സാംസ്‌കാരിക നായകര്‍ എവിടെ? രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രമുഖര്‍ മൗനത്തില്‍; ജോയ് മാത്യു, എം.എന്‍. കാരശേരി, കെ.കെ. രമ എന്നിവര്‍ അടക്കമുള്ളവരെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ വിളിച്ചു പറയുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനത്തിന് ഇരയായ യുവതികളില്‍ ഒരാള്‍ പരാതി നല്‍കിയതിനു പിന്നാലെ ഇത്രകാലം സോഷ്യല്‍ മീഡിയയില്‍ പിന്തുണയുമായി എത്തിയ സാംസ്‌കാരിക നായകര്‍ നിശബ്ദതയില്‍. സ്ത്രീപക്ഷ നിലപാടുകളും അവര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിലും കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നവരാണ് ഇപ്പോള്‍ നിശബ്ദരാകുന്നത്. അഭിമുഖങ്ങളിലടക്കം രാഹുല്‍, ഷാഫി നേതാക്കള്‍ മിടുക്കരെന്നു വിശേഷിപ്പിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയ് മാത്യു, എംഎന്‍ കാരശേരി, കെ.കെ. രമ എംഎല്‍എ എന്നിവരടുടെയടക്കം മൗനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചെറിയ കുറ്റത്തിനു ചെറുപ്പക്കാരനോടു പൊറുക്കണമെന്നും രാഷ്ട്രീയ ഭാവി നശിപ്പിക്കരുതെന്നുമായിരുന്നു കാരശേരി ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഓഡിയോ പുറത്തുവന്നതിനുശേഷം കാരശേരി മാഷ് ‘കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം’ എന്ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറഞ്ഞത് ഒഴിച്ചാല്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭിഭാഷന്‍ പ്രശാന്ത് പദ്ഭനാഭന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണു ചെയ്തിട്ടുള്ളത്. അതില്‍തന്നെ രാഹുലിനെ പാതി ന്യായീകരിച്ചുള്ള പോസ്റ്റാണ്.
സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിനെതിരേ രൂക്ഷമായ പരിഹാസം അഴിച്ചുവിടുന്ന ജോയ് മാത്യുവും ഇക്കാര്യത്തില്‍ നിശബ്ദതയിലാണ്. ‘കൂടുതല്‍ എളുപ്പത്തില്‍ സ്വര്‍ണം ചെമ്പാക്കി മാറ്റുന്ന വിദ്യ തന്നേക്കാള്‍ വലിയ കള്ളന്‍മാരെ നേരിട്ടു കണ്ട് അഭ്യസിക്കാന്‍ ബണ്ടി ചോര്‍ കേരളത്തിലെ ജയിലില്‍ ക്രാഷ് കോഴ്‌സിനു ചേര്‍ന്നു’ എന്നു പരിഹസിച്ചു പോസ്റ്റിട്ട ജോയ് മാത്യു പക്ഷേ, ഇത്ര ഗുരുതര വിഷയമായിട്ടും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടില്ല. സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ചയായ സമയത്ത് കൃത്യമായ നിലപാടുകള്‍ എടുത്ത നടന് ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ലേ എന്നാണു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച.
ആശ പ്രവര്‍ത്തകര്‍ക്കടക്കം ശക്തമായ പിന്തുണയുമായി വന്ന കെ.കെ. രമ എംഎല്‍എയും ഇക്കാര്യത്തില്‍ മൗനത്തിലാണ്. കൊയ്‌ലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ നിര്യാണത്തില്‍ അനുശോചനം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്നത്. അതിനപ്പുറം മാധ്യമങ്ങള്‍ക്കു മുമ്പിലോ മറ്റെവിടെയോ ഒന്നും പ്രതികരിച്ചിട്ടില്ല. സാധാരണ സ്ത്രീപക്ഷ വിഷയങ്ങളില്‍ ശക്തമായ നിലപാട് എടുത്തിരുന്ന രമയുടെ മൗനവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
ഷാഫി പറമ്പിലിനെതിരേ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ ശക്തമായ പിന്തുണയുമായി എത്തിയ സുധ മേനോനും രാഹുലിന്റെ വിഷയത്തില്‍ മൗനത്തിലാണ്. നേരത്തേ കേരള ബാങ്കുമായി ബന്ധപ്പെട്ട നിയമനത്തില്‍ സിപിഎം നേതാവ് ടി.വി. രാജേഷിനെ അഭിനന്ദിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് അണികളില്‍നിന്ന് ശക്തമായ സൈബര്‍ ആക്രമണം നേരിട്ടതിന്റെ അനുഭവമാകാം ഇപ്പോള്‍ വിട്ടുനില്‍ക്കുന്നതിന്റെ പിന്നിലെന്നാണു സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സുധാ മേനോന്റെ നിലപാടുകള്‍ക്കു പിന്തുണ നല്‍കിയിട്ടുണ്ട്. ഏറ്റവും പക്വമായി ഇത്തരം വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താറുണ്ടെങ്കിലും ഈ വിഷയത്തില്‍ മൗനത്തിലാണ്.
അതേസമയം, രാജ് മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള അഭിപ്രായം പറഞ്ഞ നേതാക്കള്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതു തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിളിച്ചു പറയുമെന്നും രാഹുലിനെതിരേ മുമ്പും പരാതികള്‍ ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം അക്ഷരംപ്രതി ശരിയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. എന്നെ ആക്രമിക്കുന്നത് മാര്‍ക്‌സിസ്റ്റുകാരും ബിജെപിക്കാരുമല്ല. കെ. സുധാകരനെതിരേ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും പാര്‍ട്ടിയുടെ പാരമ്പര്യത്തിനും പൈതൃകത്തിനും എതിരായ കാര്യങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് വീക്ഷണം പത്രത്തില്‍ മുഖപ്രസംഗം വന്നതെന്ന് അന്വേഷിക്കണം. ആ എഡിറ്റോറിയല്‍ പരമ പുച്ഛത്തില്‍ തള്ളിക്കളയും. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ഒറ്റ വ്യക്തിക്കുവേണ്ടി കോണ്‍ഗ്രസിനെ ബലികഴിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനു സമൂഹത്തില്‍ വിലയും നിലയുമുണ്ട്. അതു നഷ്ടപ്പെടുത്തുന്ന നിലയിലേക്കാണു കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.






