എറണാകുളത്തിനു പുറമേ തൃശൂര്‍ കോര്‍പറേഷനിലും സാമുദായിക സമവാക്യ പ്രതിസന്ധി; ക്രിസ്ത്യാനിയെ മേയറാക്കണമെന്ന് ഒരു വിഭാഗം; നിയമസഭയിലേക്ക് ക്രിസ്ത്യാനിയെ നിര്‍ത്താന്‍ ഹിന്ദുവിനെ മേയറാക്കണമെന്ന് മറ്റൊരു വിഭാഗം; ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്, സുബി ബാബു എന്നിവരുടെ പേരുകള്‍ അവസാന ലാപ്പില്‍; പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍

തൃശൂര്‍: എറണാകുളം കോര്‍പറേഷനു പിന്നാലെ സാമുദായിക സമവാക്യത്തിലും നേതാക്കളുടെ താത്പര്യങ്ങളിലുംതട്ടി തൃശൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനത്തിലും അനിശ്ചിതത്വം. ഏറ്റവും അവസാനം തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലാലൂരില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറില്‍നിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്.
ആദ്യഘട്ടത്തില്‍ സുബി ബാബുവും രണ്ടാം ഘട്ടത്തില്‍ ലാലി ജെയിംസിനെയും പരിഗണിക്കാനായിരുന്നു ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഡോ. നിജി ജസ്റ്റിന്റെ പേരും ഉയര്‍ന്നെങ്കിലും അനുഭവ പരിചയക്കുറവ് പ്രതിസന്ധിയായി.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു സിവില്‍ സ്റ്റേഷന് ഡിവിഷനില്‍നിന്നു വിജയിച്ച എ. പ്രസാദ്, മിഷന് ക്വാര്‍ട്ടേഴ്സ് ഡിവിഷനില്‍നിന്നു വിജയിച്ച ബൈജു വര്‍ഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചത്.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്റെ ചുമതലയുണ്ടായിരുന്ന റോജി ജോണ്‍ എംഎല്‍എയുടെ നിര്‍ദേശം അനുസരിച്ച് ലാലിയും നിജി ജസ്റ്റിനും അവസാന ലാപ്പിലേക്കു കയറി. രണ്ടാം ഘട്ടത്തില്‍ സുബി ബാബുവിനെയും പരിഗണിക്കുമെന്നു കരുതുന്നു.
ക്രിസ്ത്യാനിയെ ആദ്യം പരിഗണിക്കണമെന്ന ആവശ്യം തൃശൂര്‍ അതിരൂപത മുന്നോട്ടുവച്ചെങ്കിലും നിയമ സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനിയെ പരിഗണിക്കുമെന്നതു കണക്കിലെടുത്ത് രണ്ടാം ഘട്ടത്തില്‍ മേയറായി ക്രിസ്ത്യാനിയെ വച്ചാല്‍ മതിയെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

എറണാകുളം കോര്‍പറേഷനില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളയാളെ മേയറായി പരിഗണിക്കുന്നതിനാല്‍ തൃശൂരില്‍ ഹൈന്ദവ വിഭാഗത്തില്‍നിന്നുള്ളയാള്‍ വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞവട്ടം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള എം.കെ. വര്‍ഗീസ്, എം.എല്‍. റോസി എന്നിവരായിരുന്നു എന്ന വാദവും ഇവര്‍ ഉയര്‍ത്തി. കോര്‍പറേഷനില്‍ സീറ്റ് വിഭജനത്തിനു നേതൃത്വം വഹിച്ച തേറമ്പില്‍ അടക്കമുള്ളവര്‍ സുബി ബാബുവിനുവേണ്ടിയാണു വാദിക്കുന്നത്. കെ.സി. വേണുഗോപാല്‍ വിഭാഗവും ഹിന്ദുവായയാള് വേണമെന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍, ഐ ഗ്രൂപ്പ് നേതാക്കള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനുവേണ്ടിയും ആവശ്യമുന്നയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം ജനുവരിയില്‍തന്നെ നടത്തി പ്രചാരണത്തില്‍ മുന്‍തൂക്കം നേടാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളയള്ക്കു പ്രഥമ പരിഗണന നല്കിയാല് മേയറായി സുബി ബാബുവിനു നറുക്കു വീഴും. രണ്ടാം ഘട്ടത്തില്‍ ലാലിയെയും പരിഗണിക്കും.

എന്നാല്‍, കൗണ്‍സിലറെന്ന നിലയിലുള്ള അനുഭവ സമ്പത്താണു ലാലിയുടെ മേന്മ. സാമുദായിക പരിഗണനയും പാര്‍ട്ടിയിലെ സ്ഥാനവും കണക്കാക്കി ഡോ. നിജി ജസ്റ്റിന്റെ പേര് ഉയര്‍ന്നെങ്കിലും പരിചയക്കുറവാണ് തടസം. മുക്കാട്ടുകരയില്‍നിന്നു വിജയിച്ച ശ്യാമള മുരളീധരന്, അഡ്വ. വില്ലി ജിജോ എന്നിവരുടെ പേരുകളും ഒരുഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
തൃശൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് തൃശൂര്‍ മുന്‍ മേയര്‍ രാജന് ജെ. പല്ലന്, സന്ദീപ് വാര്യര്‍, യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍, മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവരാണു രംഗത്തുള്ളത്. രാജന് പല്ലനെ സ്ഥാനാര്‍ഥിയാക്കണമെങ്കില്‍ ഹിന്ദുവായ മേയര്‍ വരണം. അതല്ല, രാജന് മത്സരിച്ചു ജയിച്ചെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഹിന്ദു മേയറെ കൊണ്ടുവരികയെന്ന ഫോര്‍മുലയുമുണ്ട്. മേയര്‍ നിര്‍ണയം കുഴപ്പത്തിലായതോടെ പന്ത് കെപിസിസിയുടെ കോര്‍ട്ടിലാണിപ്പോള്‍. ഇവര്‍ സാമുദായിക സമവാക്യങ്ങള്‍ നോക്കി പ്രഖ്യാപനം നടത്തുമെന്നാണു കരുതുന്നത്.
26ന് രാവിലെ 10.30ന് ആണു മേയറെ തെരഞ്ഞെടുക്കുക. ക്രിസ്മസ് ദിനമായ 25ന് കൗണ്‍സിലര്‍മാര്‍ക്കു വിപ്പ് നല്‍കും. ഇതിനുള്ളില്‍ മേയര്‍ ആരെന്നതില്‍ തീരുമാനമെടുക്കണം. ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മികച്ചയാള്‍ക്ക് അപ്പുറം സാമുദായിക സമവാക്യങ്ങള്‍ ഇനിയങ്ങോട്ടു കോണ്‍ഗ്രസിനെ വലയ്ക്കുമെന്നു വ്യക്തം.






