ഇഞ്ചിഞ്ചായി മരിക്കാന്‍ ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് ചെയ്ത ക്രൂരകൃത്യം ; ശരീരത്ത് രസം കുത്തിവെച്ചെന്ന് യുവതി ; ആന്തരീകാവയവങ്ങള്‍ കേടായി തിങ്കാളാഴ്ച മരണത്തിന് കീഴടങ്ങി ; പോലീസ് വീഡിയോ മൊഴി രേഖപ്പെടുത്തി

ബംഗളൂരു: ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്റെ ശരീരത്ത് രസം കുത്തിവെച്ചെന്ന് പരാതി നല്‍കിയ യുവതിക്ക് ഒടുവില്‍ മരണം. ബംഗലുരുവില്‍ തിങ്കളാഴ്ച മരണമടഞ്ഞ 37 കാരിയുടേതാണ് പരാതി. ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്നെ സാവധാനം കൊല്ലാനായി മെര്‍ക്കുറി കുത്തിവെച്ചെന്നാണ് ഇവര്‍ നേരത്തേ ആരോപിച്ചത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്.
വിദ്യ എന്ന് പേരുള്ള യുവതി തിങ്കളാഴ്ച തന്റെ ഭര്‍ത്താവ് ബസവരാജു എം, അമ്മായിയപ്പന്‍ മാരിസ്വാമചാരി എന്നിവര്‍ക്കെതിരെ അത്തിബെലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലിയര്‍ കാരണം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലീസ് ഇവരുടെ വീഡിയോ മൊഴി രേഖപ്പെടുത്തി.
ബിസിനസ്സുകാരനായ ബസവരാജു തന്നെ വഴക്ക് പറയുന്ന സ്വഭാവക്കാരനായിരുന്നുവെന്നും, എന്നാല്‍ അന്ന് വൈകുന്നേരം അദ്ദേഹം അസാധാരണമായ സ്‌നേഹപ്രകടനങ്ങള്‍ നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി എന്നും വിദ്യ പറഞ്ഞു. അധികം വൈകാതെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും അവര്‍ മൊഴി നല്‍കി. ഫെബ്രുവരി 26-ന് രാത്രിയില്‍ ഭര്‍ത്താവ് തനിക്ക് എന്തോ കുത്തിവെച്ചതായി വിദ്യ തന്റെ പരാതിയില്‍ ആരോപിച്ചു.
നവംബര്‍ 23-ലെ എഫ്‌ഐആര്‍ അനുസരിച്ച്, ഫെബ്രുവരി 27-ന് വൈകുന്നേരം ഉണര്‍ന്നപ്പോള്‍ തന്റെ വലത് തുടയില്‍ വേദന അനുഭവപ്പെടുന്നതായി അവര്‍ മനസ്സിലാക്കി. തുട പരിശോധിച്ചപ്പോള്‍ ഒരു ഇഞ്ചക്ഷന്‍ മാര്‍ക്ക് കണ്ടതായും ആരോപിക്കുന്നു. വേദന സഹിക്കാനാവാതെ മാര്‍ച്ച് 7-ന് അത്തിബെലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഡോക്ടര്‍മാര്‍ ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലേക്ക് പോകാന്‍ ഉപദേശിച്ചു.
ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയില്‍ നടന്ന നിരവധി പരിശോധനകള്‍ക്ക് ശേഷം, ഡോക്ടര്‍മാര്‍ അവളുടെ ശരീരത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒന്നര മാസത്തോളം അവിടെ ഇന്‍പേഷ്യന്റായി കഴിഞ്ഞതിന് ശേഷം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസിനോട് പറഞ്ഞു. എഫ്‌ഐആറിലും ഞായറാഴ്ച പോലീസിന് നല്‍കിയ മൊഴിയിലും, തന്റെ ശരീരത്തില്‍ മെര്‍ക്കുറി കണ്ടെത്തിയെന്നും അത് ശരീരം മുഴുവന്‍ വ്യാപിച്ചെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി വിദ്യ അവകാശപ്പെട്ടു.
”ഇത് എന്റെ അവയവങ്ങളെ ദുര്‍ബലപ്പെടുത്തുകയും വൃക്കകളെ തകരാറിലാക്കുകയും ചെയ്തു. എന്റെ ആരോഗ്യം ഓരോ ദിവസവും മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍ എനിക്ക് സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടി വരുന്നു,” അവര്‍ പോലീസിനോട് പറഞ്ഞു. ബസവ രാജുവിനെയും മാരിസ്വാമചാരിയെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ പോലീസ് അന്വേഷിച്ചുവരികയാണ്.






