വിജയാഹ്ലാദം കണ്ണീരിനു വഴിമാറി; കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ ദുരന്തം; സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ഒരൊറ്റ നിമിഷം കൊണ്ട് വിജയാഹ്ലാദം പൊട്ടിക്കരച്ചിലിനും കണ്ണീര്‍ക്കടലിനും വഴിമാറി. കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ നിനച്ചിരിക്കാതെ കടന്നെത്തിയ ദുരന്തത്തില്‍ പകച്ച് നാട്ടുകാര്‍. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്.

കൊണ്ടോട്ടി പുളിക്കലില്‍ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.






