Breaking NewsKeralaLead NewsNEWSNewsthen Specialpolitics

അവസാന ലൊക്കേഷന്‍ സുള്ളിയില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നെന്ന് സംശയം; എസ്‌ഐടി നീക്കങ്ങള്‍ ഇനി അതീവ രഹസ്യം; എട്ടാം ദിവസവും ഓട്ടം തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; രണ്ടാമത്തെ കേസ് പ്രതിരോധിക്കാന്‍ വിയര്‍ക്കും; ഇന്നു നിര്‍ണായകം

ബംഗളുരു: അറസ്റ്റ് ഒഴിവാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നെട്ടോട്ടത്തിനിടെ ഏറ്റവുമൊടുവിലത്തെ ലൊക്കേഷന്‍ സുള്ളിയിലെന്ന് കണ്ടെത്തല്‍. കര്‍ണാടക കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇത് എട്ടാം ദിനമാണ്. പോലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്‌ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്ന് ഉന്നത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഇന്ന് വിധി വരും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് രാവിലെ വീണ്ടും വാദം കേള്‍ക്കും. അതിനുശേഷമാവും വിധി പറയുക. കോടതി ആവശ്യപ്പെട്ട അധികരേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് സമര്‍പ്പിക്കും. ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയില്‍ വാദം കേട്ടിരുന്നു.

Signature-ad

യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി.

ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. ഇന്ന് അത് ഹാജരാക്കുകയും അതിന്മേലുള്ള വാദം നടക്കുകയും ചെയ്യും. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍ തുടരുകയാണ്. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസിന്റെ പരിശോധന തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടുകൂടി രാഹുല്‍ പിടിയിലായതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്.

ഇതിനിടെ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി പറയാന്‍ ഇരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ കുരുക്കായിരിക്കുകയാണ് രണ്ടാം കേസ്. ബലാത്സംഗം എന്ന ജാമ്യമില്ല കുറ്റം ചുമത്തിയാണ് ഇരുപത്തിമൂന്ന്കാരിയുടെ വെളിപ്പെടുത്തലില്‍ രണ്ടാം കേസും എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആണ് അന്വേഷണം. ഇന്ന് പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പെണ്‍കുട്ടിയുടെ മേല്‍വിലാസവും വിവരങ്ങളും ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട്. രണ്ടുമാസം മുമ്പ് ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ ബന്ധപ്പെടുകയും പരാതി കേള്‍ക്കുകയും ചെയ്തിരുന്നു.

അന്ന് നിയമപരമായി പരാതിയായിട്ട് പോകാന്‍ താല്പര്യമില്ല എന്ന് അറിയിച്ചതോടെയാണ് കേസെടുക്കാതിരുന്നത്. പിന്നീട് കെപിസിസി നേതൃത്വത്തിന് പെണ്‍കുട്ടി പരാതി നല്‍കുകയും, കോണ്‍ഗ്രസ് ഡിജിപിക്ക് കൈമാറുകയും ചെയ്തതോടെയാണ് കേസിന് കളമൊരുങ്ങിയത്. പെണ്‍കുട്ടി മൊഴി നല്‍കിയാല്‍ കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തും . ഇതോടെ ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ പോലും രാഹുലിന് അറസ്റ്റിന്റെ ഭീഷണി ഒഴിവാകില്ല

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: