വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനായി തെരച്ചില്‍; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു

ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയിൽ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വർധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവിൽ പോയ പ്രേമിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കി. നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.






