ഗംഭീറിനു പകരം ആളെത്തപ്പുന്നു; മുന്‍നിര താരങ്ങളും ഗംഭീറിനെതിരെ; ഗംഭീര്‍ രാജിക്കൊരുങ്ങുന്നതായും സൂചന

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നതായി സൂചന.
ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു പുറമെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലകസ്ഥാനം രാജിവെച്ചൊഴിയാന്‍ ഗംഭീര്‍ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിലുണ്ടായ നാണക്കേട് രണ്ടാം ടെസ്റ്റില്‍ ഇല്ലാതാക്കാം എന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് ഗംഭീര്‍ രാജിയെന്ന തീരുമാനത്തിലേക്ക് ഉറ്റുനോക്കുന്നത്. പല മുതിര്‍ന്ന കളിക്കാരും ഗംഭീറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതും ഗംഭീറിന് തിരിച്ചടിയായി.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ പെട്ടന്ന് മത്സരത്തിലേക്കും വിജയപഥത്തിലേക്കും തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യം എളുപ്പമല്ലെന്ന തിരിച്ചറിവും ഗംഭീറിനെ രാജിക്ക് നിര്‍ബന്ധിതനാക്കുന്നുണ്ട്.
അതേസമയം ഗംഭീറിന് ഇനിയും അവസരം കൊടുക്കണമെന്നും രണ്ടു ടെസ്റ്റു മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അന്തിമ വിലയിരുത്തല്‍ വേണ്ടെന്നും ബിസിസിഐക്കുള്ളില്‍ അഭിപ്രായമുണ്ട്.
ഒന്നാം ടെസ്റ്റിന്റെ മാനസികസമ്മര്‍ദ്ദം ഗംഭീറിനെ രണ്ടാം ടെസ്റ്റിലും ബാധിച്ചുവെന്ന് പൊതുവെ വിലയിരുത്തുന്നുണ്ട്. ഗംഭീറിന്റെ ബോഡി ലാംഗ്വേജിലും കളിക്കാരോടുള്ള പെരുമാറ്റത്തിലും വരെ അത് പ്രകടമാണെന്ന് പരക്കെ ആക്ഷേപവമുണ്ട്.
ഗംഭീറിനോടായി മുന്‍ ഇന്ത്യന്‍ താരം അനില്‍കുംബ്ലെ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
സംസാരിക്കുന്നതൊക്കെ നിര്‍ത്തി ഗംഭീറും ഇന്ത്യന്‍ താരങ്ങളും ഗ്രൗണ്ടില്‍ എന്തെങ്കിലും ചെയ്തു കാണിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അനില്‍ കുംബ്ലെ തുറന്നടിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സംസാരം നിര്‍ത്തി ചെയ്തു കാണിക്കേണ്ട സമയമാണിത്. ദക്ഷിണാഫ്രിക്കക്കെതിരെ ജയിക്കാനായില്ലെങ്കിലും പൊരുതാനെങ്കിലും ഇന്ത്യ തയാറാവണം. ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍ക്കെതിരെ അതിനുള്ള സുവര്‍ണാവസരമാണിത്. നിങ്ങള്‍ പലതും പറഞ്ഞിരിക്കാം. അതൊക്കെ ചെയ്തു കാണിക്കേണ്ട സമയം ഇപ്പോഴാണെന്നും കുംബ്ലെ പറഞ്ഞത് പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഗംഭീറിനും ഇന്ത്യന്‍ ടീമിനും ക്ഷീണം തന്നെയാണ്. കുംബ്ലെയുടെ വാക്കുകള്‍ കേട്ട് ഫീനിക്‌സ് പക്ഷിയെ പോലെ ഗംഭീറും ഇന്ത്യന്‍ടീമും പരാജയത്തിന്റെ ചാരക്കൂമ്പാരത്തില്‍ നിന്ന് ചിറകടിച്ച് ഉയര്‍ന്നുപറക്കുമെന്ന് കരുതുന്നവര്‍ കുറവാണ്.
മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ കൃഷ്ണമാചാരി ശ്രീകാന്ത് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് ഛിന്നഭിന്നമാക്കിയിട്ടുണ്ട്.
ആരാധകരും ഗംഭീറിനെ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്.
ഇത്രയും അനുകൂലമല്ലാത്ത ഒരു ചുറ്റുപാടില്‍ ഗംഭീറിന്റെ വിക്കറ്റ് പോകുമെന്ന കാര്യത്തില്‍ ഏറെക്കുറെ സാധ്യതയേറിയിരിക്കുകയാണ്. അതിലും ഭേദം വിക്കറ്റ് വലിച്ചെറിയുകയാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഗംഭീറിന് പകരം ആരെ ഇന്ത്യന്‍ പരിശീലകനാക്കണം എന്ന ചര്‍ച്ച ബിസിസിഐയുടെ അകത്തളങ്ങളില്‍ നടക്കുന്നുണ്ട് എന്നാണ് സൂചന. പല പ്രമുഖരുടേയും പേരുകള്‍ പരിഗണനയ്ക്ക് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗംഭീറിന് ഇനിയും അവസരം നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല.






