പരിശീലകന് ഗൗതംഗംഭീറിനെ അവഗണിച്ച് വിരാട്കോഹ്ലിയും രോഹിത് ശര്‍മ്മയും ; ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല ; എല്ലാം കോംപ്ലിമെന്റാക്കാന്‍ ബിസിസിഐ യോഗം വിളിച്ചു ചേര്‍ത്തു

റാഞ്ചി: ഓസ്ട്രേലിയയിലും പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കും എതിരേ യുവതാരങ്ങളെ വെല്ലുന്ന പ്രകടനം നടത്തിയെങ്കിലും വിരാട്കോഹ്ലിയേയും രോഹിത് ശര്‍മ്മയേയും കൈകാര്യം ചെയ്യാനാകാതെ ഇന്ത്യന്‍ പരിശീലകന് ഗൗതംഗംഭീര്‍. റാഞ്ചിയില്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും നേടിയ ഈ സീനിയര്‍ താരങ്ങളുമായി പരിശീലകന് നല്ല ബന്ധമല്ല ഉള്ളതെന്നും പ്രശ്നം പരിഹരിക്കാന്‍ ബിസിസിഐ തന്നെ രംഗത്ത് ഇറങ്ങിയതായുമാണ് പുറത്തുവരുന്ന സൂചനകള്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുതിര്‍ന്ന താരങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയില്‍ സെഞ്ച്വറിയടിച്ച കോഹ്ലി ഗംഭീറിനെ മൈന്‍ഡ് ചെയ്യാതെ പോകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഡ്രസിങ് റൂമിലെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് കോഹ്ലി ഗംഭീറിനെ അവഗണിച്ചു പോകുന്നത് എന്നും ശ്രദ്ധേയമാണ്. അതേ സമയം ആ സമയത്ത് രോഹിത് ശര്‍മയുമായി ഗംഭീര്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരത്തില്‍ ഇരുവരുമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് വാഗ്വാദങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കോഹ്ലിയും രോഹിത്തും ഇന്ത്യയ്ക്കായി കളിക്കുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തിലാണ് ഇരുവരും ടീമില്‍ തിരിച്ചെത്തിയത്. ടെസ്റ്റില്‍ നിന്ന് ഇരുവരും വിരമിക്കുന്നതില്‍ ഗംഭീറിന്റെ പങ്കുണ്ടായിരുന്നു. ശേഷം ഇന്നലെ ഇരുവരും നടത്തിയ പ്രകടനം ഇവരെ ടീമില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ച ഗംഭീറിനുള്ള മറുപടിയായും ആരാധകര്‍ ആഘോഷിക്കുന്നുണ്ട്.
ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ എന്നിവരുള്‍പ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെയും വിരാടിന്റെയും ഏകദിന ഭാവിയെ കുറിച്ചുള്ളതാണ് ഈ മീറ്റിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും സീനിയര്‍ താരങ്ങള്‍ക്ക് അത്ര നല്ല നിലയിലല്ല കാര്യങ്ങള്‍ പോകുന്നതെന്നും വിവരമുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്.






