തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
മരം മുറി ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു.
”മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്”. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. തുടർ നടപടികൾ മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.