സിപിഎമ്മിന് ഷോക്ക് കൊടുത്ത് വെള്ളാപ്പള്ളി; ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്തി പരാമര്‍ശം; വിളയാതെ ഞെളിയരുത്; നന്നായി പെരുമാറണം; ആര്യയ്ക്ക് ധാര്‍ഷ്ഠ്യവും അഹങ്കാരവും; പെരുമാറ്റ ദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി

തിരുവനന്തപുരം: സിപിഎമ്മിന് ഷോക്ക് കൊടുത്ത് എസ്എന്‍ഡിപപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം നടത്തി.
ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേര്‍ത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വിളയാതെ ഞെളിയരുതെന്ന ഉപദേശവും ആര്യയ്ക്ക് വെള്ളാപ്പള്ളി നല്‍കി.
ആര്യ രാജേന്ദ്രനെ വെള്ളാപ്പള്ളി ഇത്രയും രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയതില്‍ സിപിഎമ്മിനകത്ത് തന്നെ എതിര്‍പ്പുണ്ടായിട്ടുണ്ട്. സിപിഎം പോലും ആര്യയെ സംരക്ഷിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ആര്യക്കെതിരായ ആരോപണങ്ങളെ തള്ളുകയും ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളാപ്പള്ളി ആര്യക്കെതിരെ രംഗത്തെത്തിയത്.
എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടായി എന്ന് കരുതി മുങ്ങി പോയെന്നല്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബിഡിജെഎസ് മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നും അതില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും അവര്‍ ആലോചിച്ച് തീരുമാനിക്കട്ടെയെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്.
ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നടന്നു കാല് തേഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല. ഇടത് പക്ഷത്തുള്ളവര്‍ക്ക് എന്തൊക്കെ കിട്ടി. എന്‍ഡിഎയില്‍ ഒന്നുമില്ല. പത്ത് വര്‍ഷം നടന്നു കാല് തളര്‍ന്നതല്ലാതെ എന്ത് കിട്ടി എന്ന് അവര്‍ ചിന്തിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി.
ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ട്. അവര്‍ തീരുമാനിക്കട്ടെ.
പാട്ടിന്റെ പുറകെ പോയിട്ട് കാര്യമില്ലെന്നാണ് പാരഡി പാട്ട് വിവാദത്തില്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. യാഥാര്‍ഥ്യബോധത്തോടെ എല്ലാം കാണണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായെന്ന ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് വെള്ളാപ്പള്ളി ആര്യ രാജേന്ദ്രനെ കുരിശില്‍ തറച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചെന്ന ആവശ്യം സിപഎമ്മില്‍ ശക്തമായിട്ടുണ്ട്.






