Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

അങ്ങനെ മാങ്കൂട്ടത്തില്‍ വിലസണ്ട; ചെന്നിത്തല വാളെടുത്ത് രാഹുലിനെതിരെ; കൃത്യമായ അമ്പുകളെയ്ത് മുരളീധരനും; രാഹുല്‍ വിമതര്‍ ഒറ്റക്കെട്ട്; മാങ്കൂട്ടത്തിലിനെ മണിച്ചിത്രത്താഴിട്ടു പൂട്ടും

തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ രാഹുല്‍ വിമതരെല്ലാം ഇനി ഒറ്റക്കെട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും വിവാദത്തില്‍ പെട്ടതോടെ ഇനി രാഹുലിനെ വിലസാന്‍ വിടണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസില്‍ മാങ്കൂട്ടത്തിലിനോട് മനസുകൊണ്ട് മടുപ്പുള്ള വലിയൊരു വിഭാഗം.
സസ്‌പെന്‍ഷനിലായിട്ടും സുഖമായി കോണ്‍ഗ്രസില്‍ വിലസുന്ന രാഹുലിനെ പൂട്ടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് പുതിയ ശബ്ദരേഖ മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ഒന്നാന്തരം മണിച്ചിത്രത്താഴായിരിക്കുകയാണ്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ഈ തെരഞ്ഞെടുപ്പു കാലത്ത് വീട്ടില്‍നിന്നിറങ്ങാതെ ടിവിയും കണ്ടിരിക്കേണ്ട അവസ്ഥയിലേക്കാണ് മാങ്കൂട്ടത്തില്‍ പോകുന്നത്.
രമേശ് ചെന്നിത്തല രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തിയതും ശക്തവും കൃത്യവുമായ ഭാഷയില്‍ കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതുമെല്ലാം മാങ്കൂട്ടത്തലിനെ മൂലയ്ക്കിരുത്താനുള്ള വകയായിട്ടുണ്ട്.
സിപിഎമ്മും ബിജെപിയും വിഷയം ഒന്നുകൂടി ഏറ്റുപിടിച്ചതോടെ രാഹുലിന് ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയാണ്.

Signature-ad

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, പിന്നെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന ഒറ്റ ഡയലോഗിലൂടെ തന്റെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ പല കോണ്‍ഗ്രസുകാര്‍ക്കുമുള്ള അതൃപ്തിയാണ് ചെന്നിത്തല പ്രകടമാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തിലും ആരും രാഹുലിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.

രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് പുറത്തുവന്ന പുതിയ തെളിവുകള്‍. ഇരയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിനൊപ്പം ക്രൂരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ വീണ്ടും പുറത്തുവന്നിരുന്നു. പെണ്‍കുട്ടി വൈകാരികമായപ്പോള്‍ നാടകം കളിക്കരുതെന്നാണ് രാഹുല്‍ പരിഹസിക്കുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് നിര്‍ബന്ധിക്കുന്നതാണ് വാട്‌സ്ആപ്പ് ചാറ്റ്.

അതേസമയം, ശബ്ദരേഖയും വാട്‌സ് ആപ്പ് ചാറ്റും പുറത്തുവന്നിട്ടും, പഴയ ന്യായീകരണം ആവര്‍ത്തിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇരയായ പെണ്‍കുട്ടി പരാതി നല്‍കുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് വേദികളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാണ്. തദ്ദേശതെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് രാഹുല്‍ താന്‍ കോണ്‍ഗ്രസ് പ്രചരണങ്ങളില്‍ ആക്ടീവാണ് എന്ന് കാണിച്ചുകൊടുക്കുമ്പോള്‍ നേതൃത്വത്തിലുള്ളവര്‍ക്ക് വരെ അതില്‍ അതൃപ്തിയും അസ്വസ്ഥതയുമുണ്ട്. അതാണ് ചെന്നിത്തലയുടെ വാക്കുകൡലൂടെ പുറത്തുവന്നിരിക്കുന്നത്.
വി.കെ.ശ്രീകണ്ഠന്‍ എംപിയടക്കം രാഹുലിന് പിന്തുണ നല്‍കുന്നവര്‍ക്കുള്ള മറുപടികൂടിയാണ് ചെന്നിത്തല നല്‍കിയത്.


യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായിരുന്നു. മാങ്കാവ് , കമ്മാന്തറ, കണ്ണാടി, ചുങ്കമന്ദം, മാത്തൂര്‍ വാര്‍ഡുകളിലാണ് രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയത്. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങുന്നത് തെറ്റില്ലെന്ന് ആയിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള വി.കെ.ശ്രീകണ്ഠന്‍ എം പിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുല്‍ വീട് കയറിയുള്ള പ്രചാരണത്തിനായി സജീവമായി കളത്തിലിറങ്ങാനിരിക്കെയാണ് ചെന്നിത്തലയുടെ താക്കീത് വെള്ളിടിയായി രാഹുലിനേറ്റിരിക്കുന്നത്.

കൃത്യവും ശക്തവുമായ അമ്പുകളാണ് കെ.മുരളീധരന്‍ തൊടുത്തിരിക്കുന്നത്. രാഹുല്‍ വിഷയം സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ടുകൊടുത്തിരിക്കുകയാണ് മുരളി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് മുരളീധരന്‍ പറയുമ്പോള്‍ സര്‍ക്കാരിനു പിന്നാലെ കോണ്‍ഗ്രസിന് നടപടികളെടുക്കാമെന്നാണ് മുരളി ഉന്നംവെയ്ക്കുന്നത്.
സര്‍ക്കാരിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാനുള്ള സാഹചര്യമുണ്ട്. നടപടിയെടുത്താല്‍ പാര്‍ട്ടിയും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കും. വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. വിഷയത്തില്‍ പോലീസ് ഇടപെട്ടാല്‍ മാത്രമേ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനെ പറ്റി ചിന്തിക്കൂവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന് രാഹുല്‍മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൈക്കൊള്ളാവുന്ന വഴികളാണ് മുരളി പറഞ്ഞുകൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ അമാന്തിച്ചാല്‍ പാര്‍ട്ടി നടപടിയും വൈകും എന്നാണ് മുരളി നല്‍കുന്ന സൂചന. സര്‍ക്കാരും പോലീസും നടപടിയെടുത്താല്‍ പാര്‍ട്ടിയും വേഗത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് മുരളിയുടെ വാക്കുകള്‍.
ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്ത ആളിനെതിരെ കൂടുതല്‍ നടപടിക്ക് പോകണമെങ്കില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുള്ള നടപടിയുണ്ടാകണം. ഇതുവരെയും രാഹുലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനായുള്ള നടപടി ഉണ്ടായിട്ടില്ല. അത്തരമൊരു പുകമറ കാണിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബി.ജെ.പിയും സി.പി.എമ്മും കരുതേണ്ട. തെളിവുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കട്ടെ എന്നാണ് മുരളീധരന്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ സ്ഥിരം ന്യായീകരണങ്ങളും വാദഗഗതികളുമായി തനിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിനകത്ത് നിന്ന് രാഹുലിനെ തളയ്ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ കളത്തിലിറങ്ങുന്ന കാഴ്ചയാണുള്ളത്. ഉറപ്പാണ്, രാഹുല്‍ പാടുപെടും.

Back to top button
error: