സിനിമാപോസ്റ്ററല്ല ആരോഗ്യമന്ത്രിയുടെ പോസ്റ്റ്; എന്തൊക്കെയോ അതിലുണ്ട്; ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പോസ്റ്റിട്ട് മന്ത്രി വീണ ജോര്‍ജ്; കവി ഉദ്ദേശിച്ചതും മന്ത്രി ഉദ്ദേശിച്ചതും എന്താണ്; എക്കോ സിനിമ പോലെ ദുരൂഹമായ പോസ്്റ്റ്

തിരുവനന്തപുരം: സോഷ്യല്‍മീഡിയ കൂലങ്കുഷമായി ചര്‍ച്ച ചെയ്യുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇട്ട ആ ദുരൂഹ പോസ്റ്റിനെക്കുറിച്ച്. പലതും പറയാനുള്ളതിന്റെയും പുറത്തുവരാനിരിക്കുന്നതിന്റെയും സൂചനകള്‍ ഉള്ളിലൊളിപ്പിച്ചാണ് വീണ ജോര്‍ജ് പോസ്്റ്റിട്ടിരിക്കുന്നത്.
പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുള്‍ അഴിയുമോ?- എന്നാണ് മന്ത്രിയിട്ട പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നല്‍കാതെ മൂന്നേമൂന്ന് വാചകങ്ങള്‍ മാത്രമാണ് ഈ പോസ്്റ്റിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചയാണുണ്ടായിരിക്കുന്നത്.
പോസ്റ്റിനു താഴെ കമന്റുകളും സംശയങ്ങളും ചോദ്യങ്ങളും നിറയുകയാണ്. എന്തിനെക്കുറിച്ചുള്ളതാണ് മന്ത്രിയുടെ പോസ്‌റ്റെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഏതു സത്യത്തിന്റെ പൊരുളാണ് അഴിയേണ്ടതെന്നും ആളുകള്‍ക്കറിയണം.
കൂടുതല്‍ പേരും സൂചിപ്പിച്ചിട്ടുള്ളത് ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ചാണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത് എന്നാണ്. ഇതിലെ ചില സത്യങ്ങളും വെളിപ്പെടുത്തലുകളും അടുത്ത ദിവസം പുറത്തുവരുമെന്നും പലരും സംശയിക്കുന്നു.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെ പോസ്റ്റെന്നതുകൊണ്ടു തന്നെ സ്വര്‍ണക്കൊള്ളയാണ് ആ സത്യവിഷയമെന്ന് ആളുകള്‍ കരുതുന്നു. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഗോവര്‍ധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.
സ്വര്‍ണക്കൊള്ളക്കേസില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളോ സത്യങ്ങളോ കയ്യില്‍ വന്നതുകൊണ്ടാണോ ഒരു ടീസര്‍ പോലെ മന്ത്രി ഇങ്ങനെ വാലുംതുമ്പുമില്ലാത്ത ഒരു പോസറ്റിട്ടത് എന്നാണ് നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന എക്കോ സിനിമ പോലെ ദുരൂഹമാണല്ലോ മന്ത്രിയുടെ പോസ്‌റ്റെന്നും കമന്റ് ചെയ്തവരുണ്ട്. എന്തായാലും മന്ത്രിയുടെ പോസ്റ്റിനെ ഊഹിച്ചെടുത്ത് പൂരിപ്പിച്ച് അര്‍ത്ഥങ്ങളും വ്യഖ്യാനങ്ങളും നല്‍കുന്ന തിരക്കിലാണ് ക്രിസ്മസ് ആഘോഷത്തിനിടയിലും ആളുകള്‍.






