കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം; വീട്ടില്‍ കയറിയും അക്രമിച്ചു; കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി; പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു; കോട്ടയത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു;

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സംഘര്‍ഷം. യുഡിഎഫിന്റെ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടില്‍ കയറിയും ആക്രമിച്ചെന്ന് ആരോപണം.
കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വീടുകളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
വാളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാര്‍ട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ലീഗ് ഓഫീസ് അടിച്ചുതകര്‍ത്തു. കൂടാതെ വടിവാളെടുത്ത് വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിക്കുകയുമായിരുന്നു. പാറാട് നഗരത്തില്‍ സംഘര്‍ഷമുണ്ടായി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാനൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിലെ ന്യൂനം പറമ്പില്‍ സംഘര്‍ഷാവസ്ഥയുണ്ട്. പ്രദേശത്ത് സിപിഎം-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കല്ലേറില്‍ പോലീസ് വാഹനവും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
കണ്ണൂര്‍ മലപ്പട്ടത്തും സിപിഎം അതിക്രമം ഉണ്ടായി. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിലാണ് കയ്യേറ്റം ഉണ്ടായത്. കാസര്‍കോട് മംഗല്‍പ്പാടിയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വീട് കയറി ആക്രമിച്ചു. ഉപ്പള ഗേറ്റിലെ സ്ഥാനാര്‍ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ആക്രമണത്തില്‍ അഷ്റഫിന്റെ ഭാര്യക്കും മകള്‍ക്കും പരിക്കേറ്റു.
നേരത്തെ കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പള്ളിക്കത്തോട് സ്വദേശി ജോണ്‍ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എം തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സഹോദരനുമായി സംഘര്‍ഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ചെന്നതായിരുന്നു. ഇയാളുടെ സഹോദരന്‍ കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റാണ്.
കേരള കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ജോണ്‍ പി തോമസ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരുന്ന ആളാണ് മരിച്ച ജോണ്‍ പി തോമസ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






