മടുത്തു, വയ്യാതായി, ഒടുവില്‍ രാഹുല്‍ കീഴടങ്ങാനൊരുങ്ങുന്നു; ഓടിയൊളിച്ച് മതിയായി; കീഴടങ്ങിയാലും പിടികൂടിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ്

പാലക്കാട് : ഓടിയൊളിച്ച് എട്ടു നാള് പിന്നിട്ടതോടെ രക്ഷയില്ലാത്ത അവസ്ഥയില്‍ കീഴടങ്ങാനൊരുങ്ങി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസിന്റെ കണ്ണുവെട്ടിച്ച് എട്ടു ദിവസം ഒളിവില്‍ കഴിഞ്ഞെങ്കിലും ഇത് തുടരുക വയ്യ എന്ന മാനസികാവസ്ഥയിലാണ് മാങ്കൂട്ടത്തില്‍ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പലയിടത്തേക്കും പല വാഹനങ്ങളില്‍ പലപ്പോഴും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് മതിയായെന്നും കീഴടങ്ങുകയാണ് നല്ലതെന്നും രാഹുല്‍ തന്നെ സഹായിക്കുന്നവരോട് പറഞ്ഞതായും സൂചനകളുണ്ട്.
സുരക്ഷിതമായി കീഴടങ്ങാനുള്ള സ്ഥലവും സന്ദര്‍ഭവും പുറത്തുള്ള വിശ്വസ്തര്‍ സ്ഥിരീകരിച്ച് രാഹുലിനെ അറിയിച്ച ശേഷമായിരിക്കും കീഴടങ്ങല്‍. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി എന്തു പറയുമെന്നതും നോക്കിയ ശേഷമായിരിക്കും കീഴടങ്ങല്‍ സംബന്ധിച്ച അന്തിമതീരുമാനം.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലായതോടെ രാഹുലിന്റെ ഒളിസങ്കേതങ്ങള്‍ സംബന്ധിച്ച് പോലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടുണ്ട്. മലയാളിയായ ജോസ് എന്ന ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. രാഹുലിനെ എത്തിച്ച സ്ഥലം ഇയാളില്‍ നിന്ന് മനസിലായെങ്കിലും രാഹുല്‍ അവിടെ നിന്നും മറ്റൊരിടത്തേക്ക് മാറിയിട്ടുണ്ട്. അതാതിടങ്ങളില്‍ രാഹുലിനു വേണ്ടപ്പെട്ടവരും രാഹുലിന്റെ വലിയ സുഹൃത് വലയത്തിലുള്ളവരും ആവശ്യമായ എല്ലാ സഹായങ്ങളും രാഹുലിന് ചെയ്തു കൊടുക്കുന്നതായും പോലീസില്‍ നിന്നുതന്നെ വിവരങ്ങള്‍ ചോരുന്നതായുമുള്ള സംശയം കൂടുതല്‍ ബലപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടിലേക്ക് കടന്ന രാഹുല്‍ വയനാട് അതിര്‍ത്തിയിലെത്തിയതായും കോഴിക്കോട് ബെല്‍റ്റിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഥവാ രാഹുല്‍ കീഴടങ്ങാനെത്തിയാല്‍ ഒരു നിമിഷം പോലും കളയാതെ അറസ്റ്റു ചെയ്യാനാണ് തീരുമാനം. കീഴടങ്ങുന്നത് പോലീസിന് നാണക്കേടാണെന്നതിനാല് പിടികൂടിയെന്ന് വരത്തി തീര്‍ക്കാനാണ് പോലീസ് നീക്കം.






