ഇമ്രാന് ഖാന് ജയിലില്‍ കൊല്ലപ്പെട്ടു? പിന്നില്‍ അസിം മുനീറും ഐഎസ്ഐയും; കുടുംബാംഗങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കുന്നില്ല; സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കി; സമൂഹമാധ്യമങ്ങളില്‍ തീപോലെ പടര്‍ന്ന് വിവാദം; പ്രതികരിക്കാതെ പാക് അധികൃതര്‍

റാവല്‍പിണ്ടി: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാന് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിട്ടും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ചാര സംഘടനയായ ഐഎസ്ഐയാണ് ഇമ്രാന് ഖാനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, പാക്ക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാന് ഖാന് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്.
ഇമ്രാന് ഖാന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന് ഖാന് കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐയും ചേര്‍ന്ന് ഇമ്രാന് ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. ഈ വിവരം ശരിയാണെങ്കില്‍ പാക്ക് തീവ്രവാദികളുടെ അവസാനമായിരിക്കും അത്. സത്യം പുറത്തുവരുന്ന നിമിഷം പാക്ക് ഭരണകൂടത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്നും പോസ്റ്റില്‍ പറഞ്ഞു.
താന്‍ ജയിലില്‍ പീഡനമനുഭവിക്കുന്നതായി കഴിഞ്ഞ ജൂലൈയില്‍ ഇമ്രാന് ഖാന് പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഖാന് കൊല്ലപ്പെട്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആയിരക്കണക്കിന് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഡിയാല ജയിലിനു മുന്നിലെത്തിയിരിക്കുകയാണ്.
ഇമ്രാന് ഖാന് കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹം പ്രചരിച്ചിരുന്നു. വിവിധ ചിത്രങ്ങളും പ്രചരിച്ചിരുന്നു. അന്ന്, പ്രചാരണം വ്യാജമാണെന്ന് പാക്കിസ്ഥാന്റെ വാര്‍ത്താ വിതരണ മന്ത്രാലയം കുറിപ്പിറക്കിയിരുന്നു. 2013ല്‍ ഒരു പ്രചാരണ റാലിക്കിടെ സ്റ്റേജില്‍നിന്നു വീണ ഇമ്രാന് ഖാനെ ആളുകള്‍ എടുത്തുകൊണ്ടു പോകുന്ന ചിത്രമായിരുന്നു അന്ന് വ്യാപകമായി പ്രചരിച്ചിരുന്നത്.





