Breaking NewsIndiaLead NewsNEWSNewsthen Specialpolitics

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധം കൂസാതെ വി.ബി.ജി റാം ജി ബില്ല് ലോക്‌സഭ പാസാക്കി; ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നീക്കം

 

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ ലോക്‌സഭയില്‍ വി.ബി.ദജി റാം ജി ബില്ല് പാസാക്കി.

Signature-ad

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍) ബില്ല് കനത്ത പ്രതിഷേധക്കൊടുങ്കാറ്റിനിടെയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചു കീറിയെറിഞ്ഞു.

സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മുമ്പ് കോണ്‍ഗ്രസ് ഓരോ നിയമങ്ങള്‍ക്കും നെഹ്‌റുവിന്റെ പേരു മാത്രമാണ് നല്‍കിയിരുന്നതെന്നും അവരാണ് ഇപ്പോള്‍ പുതിയ ബില്ലിനെ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിമര്‍ശിച്ചു.

ലോക്‌സഭയില്‍ പാസാക്കിയ ബില്ല് രാജ്യസഭയില്‍ വെച്ചിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ബില്ല് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. നേരത്തേ തൊഴിലുറപ്പ് പദ്ധതിയുടെ നൂറുശതമാനം വിഹിതവും നല്‍കിയിരുന്നത് കേന്ദ്രസര്‍ക്കാറായിരുന്നു. എന്നാല്‍ പുതിയ ബില്ലില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും 10 ശതമാനവും മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 40 ശതമാനവും ബാധ്യത വരും. അതുപോലെ തൊഴിലുറപ്പു ദിനങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 125 ആയി ഉയര്‍ത്തിയിട്ടുമുണ്ട്. പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലുറപ്പു പദ്ധതി അടിമുടി പൊളിച്ചെഴുതുന്നതാണ് പുതിയ ബില്ല്.

ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷക തൊഴിലാളി യൂനിയനുകളുടെ തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: