ആകാശം യുദ്ധഭൂമി; വ്യോമാക്രമണങ്ങള്‍ക്ക് കുറവില്ല: ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍

ദമാസ്‌കസ് : സിറിയയുടെ ആകാശം യുദ്ധഭൂമിക്ക് സമം. തുടരുന്ന വ്യോമാക്രണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങളാണ്.
മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന്‍ ഉബൈദ ഗദ്ബാനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്രായിലിന്റെ ഭാഗത്തുനിന്ന് ഉറപ്പുകളും കടന്നുകയറ്റങ്ങള്‍ നിര്‍ത്തലാക്കലും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സിറിയയെ ദുര്‍ബലപ്പെടുത്തുകയാണ് ഇസ്രായിലി ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഗദ്ബാന്‍ പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ സിറിയയിലെ ബെയ്ത് ജിനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തിലേക്ക് ഇസ്രായില്‍ സൈനിക പട്രോളിംഗ് നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ആയിരക്കണക്കിന് സിറിയക്കാര്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പ്രധാന ചത്വരങ്ങളില്‍ ഒത്തുകൂടി ഇസ്രായിലി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും സിറിയന്‍ ഐക്യത്തെ പിന്തുണച്ചും പ്രകടനങ്ങള്‍ നടത്തി.






