Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് രാജ്യംവിട്ട് പാക് പ്രധാനമന്ത്രി; ലണ്ടനിലേക്ക് കടന്നെന്ന് സൂചന; ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ശക്തനായി സൈനിക മേധാവി; പാക് സൈന്യം കടുത്ത പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കാനിരിക്കെയാണ് നീക്കം. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും.

ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും തിലക് ദേവാഷര്‍ പറഞ്ഞു. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവരേണ്ടിയിരുന്നത്. കരസേനാ മേധാവിയെന്ന നിലയില്‍ അസിമിന്റെ കാലാവധി അവസാനിച്ച ദിവസമായിരുന്നു അന്ന്. എന്നാല്‍ നവംബര്‍ 29ന് ഈ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല.

Signature-ad

അതേസമയം, പാക്കിസ്ഥാന്‍ സൈന്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തിലക് ദേവാഷര്‍ പറയുന്നു. നിലവില്‍ അസിം മുനീറിന്റെ കരസേനാ മേധാവി സ്ഥാനം അവസാനിച്ചു. അതായത് പാക്കിസ്ഥാന് ഒരു സൈനിക മേധാവിയില്ലാത്ത അവസ്ഥയാണ്. ഫലത്തില്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന് കീഴില്‍ വരുന്ന ആണവ കമാന്‍ഡ് അതോറിറ്റിക്കു പോലും നേതൃത്വമില്ലാത്ത അവസ്ഥ. ഇത് വളരെ വിചിത്രമായ ഒരു സാഹചര്യമാണെന്നും സിഡിഎഫ് വിജ്ഞാപനം ആവശ്യമാണോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആണവായുധ രാജ്യമായ പാക്കിസ്ഥാന് ഒരു സൈനിക മേധാവിയോ ആണവ കമാന്‍ഡ് അതോറിറ്റിയുടെ ചുമതലയുള്ള ഒരാളോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

asim-munirs-appointment-as-pakistans-first-chief-of-defence-shehbaz-sharif-leaves-the-country

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: