കണ്ണൂര്‍: സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ചെക്കിക്കുളം സ്വദേശി അന്‍ഷാദിനെയാണ് പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചത്.
പണം ചോദിച്ചാണ് പത്തിലേറെ സീനിയേഴ്സ് മര്‍ദ്ദിച്ചതെന്ന് അന്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ശുചി മുറിയില്‍ കൊണ്ടുപോയി തലയ്ക്കും കഴുത്തിനും നെഞ്ചിനും മര്‍ദ്ദിച്ചു. ചവിട്ടി വീഴ്ത്തി. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് താക്കീത് ചെയ്തു. സീനിയേഴ്സിനെ ഭയന്ന് മറ്റുള്ള ജൂനിയര്‍ കുട്ടികള്‍ പരാതി പറയാത്തതാണെന്നും അന്‍ഷാദ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഗിങ്ങ് ആണെന്ന് നിലവില്‍ പറയാനാകില്ലെന്നും അന്വേഷിച്ച് തുടര്‍ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, നടന്നത് ക്രൂരമായ മര്‍ദ്ദനമാണെന്നും ഏറെ നേരം അന്‍ഷാദ് അബോധാവസ്ഥയിലായിരുന്നുവെന്നും കോളേജ് അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു. ആന്റി റാഗിങ്ങ് കമ്മിറ്റ് ചേര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് കോളേജ് അറിയിക്കുന്നത്. സംഭവത്തെ കുറിച്ച് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ശക്തമായ നിയമനടപടി ഉണ്ടാകണമെന്നും നെഹര്‍കോളേജ് അഡ്മിനിസ്ട്രേറ്റര്‍ അബ്ദുള്‍ സത്താര്‍ പറഞ്ഞു.