Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സിപിഎം കോളടിച്ചു; ഇ ഡി – ബിജെപി സ്‌പോണ്‍സേര്‍ഡ് ഗംഭീര പ്രചരണമാമാങ്കം; ഇതിലും നല്ല പ്രചരണം ഇടതുപക്ഷത്തിന് ഇനി സ്വപ്്‌നങ്ങളില്‍ മാത്രം; ഇഡി ഈ പാര്‍ട്ടിയുടെ ഐശ്വര്യം

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സിപിഎമ്മിനു വേണ്ടി കേന്ദ്രനേതാക്കളൊന്നും കേരളത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള ഇ.ഡി പാര്‍ട്ടി സിപിഎമ്മിന്റെ വികസപ്രവര്‍ത്തനങ്ങളുടെ പ്രചരണം ഗംഭീരമായി നടത്തി.
സിപിഎമ്മിന്റെ കേന്ദ്രനേതാക്കള്‍ വന്ന് കേരളത്തില്‍ പ്രചരണം നടത്തി തൊണ്ടപൊട്ടി പ്രസംഗിക്കുന്നതിനേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഇഡി നടത്തിയ പ്രചാരണവേല സിപിഎം കേരളഘടകത്തെ മാത്രമല്ല ദേശീയ ഘടകത്തേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 

Signature-ad

കേരളത്തില്‍ സിപിഎം നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഎമ്മിനേക്കാള്‍ കൃത്യതയിലും വ്യക്തതയിലും ഇഡി തയ്യാറാക്കിയ നോട്ടീസ് തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ സിപിഎം അങ്ങെടുക്കുമോ എന്ന് തോന്നിപ്പിക്കുന്നതാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറയും പോലെ ഇഡി വള്ളി സിപിഎമ്മിന്റെ കാലില്‍ ചുറ്റിയെന്ന് വേണമെങ്കില്‍ പറയാം. നാട്ടില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് കള്ളക്കഥയാണെന്നോ പ്രചരണതന്ത്രമാണെന്നോ ജനങ്ങള്‍ കരുതുമായിരുന്നു. എന്നാലിപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാറോലയുമായെത്തിയ കേന്ദ്രഅന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി സിപിഎം കേരളത്തില്‍ നടത്തിയ വികസനപദ്ധതികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.

 

ഇതിലപ്പുറം ഇനിയെന്തുവേണം.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും ഇഷ്യു ചെയ്ത നോട്ടീസ് ചില പിക്ചര്‍ പസില്‍ പോലെയാണ്. നേരെ പിടിച്ചാല്‍ ഒരു ചിത്രം, തലതിരിച്ചുപിടിച്ചാല്‍ മറ്റൊരു ചിത്രം എന്ന പോലെ.
ഒറ്റ നോട്ടത്തില്‍ ഇഡി ഇഷ്യു ചെയ്ത നോട്ടീസ് സിപിഎമ്മിനെ വെട്ടിലാക്കുന്നതാണെന്ന് തോന്നാം, പക്ഷേ ഒന്ന് തിരിച്ചുപിടിച്ചാല്‍ ആ നോട്ടീസ് സിപിഎമ്മിന് ഈ വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മാത്രമല്ല അടുത്ത വര്‍ഷം വരാനുള്ള നിയമസഭ തെരഞ്ഞെടുപ്പിലും പിന്നെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലുമൊക്കെ ഔദ്യോഗികമായി ഉപയോഗിക്കാവുന്ന വികസനരേഖയാണ്.
മസാല ബോണ്ട് പണം വിനിയോഗിച്ച് ഭൂമി വാങ്ങി എന്നാണ് ഇഡിയുടെ നോട്ടീസിലുള്ളത്. എന്നാല്‍ ഭൂമി വാങ്ങുകയല്ല ഏറ്റെടുക്കുകയാണുണ്ടായതെന്ന് അന്നത്തെ ധനകാര്യമന്ത്രിയും എക്കാലത്തേയും മികച്ച സാമ്പത്തിക വിദഗ്ധനുമായ ഡോ.തോമസ് ഐസക് തിരുത്തി വിശദീകരിക്കുന്നു. ഇത് ചട്ടപ്രകാരം അനുവദനീയമാണെന്നും ഐസക് ഉറച്ച് ഉറപ്പിച്ച് വാദിക്കുന്നു.

18 മേഖലകളിലായി 339 പദ്ധതികള്‍ക്കായിട്ടാണ് മസാല ബോണ്ട് പണം ഉപയോഗിച്ചതെന്നും തോമസ് ഐസക് വിശദീകരിക്കുന്നു. ഇവയില്‍ ഏത് പ്രൊജക്ടുകള്‍ക്കെല്ലാം ആണ് ഭൂമി ഏറ്റെടുക്കേണ്ടി വന്നതെന്ന കാര്യം കൂടി പുറത്തുവിട്ടാല്‍ നാട്ടുകാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ആവുമല്ലോ എന്ന് ചാനലിലെ റിപ്പോര്‍ട്ടര്‍ ചോദിക്കേണ്ട താമസം ഐസക് തന്റെ കണക്കുപുസ്തകം തുറന്നു. മുപ്പതോളം പദ്ധതികളുടെ വിശദമായ ലിസ്റ്റ്. കേരളത്തിന്റെ മുഖച്ഛായയും ജാതകവും മാറ്റിമറിക്കാന്‍ കഴിയുന്ന മുപ്പതോളം പദ്ധതികള്‍. ഒരുപക്ഷേ ഇതിലേറെ വികസനപദ്ധതിക്കണക്കുകള്‍ ഇഡിയുടെ കയ്യിലുണ്ടാകുമായിരിക്കും.

 

 

 

ഡോ.തോമസ് ഐസക് അക്കമിട്ടു നിരത്തിയ വികസനപദ്ധതികള്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെ –

1. കോട്ടയം സബ് സ്റ്റേഷന്‍
2. പെരുമണ്‍ പാലം
3. കണ്ണൂര്‍, പാലക്കാട് വ്യവസായ പാര്‍ക്ക്
4. മാമ്പറക്കുന്നേ റെയില്‍ മേല്‍പ്പാലം
5. ഒറ്റപ്പാലം ബൈപാസ്
6. പുതിയകാവ് ചക്കു പള്ളി റെയില്‍ മേല്‍പ്പാലം
7. മയ്യനാട് റയില്‍ മേല്‍പ്പാലം
8. സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് കൊച്ചി
9. കൊടുവള്ളി മേല്‍പ്പാലം
10. പുരയാര്‍ റെയില്‍വേ മേല്‍പ്പാലം
11. കോഴിക്കോട്- ബാലുശേരി റോഡ്,
12. കൊച്ചി ട്രസ്ഗ്രിഡ് പദ്ധതി
13. നഗരൂര്‍, കരുവാരം, പുളിമാത്ത് കുടിവെള്ള പദ്ധതി
14. താനൂര്‍ റെയില്‍ മേല്‍പ്പാലം
15. ലളിതാംബികാ അന്തര്‍ജനം സ്മാരക സാംസ്‌കാരിക കേന്ദ്രം, കോട്ടയം
16. ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതി
17. കൊടുവായൂര്‍ ബൈപ്പാസ്
18. വാഗ്ഭടാനന്ദന്‍ സ്മാരക സ്മാരക സാംസ്‌കാരിക കേന്ദ്രം , കോഴിക്കോട്
19. കണ്ണൂര്‍ സൌത്ത് ബസാര്‍ മേല്‍പ്പാലം
20. അഴീക്കോട്- മുനമ്പം പാലം
21. അറ്റ്‌ലാന്റിസ് റെയില്‍ മേല്‍പ്പാലം, എറണാകുളം നഗരം
22. കാഞ്ഞിരപ്പള്ളി ബൈപ്പാസ്
23. ഇടവാ റെയില്‍ മേല്‍പ്പാലം
24. തിരുനാവായ – തവനൂര്‍ പാലം
25. റോവിങ് ട്രാക് ആന്റ് ഹോസ്റ്റല്‍
കാസര്‍ഗോഡ് നഗരസഭ,
26. ചെമ്മനാട് പഞ്ചായത്ത് കുടിവെള്ള പദ്ധതി
27. കൊണ്ടോട്ടി നഗരസഭാ കുടിവെള്ള പദ്ധതി നവീകരണം

ധനകാര്യ വിഷയങ്ങളിലും ഫിനാന്‍സ്് മാനേജ്‌മെന്റിലും മാന്‍ ഓഫ് ദി മാച്ച് ആയ ഡോ.തോമസ് ഐസക് അക്കമിട്ടു നിരത്തിയിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ വികസക്കാഴ്ചകളുടെ നേര്‍രേഖയാണ്. വികസനം ഒരു കുറ്റമല്ലല്ലോ. അതിലേക്ക് എങ്ങിനെ ഫണ്ട് കണ്ടെത്തിയെന്നതാണോ കുറ്റകരം.

 

മുഖ്യമന്ത്രി നടത്തിയ ഫെമ നിയമലംഘനം എന്താണെന്ന് ഐസക് ചോദിക്കുന്നതോടൊപ്പം മേല്‍പ്പറഞ്ഞ പദ്ധതികള്‍ തീരുമാനിച്ചത് കിഫ്ബി ബോര്‍ഡാണെന്നും അതിനെല്ലാമുള്ള ലാന്‍ഡ് അക്വിസിഷനുള്ള അഥവാ ഭൂമിയേറ്റെടുക്കുന്നതിനുള്ള
അനുമതിയും ബോര്‍ഡ് കൊടുത്തിട്ടുണ്ടെന്നും ഐസക് വിശദീകരിക്കുന്നു. ഭൂമി ഏറ്റെടുക്കലിന് വേണ്ട പണം
നേരിട്ടു ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറാന്‍ കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ അനുവാദം കൊടുത്തിട്ടുണ്ടെന്നും ഐസക് സമ്മതിക്കുന്നു.
കിഫ്ബി സിഇഒ ആയ കെ.എം. എബ്രഹാം ആണ് ഈ തീരുമാനങ്ങള്‍ പ്രകാരം പണം വിനിയോഗിക്കാന്‍ നേതൃത്വം നല്‍കിയത്.
അതുകൊണ്ടാണ് മൂന്ന് പേര്‍ക്കും ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭൂമി വാങ്ങിയെന്ന് ഇഡിയും പറയുന്നില്ല, നോട്ടീസില്‍ ഇഡി ഉപയോഗിച്ചിരിക്കുന്ന പ്രയോഗം ലാന്‍ഡ് അക്വിസിഷന്‍ എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടുന്നു.

 

 

ഇഡി തന്ന നോട്ടീസില്‍ തന്നെ എല്ലാം സിപഎമ്മിന് പ്രത്യേകിച്ച് കേരളം രണ്ടു ടേം ഭരിച്ച എല്‍ഡിഎഫിന് അനുകുലമായ രീതിയില്‍ എല്ലാം എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനാല്‍ ഇനി എന്ത് കാരണം ഷോക്കോസ് നോട്ടീസിന് മറുപടി നല്‍കുമെന്നാണ് സിഎമ്മും മുന്‍ എഫ്എമ്മും കൂലങ്കുഷമായി ചിന്തിക്കുന്നത്.

ബിജെപി-ഇഡി ചിലവില്‍ സിപിഎമ്മിന് ലഭിച്ചിരിക്കുന്നത് കേന്ദ്രസ്‌പോണ്‍സേര്‍ഡ് പ്രചരണമാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ഇഡി നോട്ടീസ് വിവരങ്ങള്‍ പുറത്തവുന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രവചിച്ചിരുന്നു. പരസ്പരസഹായ സംഘമായി സിപിഎം-ബിജെപി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ് ഈ നോട്ടീസ് പ്രചരണമെന്നും കോണ്‍ഗ്രസില്‍ നിന്ന് പരാമര്‍ശങ്ങളുണ്ടായിരുന്നു. എന്തായാലും ഇഡിയുടെ നോട്ടീസ് ഗുണമോ ദോഷമോ സിപിഎമ്മിന് എന്ന കാര്യത്തില്‍ കാലാവസ്ഥക്കാര്‍ പറയും പോലെ ഗുണമാകാനും ദോഷമാകാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: