മെസിയും മോദിയും രാഹുലും പിന്നെ നമ്മുടെ സന്ദീപ് വാര്യരും; മെസി-മോദി കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാരണം കണ്ടുപിടിച്ച് വാര്യര്‍; മെസി ആദ്യം രാഹുലിനെ കണ്ടതുകൊണ്ടത്രെ മോദി പിണങ്ങി രാജ്യം വിട്ടത്

പാലക്കാട്; ചില നേരത്ത് സന്ദീപ് വാര്യര്‍ക്ക് നല്ല കോമഡി മൂഡാണ്. എന്താണ് എങ്ങിനെയാണ് പറയുന്നത് എന്നൊന്നും നോക്കില്ല. വെച്ചങ്കട് കാച്ചും. മെസിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാര്യകാരണങ്ങളും നൂറു തിരക്കിനിടയില്‍ സന്ദീപ് വാര്യര്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ തീരുമാനമൊക്കെ ഇന്ന് വരാനിരിക്കെയാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ വാര്യര്‍ ഇത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
മെസി ആദ്യം രാഹുല്‍ഗാന്ധിയെ കണ്ടതു കൊണ്ടാണത്രെ മെസിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കാതെ നാടുവിട്ടതെന്നാണ് സന്ദീപ് വാര്യര്‍ കണ്ടുപിടിച്ചിരിക്കുന്നത്.
മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.
ഡല്‍ഹിയിലെ ജീവിതമാകെ മൂടല്‍മഞ്ഞുകാരണം താറുമാറായിരിക്കുമ്പോഴാണ് സന്ദീപ് വാര്യരരുടെ മെസി പ്രീണന ഡയലോഗുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലിയോണല്‍ മെസിയും തമ്മില്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയതും മുടല്‍മഞ്ഞു കാരണമാണ്. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം മെസിയുടെ വിമാനം വൈകിയതും പ്രധാനമന്ത്രിയുടെ വിദേശയാത്രയുമാണ് ഇതിന് കാരണമായത്.

ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ മൂന്ന് ദിവസത്തെ ഗോട്ട് ടൂറിന്റെ അവസാന പാദമായിരുന്നു ഡല്‍ഹിയില്‍. ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള മെസിയുടെ വിമാനം തിങ്കളാഴ്ച ഒരു മണിക്കൂറോളം വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ് കാഴ്ചാ പരിധി കുറച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. വിമാനത്താവള വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 61 വിമാനങ്ങള്‍ റദ്ദാക്കുകയും അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മെസിയെ കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആരാധകരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി കാണികള്‍ സീറ്റുകളില്‍ ഇരുന്നപ്പോള്‍, ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡിന് മുന്നിലെ സ്‌ക്രീനില്‍ ഒരു സന്ദേശം തെളിഞ്ഞു: മോശം കാലാവസ്ഥ കാരണം മെസ്സിയുടെ വിമാനം വൈകി. പരിപാടി ഷെഡ്യൂള്‍ ചെയ്തതിലും 40 മിനിറ്റ് വൈകി ആരംഭിക്കും എന്നാണ് അറിയിപ്പ് വന്നത്.

ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും നടക്കാതെ പോയത്. ജോര്‍ദാന്‍, എത്യോപ്യ, ഒമാന്‍ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി യാത്ര തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.






