Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

ഇത്തരം ജോലികള്‍ക്ക് തൊഴില്‍രഹിതരായ നമ്മുടെ യുവതലമുറയെ വിളിക്കൂ; അവര്‍ ചെയ്യും ഭംഗിയായി; ആലപ്പുഴയ്ക്ക് കൊടുക്കാം ഒരു കയ്യടി

തൃശൂര്‍: ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവതലമുറയെ എസ്‌ഐആര്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാനേല്‍പ്പിച്ചാല്‍ കൃത്യസമയത്തിനേക്കാള്‍ മുന്‍പ് വ്യക്തമായി പാളിച്ചകളില്ലാതെ അവരത് ചെയ്ത് തീര്‍ക്കുമായിരുന്നു. ഇനിയെങ്കിലും ഇത്തരം ചുമതലകള്‍ നമ്മുടെ നാട്ടിലെ തൊഴില്‍രഹിതരായവരെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കില്‍….
സര്‍ക്കാര്‍ ജോലിക്കാരെയും അധ്യാപകരേയും ഇലക്ഷന്‍കാലത്തും സെന്‍സസിനുമൊക്കെ വിളിക്കുന്നതിന് പകരം അത്തരം ജോലികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒരു ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ ഏല്‍പ്പിക്കുക. അവര്‍ക്കത് ചെയ്തു തീര്‍ക്കാനാവശ്യമായ ഒന്നോ രണ്ടോ ക്ലാസുകളോ ട്രെയ്‌നിംഗോ നല്‍കിയാല്‍ അവരത് ഭംഗിയായി പൂര്‍ത്തിയാക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ സാധിക്കാതെയാണ് എസ്‌ഐആര്‍ ഫോമും കൊണ്ട് നാടുചുറ്റാനിറങ്ങുന്നത്.


കേരളത്തിലെ തൊഴില്‍ രഹിതരെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കതൊരു ചെറിയ വരുമാനവും ഒരു ജോലിയുടെ എക്‌സ്പീരിയന്‍സുമാകും.
വോട്ടര്‍പട്ടികയുമായും സെന്‍സസുമായും അധ്യാപകരേയും സര്‍ക്കാര്‍ ജീവനക്കാരേയും വഴിയിലേക്കിറക്കിവിട്ട് സ്‌കൂളുകളിലെ ക്ലാസുകള്‍ മുടക്കുന്ന, സര്‍ക്കാര്‍ ഓഫീസുളിലെ ഫയലുകളെ കട്ടപ്പുറത്തു കയറ്റുന്ന ഈ രീതി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഏതെങ്കിലും ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന സാധാരണക്കാരനോട് ഇപ്പോള്‍ ഓഫീസുകളില്‍ നിന്ന് കിട്ടുന്ന മറുപടി എസ്‌ഐആര്‍ വര്‍ക്കിന് പോയ കാരണം ആൡ, ഇനി സമയമെടുക്കും എന്നാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലിരുന്നാല്‍ ചെയ്യേണ്ട ജോലി ചെയ്യുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യം.
പക്ഷേ അവരെ മറ്റു ഡ്യൂട്ടികള്‍ക്ക് നിയോഗിക്കുമ്പോള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കമാണ്. അതൊഴിവാക്കാന്‍ എസ്‌ഐആര്‍ പോലുള്ള പണികള്‍ ജോലിയില്ലാത്ത യുവതലമുറയ്ക്ക് നല്‍കുക.
അങ്ങിനെ ഒരു മാതൃക കാണിക്കാന്‍ തയ്യാറായ ആലപ്പുഴയെ അഭിനന്ദിക്കാതെ വയ്യ.
എത്രയൊക്കെ തലകുത്തി നിന്നിട്ടും പരിശ്രമിച്ചിട്ടും പ്രത്യേക തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം എന്ന സാര്‍ ഇപ്പോഴും പൂര്‍ത്തിയാകാതെ ബാലികേറാമലയുടെ പൂര്‍ത്തീകരണത്തിന് ആലപ്പുഴക്കാര്‍ വഴി കണ്ടെത്തിയിരിക്കുന്നു. കാലങ്ങളായി നാട്ടുകാരും സര്‍ക്കാര്‍ ജീവനക്കാരും പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്ന വഴി തന്നെയാണത്.
പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ബിഎല്‍ഒമാരെ ഫീല്‍ഡ് ലെവല്‍ ഡിജിറ്റലൈസേഷനില്‍ സഹായിക്കുവാന്‍ ടെക്‌നിക്കല്‍ വളണ്ടിയര്‍മാരെ നിയോഗിക്കാന്‍ ആലപ്പുഴയില്‍ തീരുമാനമെടുത്തിരിക്കുന്നു. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍, ഇലക്ട്രല്‍ ലിറ്ററസി ക്ലബ് (ഇഎല്‍സി), എന്‍സിസി, എന്‍എസ്എസ് യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് രജിസ്റ്റര്‍ ചെയ്ത് ഇതില്‍ പങ്കാളികളാകാമത്രെ. കേരളം മാതൃകയാക്കേണ്ട കാര്യമാണ് ആലപ്പുഴയില്‍ നടക്കുന്നത്. കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ഈ വഴി സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: