Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്; അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്; ഭരണം കിട്ടിയപ്പോള്‍ അധികാര സ്ഥാനത്തിനായി വടംവലി; നേതൃത്വത്തില്‍ അടി; മതവും ജാതി സമവാക്യങ്ങളും നുഴഞ്ഞു കയറി കോണ്‍ഗ്രസ്; കേരളത്തിലെ ഏറ്റവും മികച്ച നഗരത്തെ കുട്ടിച്ചോറാക്കുമോ ഇവര്‍?

കൊച്ചി: മേയര്‍ പദവി വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ദീപ്തി പ്രതികരിച്ചു. കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങ്ങും നടന്നില്ല. ഒന്നിലധികം ആളുകള്‍ വന്നാല്‍ കെപിസിസിക്ക് വിടണമെന്നായിരുന്നു നിര്‍ദേശമെന്നും ദീപ്തി പറയുന്നു.

തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറഞ്ഞത് അനുസരിച്ചു. തീരുമാനം മാറിയത് എന്തുകൊണ്ട് എന്നറിയില്ല. പ്രതിപക്ഷനേതാവിനോട് പരിഭവവും, പരാതിയുമില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പുതിയ മേയര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.

Signature-ad

അതേസമയം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനം എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോളും മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആദ്യ രണ്ടര വര്‍ഷമായിരിക്കും വി.കെ.മിനിമോള്‍ മേയറാകുക. പിന്നീട് ഷൈനി മാത്യു മേയറാകും. ഡപ്യൂട്ടി മേയര്‍പദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാര്‍ രണ്ടരവര്‍ഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും.

പാലാരിവട്ടം ഡിവിഷനില്‍നിന്നാണ് മിനിമോള്‍ ജയിച്ചത്. ഫോര്‍ട്ട്‌കൊച്ചി ഡിവിഷനില്‍നിന്നാണ് ഷൈനി മാത്യു ജയിച്ചത്. സ്റ്റേഡിയം ഡിവിഷന്‍ കൗണ്‍സിലറാണ് ദീപ്തി. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്‍ഗീസിന്റെ പേരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. നേരത്തേ കറുകപ്പള്ളി കൗണ്‍സിലറായിരുന്ന ദീപ്തി മേരി വര്‍ഗീസ് ജനറല്‍ വാര്‍ഡ് ആയതോടെ, മണ്ഡലപുനര്‍നിര്‍ണയത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട കലൂര്‍ സ്റ്റേഡിയം ഡിവിഷനിലേക്ക് ചുവടു മാറ്റുകയായിരുന്നു.

കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ലാറ്റിന്‍ കത്തോലിക്കരില്‍നിന്ന് ആയതിനാല്‍ ക്രിസ്ത്യാനിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എല്ലാ ജാതിമത സമവാക്യങ്ങളും നോക്കുമ്പോള്‍ ഭരണം എങ്ങനെയാകുമെന്ന ആശങ്കയുമുണ്ട്. നിലവില്‍ കോര്‍പറേഷനെ നയിക്കാന്‍ പാകത്തിലുള്ളവര്‍ അധികാരത്തില്‍ എത്തണമെന്ന ആവശ്യവുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച നഗരത്തെ കുട്ടിച്ചോറാക്കരുതെന്ന അഭ്യര്‍ഥനയും ചിലര്‍ മുന്നോട്ടു വയ്ക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: