ഉപയോഗിച്ച അതിമാരക ലഹരിയില്‍ മാതാപിതാക്കളെ മനസ്സിലായില്ലെന്ന് മകന്റെ മൊഴി ; അച്ഛനെ വെട്ടിയത് 47 തവണ, മുഖം വികൃതമാക്കി, വെട്ടുകൊണ്ട് കണ്ണുതള്ളി ; അമ്മയുടെ വിരലുകളെല്ലാം അറുത്തുമുറിച്ചു

ആലപ്പുഴ: അച്ഛന് നേരെ 47 തവണ വെട്ടിയും മാതാവിന്റെ വിരലുകള്‍ അറുത്തുമാറ്റിയും മകന്റെ കൊടും ക്രൂരത. ആലപ്പുഴയിലെ കായംകുളം പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന് ചെയ്ത ക്രൂരകൃത്യത്തില്‍ ഉപയോഗിച്ച അതിമാരക ലഹരിയില്‍ മാതാപിതാക്കളെ മനസ്സിലായില്ലെന്ന് മകന്റെ മൊഴി. 47 തവണയേറ്റ വെട്ടില്‍ പിതാവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായി.
നടരാജനെ മകന് നവജിത്ത് മുഖവും തലയും വെട്ടി വികൃതമാക്കി. 30കാരനായ പ്രതി ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം ചെയ്തത്. അച്ഛനാണോ അമ്മയാണോ എന്നു പോലും തനിക്ക് തിരിച്ചറിയാനായില്ലെന്നും യുവാവ് പൊലീസിന് മൊഴി നല്കി. പിതാവിന്റെ മുഖം വികൃതമാക്കി, കണ്ണിനടക്കം വെട്ടിയതിനാല്‍ പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു. കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ നിലവില്‍ ചികിത്സയിലാണ്. ഇവരുടെ വിരലുകളെല്ലാം അറുത്തുമുറിച്ച നിലയിലായിരുന്നു. ഭാര്യയെ പ്രസവത്തിനായി അശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെ നവംബര്‍ 30ന് രാത്രിയിലാണ് നവജിത്ത് അച്ഛനെ കൊന്നതും അമ്മയെ പരിക്കേല്പിച്ചതും.
രാവിലെ മുതല്‍ നവജിത്ത് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇടയ്ക്ക് ലഹരി മരുന്നും ഉപയോഗിച്ചു. ഇത് മാതാപിതാക്കള്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തേക്ക് കയറിയത്. ഇവരോട് അകത്ത് രണ്ട് ഡമ്മികള്‍ ഉണ്ടെന്നാണ് ചോരയില്‍ കുളിച്ച് കയ്യില്‍ കത്തിയുമായി നില്‍ക്കുകയായിരുന്ന നവജിത്ത് പറഞ്ഞത്. പൊലീസ് എത്തിയതിന് പിന്നാലെ പതിയെ വീടിന്റെ മുകള്‍ നിലയിലേക്ക് പോയ നവജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കാനായത്. മാവേലിക്കര കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നവജിത്തിന് രണ്ട് സഹോദരങ്ങളുമുണ്ട്.






