കാന്താ…ഇത് സിനിമാക്കഥയല്ല ഒറിജിനല്‍ കാന്ത കഥയാണ്; സൗദിയില്‍ മൂന്നുവയസുകാരന്റെ വയറ്റില്‍ നിന്നെടുത്തത് 49 കാന്തങ്ങള്‍

ദമാം: ദുല്‍ഖര്‍ സല്‍മാന്റെ കാന്താ എന്ന സിനിമയെക്കുറിച്ചല്ല പറയാന്‍ പോകുന്നത്. സാക്ഷാല്‍ കാന്തത്തിന്റെ കഥയാണ്. എങ്ങിനെയോ കാന്തങ്ങള്‍ വിഴുങ്ങിയ ഒരു മുന്നുവയസുകാരന്റെ കാന്തക്കഥ.
സൗദി അറേബ്യയിലെ ദമാമില്‍ മൂന്നു വയസുകാരന്റെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് ഒന്നും രണ്ടും കാന്തങ്ങളല്ല, 49 കാന്തങ്ങളാണ്. ഇതെങ്ങിനെ ഈ കുഞ്ഞിന്റെ വയറ്റില്‍ വന്നുപെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ഉത്തരം പറയാനായിട്ടില്ല.
ഈ കുഞ്ഞിനെ വിട്ടുമാറാത്ത വയറുവേദനയുമായാണ്
ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിക്കുന്നത്. അവിടത്തെ ഡോക്ടര്‍മാരാണ് എക്സ് റേ എടുത്ത് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് കുഞ്ഞിന്റെ ആമാശയത്തിലും ചെറുകുടലിലുമൊക്കെ അസാധാരണമായ ചില വസ്തുക്കള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആ അസാധാരണ വസ്തുക്കള്‍ ലോഹഭാഗങ്ങളും കാന്തങ്ങളുമാണെന്നും മനസിലായത്.
ശസ്ത്രക്രിയ നടത്താതെ ഈ കാന്തങ്ങളും മറ്റും നീക്കം ചെയ്യാന്‍ പറ്റുമോ എന്നായി ഡോക്ടര്‍മാരുടെ അടുത്ത ചിന്ത.
വയര്‍ തുറന്നുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, മുകളിലൂടെയുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്കോപ്പ് ഉപയോഗിച്ച് ഒരു മണിക്കൂര്‍ നീണ്ടുനിന്ന വിജയകരമായ പ്രക്രിയയിലൂടെ കാന്തങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
ചെറുതും വലുതുമായ കാന്തങ്ങള്‍ മൂന്നുവയസുള്ള ഈ കുഞ്ഞിന്റെ ശരീരത്തിനകത്തു നിന്നും പുറത്തെടുത്തപ്പോള്‍ ഡോക്ടര്‍മാരും വീട്ടുകാരും അമ്പരന്നു.
കാന്തശക്തിയുള്ള കുഞ്ഞെന്ന വിശേഷണം ഡോക്ടര്‍മാര്‍ക്ക് ഈ മൂന്നുവയസുകാരന് നല്‍കുകയും ചെയ്്തു.






