‘മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയെന്നു പറയുന്ന ഫണ്ണി ജോസഫിനും കെ.സി.- ഷാഫി മാഫിയയ്ക്കും അഭിമാനിക്കാ’മെന്ന് അഡ്വ. ജയശങ്കര്‍; മുന്‍കൂര്‍ ജാമ്യത്തിലെ സുപ്രീം കോടതി വിധി കുരുക്കാകുമെന്ന് റിട്ട. എസ്.പി.; പെണ്‍കുട്ടി വിവാഹിതയെങ്കില്‍ നിയമപരിരക്ഷ ശക്തമാകില്ലെന്ന് എം.ആര്‍. അഭിലാഷ്; രാഹുലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നിയമവിദ്ധര്‍ പറയുന്നത്

തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന ഓഡിയോ ക്ലിപ്പുകളും ചാറ്റും പുറത്തുവന്നതിനു പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയ സാഹചര്യത്തില്‍ കേസ് കടുപ്പിക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയെന്നു നിയമ വിദഗ്ധര്‍. നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ചു മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കണം. ഇതിനു കാലതാമസമുണ്ടാകുകയോ വേഗത്തില്‍ പോലീസ് നടപടികളിലേക്കു കടക്കുകയോ ചെയ്താല്‍ അത് രാഹുലിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, പെണ്‍കുട്ടി വിവാഹിതയാണ് എന്നത് അവര്‍ക്കുള്ള നിയമപരിരക്ഷ കുറയ്ക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ശക്തമാണെങ്കിലും ഗര്‍ഭഛിദ്രം നടന്നതു തെളിയിക്കുകയെന്നതു പോലീസിനു മുന്നിലെ വലിയ വെല്ലുവിളിയാകും. ഓഡിയോ ക്ലിപ്പ് രാഹുലിന്റേതാണെന്ന് പോലീസിന് എളുപ്പം തെളിയിക്കാം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് ആകും രാഹുലിനെ കുരുക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേക്കുറിച്ച് റിട്ട. എസ്.പി. കെ.എം. ആന്റണി ഐപിഎസ് പറയുന്നത് ഇങ്ങനെ:
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായിട്ടു സമൂഹ മാധ്യമങ്ങളിലും പ്രധാനപ്പെട്ട ദൃശ്യമാധ്യമങ്ങളിലും ആരോപണങ്ങളും ശബ്ദ സന്ദേശങ്ങളും ചാറ്റുകളുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ, ഒരു ഇര മുന്നോട്ടുവന്ന് പരാതിയുമായി മുന്നോട്ടുപോകാന്‍ തയാറായിരുന്നില്ല. അതായിരുന്നു സാഹചര്യം. ഇന്നിപ്പോള്‍ അത് രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. ഒരു യുവതിവന്നു പരാതി കൊടുക്കുകയും അവരുടേതെന്നു കരുതുന്ന ശബ്ദസന്ദേശത്തില്‍ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിക്കു നേരിട്ട് ആ പെണ്‍കുട്ടിയും അവരുടെ ബന്ധുവുംകൂടി നേരിട്ടു പരാതി കൊടുക്കുന്നു.
പരാതി കൊടുക്കേണ്ട സാഹചര്യമെന്ത് എന്നതിലേക്കു നമുക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല. വിവാഹിതയായ പെണ്‍കുട്ടിക്കോ യുവതിക്കോ അവകാശങ്ങളില്‍ എന്തെങ്കിലും കുറവുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. അതു നിയമപരമായി സ്വീകരിക്കാന്‍ പറ്റുന്നതുമല്ല. ഈ സംഭവത്തെ എടുത്തു നോക്കുമ്പോള്‍ രാഷ്ട്രീയപരമായ പല സാഹചര്യങ്ങളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്നു. അതുപോലെ മറ്റുപല വിവാദങ്ങളുമുണ്ട്.
അത് എന്തൊക്കെയായിരുന്നാലും ഈ വിഷയത്തില്‍ പരാതിയുമായി ഒരു യുവതി നേരിട്ടു വരുന്നുണ്ടെങ്കില്‍ അതീവ ഗൗരവമുള്ള കാര്യമാണ്. കാരണം ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട്-1971’, റേപ്പ്- വഞ്ചനാപരമായ രീതിയില്‍ യുവതിയെ/ സ്ത്രീയെ വശീകരിച്ച് ബന്ധപ്പെടുകയാണെങ്കില്‍ റേപ്പിന്റെ പരിധിയില്‍ വരും. പത്തുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണു വരുന്നത്. ജാമ്യം കിട്ടാത്ത വകുപ്പാണ്. പോലീസിനു നേരിട്ടു കേസെടുക്കാവുന്നതാണ്.
ഇതിപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവിയെ സെക്രട്ടേറിയറ്റിലേക്കു വിളിച്ചുവരുത്തി പരാതി കൈമാറി ശക്തമായ രീതിയില്‍ അന്വേഷണം മുന്നോട്ടു പോകണം എന്നുള്ള രീതിയിലാണു പോകുന്നത്. അതില്‍ അന്വേഷണം നടക്കും. ഇതില്‍ തെളിവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗര്‍ഭഛിദ്രവുമായി വന്നിരിക്കുന്ന വോയ്‌സ് മെസേജിനൊപ്പം യുവതി നേരിട്ടു പരാതിയുമായി വന്ന സ്ഥിതിക്ക് തെളിവുകള്‍ കൊടുക്കേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. ഡിജിറ്റലായിട്ടുള്ള തെളിവുകള്‍ ആവശ്യത്തില്‍ അധികമുണ്ടാകാനുള്ള സാധ്യതയുണ്ട്. റേപ്പ് നടന്നോ എന്നതിന് ആവശ്യമായ തെളിവുകള്‍ അവരുടെ കൈവശമുണ്ടാകും. അതല്ലെങ്കില്‍ പോലീസിന് കൃത്യമായി ശേഖരിക്കാന്‍ പറ്റും. ശബ്ദസന്ദേശത്തിലെ പുരുഷന്റെ ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്നു ശാസ്ത്രീയമായി പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വളരെയധികം തെളിവുകള്‍ മുന്നോട്ടു വരാന്‍ സാധ്യതയുള്ള കേസാണിത്.
മറ്റെന്തു സാഹചര്യം പറഞ്ഞാലും കേസെന്നുള്ള നിലയ്ക്ക് പോലീസിനു കൃത്യമായി അന്വേഷിക്കാനും തെളിവുകള്‍ നല്ലരീതിയില്‍ അന്വേഷിച്ചു കണ്ടെത്താനും കഴിഞ്ഞാല്‍ ശിക്ഷിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ട്. അതുപോലെതന്നെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നതാണ്. ജില്ലാ കോടതി അല്ലെങ്കില്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ മാത്രമേ ഹൈക്കോടതിയില്‍ വരാന്‍ പാടുള്ളൂ എന്നൊരു നിര്‍ദേശം സുപ്രീം കോടതി കൊടുത്തിട്ടുണ്ട്. അതില്‍ പ്രത്യേകമായി കേരള ഹൈക്കോടതിയുടെ കാര്യം പറയുകയും ചെയ്തിട്ടുണ്ട്.
ആ സാഹചര്യത്തില്‍ ഈ കേസ് എവിടെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്, ചിലപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവിയുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒരു പോലീസ് സ്‌റ്റേഷനുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ള പോലീസ് സ്‌റ്റേഷനാണത്. ക്രൈംബ്രാഞ്ചിന്റെ ആസ്ഥാനത്താണ് അതുള്ളത്. അതല്ലെങ്കില്‍ ഈ സംഭങ്ങള്‍ നടന്നതു പാലക്കാടായിരിക്കും. അവിടെയാണോ രജിസ്റ്റര്‍ ചെയ്യുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പരാതിയിലെ കാര്യങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ എത്രമാത്രം തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയൂ. പ്രഥമമായ ഘട്ടത്തിലാണ് കേസുള്ളത്. മുന്‍കൂര്‍ ജാമ്യം ലഭിക്കുമോ എന്നത് പോലും സംശയകരമായ സാഹചര്യമാണ്. ജില്ലാ കോടതി അനുവദിച്ച് ഹൈക്കോടതി അനുവദിച്ചെങ്കില്‍ മാത്രമേ അതു കിട്ടുകയുള്ളൂ. ആ സമയംവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനു പോലീസിനു തടസമില്ല. ജാമ്യമില്ലാ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന കുറ്റമാണ്. അതിനുള്ള വകുപ്പുകളാണ് ഇതില്‍ ചേര്‍ക്കാന്‍ സാധ്യതയെന്നും അതു കോടതിക്കു കൊടുക്കേണ്ടതുണ്ടെന്നും റിട്ട. പോലീസ് സൂപ്രണ്ട് കെ.എം. ആന്റണി ഐപിഎസ് പറഞ്ഞു.
സുപ്രീം കോടതി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് പറയുന്നത്:
ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ ഒരു കോടതിയും തള്ളിക്കളയില്ലെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായി വരുമെന്നും സുപ്രീം കോടതി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ്. ചിലപ്പോള്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കാമെന്നു പറയുന്നത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടായ താമസം കൊണ്ടാണ്. അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷമേ കോടതിക്കു പരിഗണിക്കാന്‍ കഴിയൂ. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധത്തിനുശേഷം റിലേഷന്‍ മോശമാകുമ്പോള്‍ ബലാത്സംഗ ആരോപണമുണ്ടായാല്‍ അത് വിചാരണ അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. നിരവധി വിധികളും അത്തരത്തിലുണ്ട്. പക്ഷേ, വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്താണ് ബന്ധമുണ്ടായതെങ്കില്‍, അതു തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റം നിലനില്‍ക്കും.
എന്നാല്‍, വിവാഹിതയായി ബന്ധത്തില്‍ നിലനില്‍ക്കുന്ന സമയത്താണ് ഇത്തരത്തില്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ അവര്‍ക്ക് ആരോപണം ഉന്നയിക്കുന്നതില്‍ നിയമസാധുതയില്ല എന്നതും സുപ്രീം കോടതി വിധിയിലൂടെ നിയതമാക്കിയതാണ്. രണ്ടു വിധികള്‍ ഇത്തരത്തില്‍ നിയമമായിട്ടുണ്ട്. പരാതിക്കാരിയുടെ ‘മാരിറ്റല്‍ സ്റ്റാറ്റസ്’ അവിടെ നിര്‍ണായകമാണ്. ആത്യന്തികമായി കേസ് നിലനില്‍ക്കുമോ എന്നത് വിചാരണയിലൂടെ സ്ഥാപിക്കപ്പെടേണ്ടതാണ്. പക്ഷേ, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായ സാഹചര്യമുണ്ട്. ഒരു നിയമ കോടതിയും ഈ സമയം ഇതിനുള്ളില്‍ ഇടപെടില്ലെന്നും ഉറപ്പാണ്. പക്ഷേ, അറസ്റ്റ് നടന്നില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിനു ലഭിച്ചേക്കാം. അപ്പോഴും രാഷ്ട്രീയ നൈതികതയെന്ന പ്രശ്‌നം നിലനില്‍ക്കുന്നു.
റിട്ട. എസ്.പി. സുഭാഷ് ബാബു പറയുന്നത്:
അതിജീവിത സ്വയമേവ ആശുപത്രിയില പോയി ഗര്‍ഭഛിദ്രം നടത്തിയെന്നത് നിയമപരമായി എത്രമാത്രം സ്വീകാര്യമാകുമെന്നത് സംശയകരമാണെന്നു റിട്ട. എസ്.പി. സുഭാഷ് ബാബു. അദ്ദേഹത്തിന്റെ ശബ്ദമാണ് ഇതെന്നു വ്യക്തമാണ്. അദ്ദേഹം ഞരമ്പുരോഗിയാണെന്ന് ഇതുവരെയുള്ള സന്ദേശങ്ങളില്‍നിന്ന് നമുക്കറിയാം. പഴയ നിയമപ്രകാരമായതിനാല്‍ പഴയ നിയമപ്രകാരമാകും കേസെടുക്കുക. ഈ വ്യക്തിയാണ് ഗര്‍ഭമുണ്ടാക്കിയത് എന്നതു ഡിജിറ്റല്‍ തെളിവുകൊണ്ടു സാധിക്കുമോ എന്നു സംശയമുണ്ട്.
എന്നാല്‍, കേസിലെ സാഹചര്യം പോലീസിനു ബോധ്യപ്പെട്ടാല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാഹുലിന്റെ ശബ്ദമാണ് ഇതെന്നു തെളിയിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍തമ്മില്‍ എത്രനാളായി ബന്ധമുണ്ടായിരുന്നു, ഉഭയകക്ഷി സമ്മതപ്രകാരമാണോ എന്നതു കണ്ടുപിടിക്കാം, അതിനുശേഷം ഗര്‍ഭമുണ്ടായോ അല്ലെങ്കില്‍ അദ്ദേഹത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതാണോ എന്നു കണ്ടെത്തണം. മെഡിക്കല്‍ തെളിവുകള്‍ കൊടുത്തു എന്നു പറയുന്ന സാഹചര്യത്തില്‍ അതില്‍ യാഥാര്‍ഥ്യമുണ്ടായേക്കാം. വിവാഹിതയാണെന്നു പറയുന്ന സാചര്യത്തില്‍ പിതൃത്വത്തിന് ഉത്തരവാദിയാരെന്ന വലിയ ചോദ്യം അവിടെയുണ്ട്. ഭ്രൂണം അവിടെ സൂക്ഷിക്കാനുള്ള സാഹചര്യമില്ല. ഉണ്ടെങ്കില്‍ ഡിഎന്‍എ തെളിവുകള്‍ ശേഖരിക്കാം. അതിനു സാധ്യത കുറവാണ്. കാരണം, ഈ കേസ് വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നാല്‍, എങ്ങനെ തെളിയിക്കാമെന്നത് പോലീസിനു മുന്നില്‍ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എ. ജയശങ്കര്‍ പറയുന്നത്:
സ്വയംകൃതാനര്‍ത്ഥം എന്ന് രാഹുലിന് സമാധാനിക്കാമെന്നും
പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത ശേഷവും ‘മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ’ എന്ന് പാടി നടന്ന ഫണ്ണി ജോസഫിനും പാര്‍ട്ടി നശിച്ചാലും പ്രതിപക്ഷ നേതാവിന്റെ അന്ത്യം കണ്ടാല്‍ മതി എന്ന നിലപാട് കൈക്കൊണ്ട കെസി -ഷാഫി മാഫിയക്കും അഭിമാനിക്കാമെന്നും അഡ്വ. എ. ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.






