
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ തുറന്നടിച്ച് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ സെഞ്ചറി നേടിയതോടെയാണ് ടീമില്‍ സ്ഥിരം ഇടം നേടിത്തുടങ്ങിയത്. പക്ഷേ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയതോടെയാണു താരത്തിനെതിരെ വിമര്‍ശന കടുക്കുന്നത്. ഓള്‍റൗണ്ടറായി ടീമിലെത്തിയ നിതീഷിന്റെ മികവിനെ യുട്യൂബ് ചാനലിലെ വിഡിയോയിലാണ് ക്രിസ് ശ്രീകാന്ത് വിമര്‍ശിച്ചത്.
”ആരാണ് നിതീഷ് റെഡ്ഡിയെ ഓള്‍റൗണ്ടര്‍ എന്നു വിളിക്കുന്നത്? അദ്ദേഹത്തിന്റെ ബോളിങ് കണ്ട് ആര്‍ക്കെങ്കിലും ഓള്‍റൗണ്ടറാണെന്നു പറയാന്‍ സാധിക്കുമോ? മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അദ്ദേഹം സെഞ്ചറി നേടി. അതു ശരിയാണ്. പക്ഷേ അതിനു ശേഷം നിതീഷ് കുമാര്‍ റെഡ്ഡി എന്താണു ചെയ്തിട്ടുള്ളത്. നിതീഷ് റെഡ്ഡി ഓള്‍റൗണ്ടറാണെങ്കില്‍ ഞാനും ഒരു വലിയ ഓള്‍റൗണ്ടറാണെന്നു പറയാം. നിതീഷിന്റെ പന്തുകള്‍ക്ക് പേസ് ഉണ്ടോ? അല്ലെങ്കില്‍ അദ്ദേഹം നല്ലൊരു ബാറ്റ്‌സ്മാന്‍ ആണോ? എങ്ങനെയാണ് ഈ താരത്തെ ഓള്‍റൗണ്ടറെന്നു വിളിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നത്?.” ക്രിസ് ശ്രീകാന്ത് ചോദിച്ചു.
നിതീഷ് കുമാര്‍ റെഡ്ഡിയെ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ”എന്തു ചെയ്തിട്ടാണ് നിതീഷിനെ ഏകദിന ടീമിലേക്കും എടുത്തതെന്നു മനസ്സിലാകുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനാണോ അദ്ദേഹം? എന്തുകൊണ്ടാണ് അക്ഷര്‍ പട്ടേലിനെ സിലക്ട് ചെയ്യാതിരുന്നത്?” ശ്രീകാന്ത് ചോദിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിതീഷ് റെഡ്ഡിക്ക് വളരെ കുറച്ച് ഓവറുകള്‍ മാത്രമാണ് പന്തെറിയാന്‍ അവസരം ലഭിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സാണ് നിതീഷ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായി. മത്സരത്തില്‍ ആകെ പത്തോവറുകളാണു താരം പന്തെറിഞ്ഞത്. പക്ഷേ വിക്കറ്റൊന്നും ലഭിച്ചതുമില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരം പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല.






