Breaking NewsKeralaLead NewsNEWSNewsthen Specialpolitics

അമ്പാനേ അല്ല അടൂരേ ശ്രദ്ധിക്കണ്ടേ; എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച അടൂരിന് എട്ടിന്റെ പണി; പോളിംഗിനിടെ ജനവികാരം കോണ്‍ഗ്രസിനെതിരാക്കിയ അടൂര്‍ പ്രകാശിന് വിമര്‍ശനം; പറഞ്ഞതെല്ലാം നിഷേധിച്ച് അടൂര്‍ പ്രകാശ്; കോണ്‍ഗ്രസിനെതിരെ വാളെടുത്ത് ഇടതുപക്ഷം

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച് ഡയലോഗടിച്ച അടൂര്‍ പ്രകാശിന് കിട്ടിയത് എട്ടിന്റെ പണി. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുമ്പോള്‍ ജനവികാരം കോണ്‍ഗ്രസിന് എതിരാക്കുന്ന തരത്തില്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി. താന്‍ ഒറ്റപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ അടൂര്‍ പ്രകാശ് ശ്രമിച്ചു.

Signature-ad

കോണ്‍ഗ്രസായിട്ട് കയ്യില്‍ ആയുധം കൊണ്ടുതന്ന് തങ്ങളെ ആക്രമിക്കൂ എന്ന് പറയുമ്പോള്‍ എങ്ങിനെ ആക്രമിക്കാതിരിക്കും എന്നതിനാല്‍ ഇടതുപക്ഷം അടൂരിന്റെ വാക്കുകളെ ശക്തകമായ ആയുധമാക്കി കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ഉപയോഗിച്ചു തുടങ്ങി.
അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല പ്രസ്താവനക്കെതിരെ ലീഗ് അടക്കമുള്ള സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന. പോളിംഗ് നടക്കുന്ന അവസരത്തില്‍ വാവിട്ട വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ താക്കീത് നല്‍കി.

അതേസമയം പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നുമായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതിന്യായ കോടതിയില്‍ നിന്ന് വിധി വരുമ്പോള്‍ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള്‍ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ട്’, അടൂര്‍ പ്രകാശ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കുറെ ആളുകള്‍ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ വിശദീകരണം. അപ്പീല്‍ പോയി അതിജീവിതകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോയെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകണോ വേണ്ടയോ എന്നത് അടൂര്‍ പ്രകാശോ യുഡിഎഫോ അല്ല തീരുമാനിക്കേണ്ടത്. അപ്പീല്‍ പോകരുതെന്ന് തടസം നിന്നിട്ടില്ലെന്നും പാര്‍ട്ടി നിലപാടിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്നായിരുന്നു അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്. നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഈ പ്രതികരണം യുഡിഎഫിനെ പ്രതിസന്ധിലാക്കിയിരുന്നു. യുഡിഎഫ് നേതാക്കളെല്ലാം അടൂര്‍ പ്രകാശിനെ തള്ളി രംഗത്തെത്തിയപ്പോഴാണ് അടൂരിന്റെ മലക്കം മറിച്ചിലുണ്ടായത്.

ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് ഇന്നുരാവിലെ അടൂര്‍ പ്രകാശ് പറഞ്ഞത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അദ്ദേഹം പരിഹസിച്ചിരുന്നു. സര്‍ക്കാരിന് മറ്റ് ജോലിയില്ലാത്തതിനാലാണ് അപ്പീല്‍ പോകുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരിഹാസം.

 

കെപിസിസി പ്രസിഡന്റും യുഡിഎഫ് നേതാക്കളുമെല്ലാം അടൂരിന്റെ പ്രസ്താവന അനവസരത്തിലുള്ളതായെന്നും അതിജീവിതക്കൊപ്പം നില്‍ക്കുന്നതിന് പകരം ദിലീപിനൊപ്പം നിന്നത് ശരിയായില്ലെന്നും അടൂര്‍ പ്രകാശിനെ നേരിട്ടും അല്ലാതെയും അറിയിച്ചതോടെ പറഞ്ഞതിന് മറുകണ്ടം ചാടാതിരിക്കാന്‍ അടൂരിനായില്ല.

നടിയെ ആക്രമിച്ച കേസിലെ എട്ടാ പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തുവന്നിരുന്നു. അടൂര്‍ പ്രകാശ് പറഞ്ഞതിനോട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. അതിജീവിതയ്ക്ക് ഒപ്പമാണ് താനെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍ കോടതിയെ മാനിക്കുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന സംശയിക്കുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതിജീവിത അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും എട്ട് വര്‍ഷം അവര്‍ ഈ കേസിന് പിന്നാലെയായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വീണാ ജോര്‍ജ്, വി.ശിവന്‍കുട്ടി അടക്കമുള്ള മന്ത്രിമാരും മറ്റ് സിപിഐഎം, സിപിഐ നേതാക്കളും രംഗത്തെത്തി.

 

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് മന്ത്രി പി.രാജീവ് സമ്മതിച്ചു. വിധിയില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും പി രാജീവ് പറഞ്ഞു. ഹേമ കമ്മിറ്റിയെ തുടര്‍ന്ന് സിനിമ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. മേല്‍കോടതിയെ സമീപിക്കേണ്ട സാഹചര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു-പി.രാജീവ് വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിധി പൂര്‍ണമായും വന്ന ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. അടൂര്‍ പ്രകാശ് പറഞ്ഞതായിരിക്കാം യുഡിഎഫിന്റെ ഔദ്യോഗിക നിലപാട്. പ്രതിപക്ഷം നിലപാട് മാറ്റിയതോടെ അവര്‍ അതിജീവിതയ്ക്കൊപ്പമല്ലെന്ന് വ്യക്തമായി. കുറ്റവാളിയെ തീരുമാനിക്കേണ്ടത് നീതിന്യായ സംവിധാനമാണ് – പി.രാജീവ് ചൂണ്ടിക്കാണിച്ചു.
ജഡ്ജിക്കെതിരായ ആക്രമണം ഗൗരവതരമാണ്. കോടതി മാറണമെന്ന അതിജീവിതയുടെ ആവശ്യത്തിനൊപ്പം അന്ന് സര്‍ക്കാര്‍ നിന്നിരുന്നു. വിധിയെ വിമര്‍ശിക്കാം, പക്ഷെ വ്യക്തിപരമായ വിമര്‍ശനം പാടില്ല. നിയമത്തിന് മുന്‍പില്‍ നാല് പേര്‍ കുറ്റവിമുക്തരാണ്. ഇനി അപ്പീല്‍ പോകുമ്പോള്‍ അവര്‍ നിയമനടപടി നേരിടുമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

അടൂര്‍ പ്രകാശിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആഞ്ഞടിച്ചു. യുഡിഎഫ് കണ്‍വീനര്‍ ആരുടെ ഭാഗത്താണെന്ന് ചോദിച്ച ബിനോയ് വിശ്വം സ്ത്രീ പീഡകര്‍ക്കാണോ യുഡിഎഫ് വെഞ്ചാമരം വീശുന്നതെന്നും ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമക്കുന്ന യുഡിഎഫിന് നടനെ തുണക്കാനും മടി കാണില്ല. യുഡിഎഫ് അവരുടെ ഭാഗത്താണെങ്കില്‍ ജനങ്ങള്‍ യുഡിഎഫിനെ ശിക്ഷിക്കും. യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവന കണ്ട ഒറ്റ വോട്ടര്‍മാരും യുഡിഎഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. സ്ത്രീ വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന നടപടിയാണ് യുഡിഎഫിന്റേത്. അമ്മ, പെങ്ങമ്മാരുള്ള ആര്‍ക്കും ക്ഷമിക്കാന്‍ കഴിയില്ല. തങ്ങള്‍ അതിജീവിതയുടെ പോരാട്ടത്തിന്റെ ഭാഗത്താണെന്നും ബിനോയ് വിശ്വം പറഞ്ഞു. ദിലീപിന്റെ ഹുങ്കും പണക്കൊഴുപ്പും പ്രതാപവും കണ്ട് സിനിമയിലെ സ്ത്രീകള്‍ റാന്‍ മൂളാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധമാണ് പ്രതിപക്ഷ നിലപാടെന്നും എല്‍ഡിഎഫ് എന്നും അതിജീവിതക്കൊപ്പമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വിധിയുടെ അവസാന വാക്കായിട്ടില്ല. ഇപ്പോഴും പൂര്‍ണമായും സത്യം തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണ്. അങ്ങനെയെങ്കില്‍ ഈ കുറ്റം ചെയ്യാന്‍ ആരാണ് തുണയായത്. ആ ചോദ്യം കേരളം ചോദിക്കുന്നുണ്ട് – ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി ഓര്‍മിപ്പിച്ചു.

അതിജീവിതമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം..എ ബേബിയുടെ പ്രതികരണം.

അടൂര്‍ പ്രകാശിന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമായിരിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

ദിലീപിന് നീതി കിട്ടി എന്ന അടൂര്‍ പ്രകാശിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. അടൂര്‍ പ്രകാശിന്റെ പ്രസ്ഥാനത്തിന്റെ സ്ത്രീവിരുദ്ധതയാണ് കണ്ടതെന്നും ഇരയ്ക്കൊപ്പം തുടര്‍ന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: