വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍ക്കും എതിര്‍പ്പ് ; ഗുജറാത്തിലേക്ക് ഒളിച്ചോടി വന്ന പാകിസ്താനി കമിതാക്കളെ അതിര്‍ത്തിയിലിട്ട് ബിഎസ്എഫ് പിടികൂടി ; രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം

തങ്ങളുടെ ബന്ധത്തെ കുടുംബങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്ന് ഒരു പാകിസ്താനി ദമ്പതികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം, പാകിസ്താനില്‍ നിന്നുള്ള മറ്റൊരു ‘ദമ്പതികളെ’ തിങ്കളാഴ്ച പുലര്‍ച്ചെ ഗുജറാത്ത് അതിര്‍ത്തിയില്‍ വെച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പിടികൂടി.
തിങ്കളാഴ്ച പുലര്‍ച്ചെ 2:50-ഓടെ പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ 523-നും 524-നും ഇടയിലുള്ള തൂണുകള്‍ക്കിടയില്‍ വെച്ച് ഇന്ത്യയുടെ ഭാഗത്തുവെച്ചാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തിയതെന്നും, തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കച്ച് (ഈസ്റ്റ്) ബാലാസര്‍ പോലീസ് സ്റ്റേഷന് കൈമാറിയെന്നും പോലീസ് അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരോട് തങ്ങള്‍ പോപത്കുമാര്‍ നഥു ഭില്‍ (24), ഗൗരി ഗുലാബ് ഭില്‍ (20) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഔപചാരികമായ തിരിച്ചറിയല്‍ രേഖകളൊന്നും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരുടെയും കൈവശം 100 പാകിസ്താനി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ കുടുംബങ്ങള്‍ എതിരായതിനാല്‍ ഒളിച്ചോടിയെന്നുമാണ് ഇരുവരുടേയും അവകാശവാദം.
ഇക്കാര്യത്തില്‍ ബിഎസ്എഫ് ഒരു പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മിര്‍പൂര്‍ ഖാസ് ഡിവിഷനിലെ താര്‍പാര്‍ക്കര്‍ ജില്ലയിലെ ഒരു ഗ്രാമത്തി ലെ താമസക്കാരാണെന്ന് ഇരുവരും അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. കച്ച് ജില്ലയിലെ ഭുജ് സിറ്റിയിലുള്ള ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററിലേക്ക് ഇവരെ കൊണ്ടുപോകും.
ഒക്ടോബര്‍ 8-ന് പാകിസ്താനില്‍ നിന്നുള്ള മറ്റൊരു ദമ്പതികളെ കച്ചിലെ രതന്‍പര്‍ ഗ്രാമത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പാകിസ്താനിലെ ഇസ്ലാംകോട്ട് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തി നടുത്തുള്ള ഒരേ പ്രദേശത്താണ് തങ്ങള്‍ താമസിച്ചിരുന്നതെന്നും, കുടുംബങ്ങള്‍ ബന്ധത്തിന് എതിരായതിനാല്‍ ഒക്ടോബര്‍ 4-ന് തങ്ങള്‍ ‘ഒളിച്ചോടി’യെന്നും അവര്‍ പോലീസിനോട് പറഞ്ഞിരുന്നു. ടോട്ടോ എന്ന താര രണ്‍മല്‍ ചുഡി, മീന എന്ന പൂജ കര്‍സന്‍ ചുഡി എന്നാണ് ഇരുവരും പേരുകള്‍ പറഞ്ഞത്.






