Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസില്‍ ശബ്ദപരിശോധന തുടങ്ങി; ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ തിരക്കിട്ട നീക്കം; യുവതിയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് ശബ്ദരേഖയുടെ ആധികാരികമായ പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

കലാപം സൃഷ്ടിച്ച് പദവികളിലെത്തിയത് ക്രിമിനല്‍ സംഘമാണെന്നും അതിന്റെ ദുരന്തമാണ് പാര്‍ട്ടി അനുഭവിക്കുന്നതെന്നുമുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. മുതിര്‍ന്നവര്‍ സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്നതിനെതിരെ കോലാഹലം സൃഷ്ടിച്ച് പദവിയിലെത്തിയവര്‍ അര്‍ഹരെ അവഗണിച്ച്, സ്വന്തം ‘ടീം’ ഉണ്ടാക്കി. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി ക്കോ കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശം.

Signature-ad

രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ് . വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണമൊരുക്കുന്നതായാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഒന്നാംപ്രതിയും ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂര്‍ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്.

എന്നാല്‍, ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ഇത്തരത്തിലുള്ള അറസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. അതേസമയം, ധൃതിപിടിച്ച് അറസ്റ്റുണ്ടായാല്‍ കോടതിയില്‍നിന്ന് വിപരീത പരാമര്‍ശമുണ്ടാകുന്നതു പോലീസിനും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാകും. രാഹുല്‍ എവിടെയുണ്ടെന്നു പോലീസിനു കൃത്യമായി അറിയാമെന്നാണു വിവരം.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പോലീസ് ധൃതിപിടിച്ചു വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതു പോലീസിനു വലിയ തിരിച്ചടിയുണ്ടാക്കി. കോടതിയില്‍നിന്നു ജാമ്യം ലഭിച്ചതോടെ രാഹുല്‍- ഷാഫി ടീം വന്‍ പ്രചാരണമാണു സര്‍ക്കാരിനെതിരേ അഴിച്ചുവിട്ടത്. സൈബര്‍ അനുയായികളെയും ഇതിനായി ഉപയോഗിച്ചു. സര്‍ക്കാരിനെതിരേ മാധ്യമങ്ങളും വലിയതോതില്‍ തിരിഞ്ഞു. രാഹുലിന്റെ ക്രിമിനല്‍ ബുദ്ധി ഇത്തരത്തില്‍ ബലാത്സംഗ കേസിലും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണു ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുലിനെതിരേ മുമ്പ് ഉയര്‍ന്നുവന്ന ആരോപണങ്ങളും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിയെ സ്വതന്ത്രമായി വിടുന്നതു കേസ് അട്ടിമറിക്കാനും സാക്ഷികളെയും ഇരയെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യമുണ്ടാക്കുമെന്നു പ്രോസിക്യൂഷനു കോടതിയില്‍ വാദിക്കാന്‍ കഴിയും. അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ ഫോണ്‍ പിടിച്ചെടുക്കേണ്ടതുണ്ട്.

 

Back to top button
error: