എട്ട് സൂപ്പര്‍ ഹിറ്റുകള്‍; ഏഴ് ഹിറ്റുകള്‍; നഷ്ടം 360 കോടി; മലയാള സിനിമയുടെ കണക്കുകള്‍ പുറത്ത്; ലോക നമ്പര്‍ വണ്‍; ഹിറ്റുകളുടെ പട്ടികയില്‍ ദിലീപ് ചിത്രവും

കൊച്ചി: 2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 8 സൂപ്പര്‍ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്‌സോഫീസില്‍ തിളങ്ങിയത്. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട കണക്കില്‍ പറയുന്നു.
ലോക, തുടരും, എമ്പുരാന്‍, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പര്‍ ഹിറ്റുകള്‍. കളങ്കാവല്‍, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, പൊന്മാന്‍, പടക്കളം, ബ്രോമന്‍സ് എന്നിവയാണ് ഈ വര്‍ഷത്തെ 7 ഹിറ്റുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വര്‍ഷം കൂടിയാണ് 2025.
കലക്ഷനില്‍ ഒന്നാമത് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകയാണ്. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലാണ് ബോക്‌സോഫീസ് താരം. അതേ സമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളെന്നും ഫിലിം ചേംബര്‍. സിനിമാമേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സമരപരിപാടികള്‍ക്കും ഫിലിം ചേംബര്‍ തുടക്കമിട്ടിട്ടുണ്ട്.
കെഎസ്എഫ്ഡിസി തിയേറ്ററുകള്‍ക്ക് ജനുവരി മുതല്‍ സിനിമ നല്‍കില്ലെന്നാണ് ഫിലിം ചേംബര്‍ തീരുമാനം. പത്ത് വര്‍ഷമായി തുടരുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ഉണ്ടാകുമെന്നും ചേംബര്‍ പ്രഖ്യാപിച്ചു.






