എസ്ഐആറിന്റെ പേരിലും സൈബര്‍ തട്ടിപ്പ്; എന്യുമറേഷന് ഫോമിന്റെ വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നു; സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും എസ്എംഎസിലൂടെയും ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) തുടരുന്നതിനിടെ പട്ടികയില്‍ പേര് ചേര്‍ക്കാനെന്ന വ്യാജേന ലിങ്കുകള്‍ അയച്ച് സൈബര്‍ തട്ടിപ്പ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമെന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്യൂമെറേഷന്‍ ഫോമിന്റെ ലിങ്ക് എന്ന പേരിലാണ് മെസേജുകള്‍ എത്തുന്നതെന്ന് രാജസ്ഥാന് സൈബര്‍ ക്രൈം ഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.
ഫോം പൂരിപ്പിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടുമെന്നാണ് വ്യാജ സന്ദേശങ്ങളില്‍ പറയുന്നത്. ഇതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒടിപി അല്ലെങ്കില്‍ പ്രോസസിംഗ് ഫീസ് ആവശ്യപ്പെടും. ഈ രീതിയാണ് കുറ്റവാളികള്‍ പിന്തുടരുന്നതെന്നും, രഹസ്യ വിവരങ്ങളും പണവും മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇതെന്നും അഗര്‍വാള്‍ മുന്നറിയിപ്പ് നല്കി.
എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമാകാന്‍ വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ കാണണമെന്നും എസ്ഐആര്‍ അല്ലെങ്കില്‍ വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എസ്ഐആര്‍ പ്രക്രിയ സൗജന്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ ഒടിപികള്‍, ആധാര്‍, പാന്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവയോ വ്യക്തിഗത വിവരങ്ങളോ ചോദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സൈബര്‍ കഫേകള്‍ ഉപയോഗിക്കുമ്പോള്‍ ബ്രൈസര്‍ ഹിസ്റ്റിയും കാഷെയും നീക്കം ചെയ്യാന്‍ മറക്കരുത്. ഓട്ടോ സേവ് ഒപ്ഷനുകള്‍ ഒഴിവാക്കണം. യുആര്‍എല്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കുകയും വേണം. വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഔദ്യോഗിക ലിങ്കുകള്‍ മാത്രം ഉപയോഗിക്കുക. സംശയം തോന്നിയാല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസ് സ്റ്റേഷനിലോ, സൈബര്‍ പോലീസ് സ്റ്റേഷനിലോ അറിയിക്കുകയും വേണം.






