ചിത്രലേഖയുടെ ആത്മാവ് പൊറുക്കില്ല കോണ്‍ഗ്രസുകാരേ; കൂടെ നടന്നിട്ടൊടുവില്‍ കുടിയിറക്കുകയാണോ ആ കുടുംബത്തെ; സഹായിച്ചില്ലേലും ചതിക്കാതിരുന്നൂടേ;

കണ്ണൂര്‍: ചിത്രലേഖ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇടനെഞ്ചു പൊട്ടി കരയുമായിരുന്നോ – ഇല്ല, ഇരട്ടച്ചങ്കന്‍മാരൊരുപാടുള്ള സിപിഎമ്മിനോട് പോരാടുമ്പോള്‍ പതറിയിട്ടില്ല ചിത്രലേഖ, പിന്നെയാണ് കോണ്‍ഗ്രസുകാര്‍ കൂടെ നടന്ന ചതിച്ചുവെന്നറിയുമ്പോള്‍…
പക്ഷേ പോരാടാനോ കണ്ണീര്‍വാര്‍ക്കാനോ ചിത്രലേഖ ഇന്നില്ല. ഓര്‍മയുണ്ടോ ചിത്രലേഖയെ, മറക്കാനിടയില്ല, അഥവാ മറന്നുപോയവരെ ഒന്നോര്‍മിപ്പിക്കട്ടെ, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാരെ.
തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂര്‍ എടാട്ടുനിന്നു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. പിന്നീടങ്ങോട്ട് അതിജീവനത്തിനും നിലനില്‍പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ചിത്രലേഖയുടെ ജീവിതം. അതിനിടെ ജീവിതം തകര്‍ത്ത രോഗത്തോടും മല്ലിട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രലേഖയ്ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയത് കോണ്‍ഗ്രസുകാര്‍ മറന്നുപോകല്ലേ…
അന്ന് അനുവദിച്ച ്സ്ഥലവും പണവും റദ്ദാക്കി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയെന്ന തങ്ങളുടെ കടമ നിര്‍വഹിച്ചു.
പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിത്രലേഖ ഈ ഭൂമിയോടു വിടചൊല്ലി യാത്രയായി.

ഈ ഫ്‌ളാഷ്ബാക്ക് ഇപ്പോള്‍ പറഞ്ഞത് ചിത്രലേഖയുടെ കുടുംബത്തോട് കോണ്‍ഗ്രസ് കാണിച്ച അനീതിയിലേക്ക് കണക്ട് ചെയ്യാനാണ്.
ചിത്രലേഖയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ഒരു ജപ്തി നോട്ടീസ് കിട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന്.
ഒരുകാലത്ത് സിപിഎമ്മിനെതിരെ ചിത്രലേഖയെ മുന്‍നിര്‍ത്തി സമരപ്രക്ഷോഭം നടത്തിയ അതേ കോണ്‍ഗ്രസുകാരാണ് അതേ ചിത്രലേഖയുടെ കുടുംബത്തെ കുടിയിറക്കാനായി നോട്ടീസ് നല്‍കിയിരിക്കുന്നത്.
വീടുവെക്കുന്നതിന് ചിത്രലേഖയുടെ കുടുംബം അഞ്ചുലക്ഷം രൂപ ബാ്ങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഇതില്‍ ഒന്നരലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടുണ്ട്്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ പലിശയടക്കം ഇപ്പോള്‍ തിരിച്ചടവ് എട്ടരലക്ഷത്തിലേക്കെത്തി.
പ്രശനം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എട്ടരയ്ക്ക് പകരം ആറുലക്ഷം രൂപ അടച്ച് വായ്പാപ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന് ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും ഉറപ്പു നല്‍കിയിരുന്നുവെന്ന് ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്ത് പറയുന്നു.
ഡിസിസി പ്രസിഡന്റ് കൂടിയായ ബാങ്ക് പ്രസിഡന്റ് രാജീവന്‍ എളയാവൂരും മറ്റു ചില കോ്ണ്‍ഗ്രസ് നേതാക്കളുമാണ് ചിത്രലേഖയുടെ കുടുംബത്തിന് ഒരു വാഴത്തണ്ടിന്റെ ബലം പോലുമില്ലാത്ത ഉറപ്പു നല്‍കിയത്.
എ്ന്നാല്‍ ഇപ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാതെ വായ്പാകുടിശിക തിരിച്ചുപിടിക്കാന്‍ നോട്ടീസ് അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തലപ്പത്തിരിക്കുന്ന ഈ ബാങ്ക് ഭരണസമിതി.
ഇത്രയും പൈസ എവിടെ നിന്നെടുത്ത് അടയ്ക്കുമെന്നറിയാതെ വിഷമിക്കുകയാണ് ചിത്രലേഖയുടെ കുടുംബം.
ബാ്ങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാക്കളും നല്‍കിയ ഉറപ്പ് വിശ്വസിച്ചുപോയെന്ന് ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്ത് വിഷമത്തോടെ പറയുന്നു.
വീടുവെച്ചു തരുമെന്ന വാഗ്ദാനം മുന്‍പ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടത്രെ കോണ്‍ഗ്രസുകാര്‍. പാലിക്കാന്‍ കഴിയാത്ത ഉറപ്പും നല്‍കി ഇപ്പോള്‍ ആ കുടുംബത്തെ പടിയിറക്കാനൊരുങ്ങുമ്പോള്‍ അവരെ സഹായിക്കാന്‍ ഇനിയാരുമില്ല. സിപിഎമ്മിനെതിരെ ചിത്രലേഖയെയും കുടുംബത്തേയും തെരുവില്‍ അണിനിരത്തുമ്പോള്‍ വീറോടെ മുദ്രാവാക്യം വിളിച്ചവരേയും ചിത്രലേഖയെ സംരക്ഷിക്കണമെന്ന് ഘോരഘോരം പ്രസംഗിച്ച് തൊണ്ടപൊട്ടിയവരേയുമൊന്നും ഇപ്പോള്‍ കാണുന്നില്ല. ഒരു കകോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും കാട്ടമ്പള്ളിയില്‍ ഏതുനിമിഷവും കുടിയൊഴിപ്പിക്കപ്പെടാമെന്ന ഭീതിയിലും ആശങ്കയിലും കഴിയുന്ന ചിത്രലേഖയുടെ ഭര്‍ത്താവും വീട്ടുകാരും പറയുന്നു.
ചിത്രലേഖ ക്ഷമിക്കുക, ഇതൊക്കെയാണ് അവസരവാദ രാഷ്ട്രീയമെന്ന് നക്ഷത്രങ്ങള്‍ക്കിടയിലിരുന്നാണെങ്കിലും തിരിച്ചറിയുക. പ്രകടനപത്രികകളില്‍ പാവപ്പെട്ടവന്റെ ഉന്നമനത്തിന് വേണ്ടി അക്കമിട്ട് വാഗ്ദാനങ്ങള്‍ അച്ചടച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങളാണിതെന്ന് കൂടി ഓര്‍ക്കുക. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചൂണ്ടയില്‍ കൊരുക്കാനുള്ള മണ്ണിരകളായി ഇനിയും ചിത്രലേഖമാര്‍ ഇവിടെ ജീവിച്ചു ജനിച്ചു പോരാടി മരിക്കും…ഒന്നും നേടാതെ…






