Breaking NewsIndiaKeralaLead NewsNEWSNewsthen Special

എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രത പാലിക്കണം; വേണം ജാഗ്രത വേണം; എന്താണ് കാരണമെന്നറിയണോ

കൊച്ചി : എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രതപാലിക്കണം എന്ന് സംശയം തോന്നാം. പക്ഷേ ജാഗ്രത വേണം. ജാഗ്രത പാലിക്കേണ്ടത് നെടുമ്പാശേരിക്കാരാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങളാണ് ജാഗ്രതയോടെ പറക്കേണ്ടത്.
അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണത്രെ. ഈ കരിമേഘപടലം വിമാന എന്‍ജിനുകളെ വലിയ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
സര്‍വീസുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലൂടെ വടക്കന്‍ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. ഈ പുകപടലം അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ മേഘപടലം പോലെ ആയതിനാല്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.


അഗ്‌നിപര്‍വ്വത ചാരം വിമാന എന്‍ജിനുകള്‍ക്ക് ഗുരുതരമായ തകരാറുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആകാശ എയര്‍, ഇന്‍ഡിഗോ, കെ.എല്‍.എം തുടങ്ങിയ വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈനുകള്‍ക്ക് കരിമേഘ പടലങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡൈ്വസറികള്‍ അനുസരിച്ച് ഫ്‌ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിന്റെ അളവ് എന്നിവയില്‍ മാറ്റം വരുത്താനും നിര്‍ദ്ദേശം നല്‍കി. എന്‍ജിന്‍ പ്രവര്‍ത്തനത്തിലെ അപാകതകളോ കാബിനില്‍ പുകയോ ഗന്ധമോ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ അഗ്‌നിപര്‍വ്വത ചാരത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ റണ്‍വേ, ടാക്സിവേ, അപ്രോണ്‍ എന്നിവ ഉടന്‍ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: