അമേരിക്ക വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തം; വ്യോമ പാത അടച്ചു; ‘പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ’ എന്നു ട്രംപ്; 4600 സൈനികരുള്ള ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലും വെനസ്വേല തീരത്ത്

ന്യൂയോര്‍ക്ക്: യു.എസ്, വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വെനസ്വേലയിലെ വ്യോമപാത അടച്ച് യു.എസ്. വെനസ്വേലയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. വെനസ്വേലൻ വ്യോമാതിർത്തി അമേരിക്ക അടക്കുകയാണ്. എല്ലാ പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ എന്ന് പറഞ്ഞാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
ഒരു മാസത്തിനിടെ പല ഘട്ടങ്ങളിലായി വെനസ്വേലയ്ക്ക് എതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എ ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നങ്കൂരം ഇട്ടിരിക്കുകയാണ്. ഏതാണ്ട് 4600 അധികം യുഎസ് സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലാണിത്.
ഏതു സമയത്തും വെനസ്വേലയ്ക്ക് എതിരെ ആക്രമണത്തിന് അമേരിക്ക സന്നദ്ധമായിട്ടാണ് നില്‍ക്കുന്നത്. ഇതൊരു യുദ്ധമായിട്ടായിരിക്കില്ല ട്രംപ് വ്യാഖ്യാനിക്കുന്നത് മറിച്ച് അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പുറംശക്തിക്കുള്ള നേരെയുള്ള ആക്രമണം എന്നായിരിക്കും. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോ അടക്കമുള്ളവര്‍ നേതൃത്വം നൽകുന്ന ഒരു ഡെഡ് കാർട്ടൽ എന്നുപറഞ്ഞുകൊണ്ട് ‘കാർട്ടൽ ഓഫ് ദ് സൺസിനെ’ ഭീകര സംഘടനയായി യുഎസ് മുദ്ര കുത്തിയിരുന്നു. അമേരിക്കയ്ക്ക് ഭീഷണിയാകുന്ന ലഹരി കടത്തുകാരെയും മനുഷ്യക്കടത്തുകാരെയും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും നടപടിയെന്നാണ് സൂചന.





