുരു: ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ദുരന്തം.
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കണ്ടെയ്‌നര്‍ ലോറി സ്ലീപ്പര്‍ ബസില്‍ വന്നിടിച്ച് 17 പേര്‍ മരിച്ചു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്ലീപ്പര്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ച് പതിനേഴു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണത്തേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന 29 യാത്രക്കാരില്‍ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ചിത്രദുര്‍ഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേര്‍ തീപിടിച്ച ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല.
റോഡിനു നടുവിലുള്ള ഡിവൈഡറിനു മുകളിലൂടെയാണ് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറുവശത്തെ റോഡില്‍ നിന്നും ബസ് കടന്നുപോയിരുന്ന റോഡിലേക്ക് പാഞ്ഞുവന്ന് ഇടിച്ചു കയറിയത്. റോഡിലെ സെന്‍ട്രല്‍ ഡിവൈഡറിലേക്കാണ് ലോറി ആദ്യം പാഞ്ഞുകയറിയത്. നിയന്ത്രണം നഷ്്ടപ്പെട്ടതോടെ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പര്‍ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. രക്ഷപ്പെട്ടവര്‍ക്ക് പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിനകത്ത് എത്രപേരുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് കൃത്്യം കണക്ക് കിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനങ്ങളില്‍ പോലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ശക്തിയും തുടര്‍ന്നുണ്ടായ തീപിടുത്തവും കാരണം ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. ചിത്രദുര്‍ഗ പോലീസ് സൂപ്രണ്ട് രഞ്ജിത്ത് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നു. ഹിരിയൂര്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.






