രാഹുലിന്റെ സൈബര്‍ പടയുടെ ആക്രമണം; വി.ഡി. സതീശനടക്കം ഉള്ളവര്‍ക്കു നേരെ അഴിഞ്ഞാട്ടം; സമൂഹത്തിലെ പ്രമുഖ സ്ത്രീകള്‍ അടക്കം പരാതി നല്‍കിയതോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ തലപ്പത്തുനിന്ന് ബല്‍റാം തെറിച്ചു; പകരം ഹൈബി ഈഡന്‍; നടപടി കടുപ്പിച്ച് ദേശീയ നേതൃത്വം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനക്കേസില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് വനിതാ നേതാക്കള്‍മാരടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ ആക്രമണം കടുത്തതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ തലപ്പത്തുനിന്ന് വി.ടി. ബല്‍റാം തെറിച്ചു. പകരം ചുമതല എറണാകുളം എംപി ഹൈബി ഈഡനു നല്‍കി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി.ടി. ബല്‍റാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതല്‍ സോഷ്യല്‍ മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യല്‍ മീഡിയ സെല്‍ എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റല്‍ മീഡിയ സെല്‍ എന്ന് അറിയപ്പെട്ടിരുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന സമൂഹത്തിലെ പ്രമുഖ വനിതകളടക്കം രൂക്ഷമായ തെറിവിളികളാണ് സൈബര്‍ മീഡിയയുടെ ഭാഗത്തുനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ടീം അഴിച്ചുവിട്ടിരുന്നത്. ഇത് സ്ത്രീകളുടെ ഭാഗത്തുനിന്ന് വന്‍ എതിര്‍പ്പിനും ഇടയാക്കി. പലരും വ്യാപകമായി ദേശീയ നേതൃത്വത്തിനു പരാതികളും ഓണ്‍ലൈനായി നല്‍കിയിരുന്നു. ഇതു നിയന്ത്രിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, രാഹുലിന്റെ പല നടപടികളെയും അനുകൂലിച്ചും രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിലടക്കം സ്ത്രീകളുടെ വോട്ട് നഷ്ടമാകുമെന്ന സ്ഥിതിയിലാണ് ഔദ്യോഗിക രംഗത്ത് ആദ്യമായി നടപടിയുണ്ടാകുന്നത്.
ബീഡി- ബിഹാര്‍ പോസ്റ്റിനു പിന്നാലെ വി.ടി. ബല്‍റാം സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കെപിസിസി രാജി സ്വീകരിച്ചിരുന്നില്ല. പ്രഫഷനല്‍ സംഘത്തെ നിയോഗിച്ച് സോഷ്യല്‍ മീഡിയ സംഘത്തെ ശക്തമാക്കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. കഴിഞ്ഞ കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഹൈബി ഈഡനോട് പുതിയ ചുമതല സംബന്ധിച്ച കാര്യം ദീപാദാസ് മുന്‍ഷി പറഞ്ഞത്.
ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സതീശന് എതിരെ സൈബര്‍ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്തം സെല്ലിന്റെ കാര്യത്തില്‍ ഇടപെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ആയിരിക്കും പുതിയ ടീമിന്റെ പ്രവര്‍ത്തനം.
നിലവിലുള്ള ടീം കാര്യക്ഷമമല്ലെന്നു ദീപാദാസ് മുന്‍ഷി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാതി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താന്‍ സമിതിയെ കെപിസിസി നിയോഗിച്ചിരുന്നു. സമൂഹമാധ്യമ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനു മുതിര്‍ന്ന നേതാക്കളുടെ മോണിറ്ററിങ് ടീം ഉണ്ടായിരിക്കുമെന്നാണ് വിവരം. കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരും.






