വീണ്ടും ഇന്ത്യയ്ക്ക് ആഘാതമായി ആകാശദുരന്തം ; തേജസ് വിമാനം തകര്‍ന്നതില്‍ ഞെട്ടി ഇന്ത്യക്കാര്‍ ; അട്ടിമറിയുണ്ടോ എന്ന ഭീതിയില്‍ രാജ്യം ; അപകടം അട്ടിമറിയാണോ എന്ന് വ്യോമസേന അന്വേഷിക്കും

ദുബായ്: ദുബായിലെ എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ വിമാനം തേജസ് തകര്‍ന്നുവീണതില്‍ ഞെട്ടി ഇന്ത്യ. അഹമ്മദാബാദ് ആകാശദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയും മുന്‍പുണ്ടായ തേജസ് വിമാനദുരന്തം ഇന്ത്യയ്ക്ക് താങ്ങാനാവാത്തതാണ്. എന്തെങ്കിലും അട്ടിമറി അപകടത്തിന് പിന്നിലുണ്ടോയെന്ന ഭീതിയിലാണ് ഇന്ത്യ. അഭ്യൂഹങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അപകടം അട്ടിമറിയാണോ എന്ന് വ്യോമസേന അന്വേഷിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ദുബായിയില്‍ എയര്‍ഷോയ്ക്കിടെയാണ് ഇന്ത്യയെ ആകെ കണ്ണീരിലാഴ്ത്തിയ ആകാശദുരന്തമുണ്ടായത്.
തേജസ് വിമാനം തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു ഇന്ത്യന്‍ വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശിയായ വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.
ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോ എന്നതില്‍ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്നലെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്. ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ സൂപ്പര്‍സോണിക് കോംബാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഒന്നാണിത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.
തേജസ് ദുരന്തത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കും വീരമൃത്യു വരിച്ച വിംഗ് കമാന്‍ഡര്‍ നമന്‍ശ് സ്യാലിന്റെ കുടുംബത്തിനും ദുബായ് സിവില്‍ എവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്‌മദ് ബിന്‍ സയീദ് അല്‍ മക്തും അനുശോചനം അറിയിച്ചു.
ദുരന്തത്തില്‍ കടുത്ത ദുഃഖം അറിയിക്കുന്നു എന്നും ഇന്ത്യന്‍ എയര്‍ഫോഴ്സിനു പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എയര്‍ഷോ സംഘാടകരും അനുശോചനം അറിയിച്ചു. വലിയ നഷ്ടത്തില്‍ കുടുംബത്തിന് ഒപ്പം നില്‍ക്കുന്നു എന്ന് ദുബായ് എയര്‍ഷോ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ ദുഃഖം പങ്കുവെക്കുന്നു എന്നും എല്ലാ അംഗങ്ങളും സുരക്ഷിതരായി ഇരിക്കട്ടെ എന്നും സംഘടകര്‍ പറഞ്ഞു. 20 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്റോസ്പേസ് ഭീമനായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ അപകടമുണ്ടായെങ്കിലും പൈലറ്റ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

എയര്‍ഷോയുടെ അവസാന ദിവസമാണ് ഇന്ത്യയ്ക്ക് തീരാനഷ്ടത്തിന്റെ ദിനമായി മാറിയത്.
എട്ട് മിനിറ്റ് നീണ്ടുനില്‍ക്കുന്നതായിരുന്നു തേജസിന്റെ ആകാശ പ്രദര്‍ശനം. ഉയരത്തിലേക്ക് പോയ തേജസ് വിമാനം പെട്ടന്ന് താഴേക്ക് പതിക്കുകയായിരുന്നു. താഴെ വീണതും പൊട്ടിത്തെറിച്ച് തേജസ് തീഗോളമായി. എയര്‍സ്ട്രിപ്പിന് മുകളിലേക്ക് ഉയര്‍ന്ന കറുത്ത കട്ടിപ്പുക കിലോമീറ്ററുകളോളം അകലത്തില്‍ കാണാമായിരുന്നു. എയര്‍ഷോ വീക്ഷിച്ചുകൊണ്ടിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള കാണികള്‍ തങ്ങളുടെ കണ്‍മുന്നില്‍ ഒരു വിമാനം വീണ് പൊട്ടിത്തെറിച്ച് കത്തിയമരുന്നത് കണ്ട് നടുങ്ങിവിറച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് ഒരു അന്വേഷണ കോടതി രൂപീകരിക്കുകയാണെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എക്‌സില്‍ കുറിച്ചിട്ടുണ്ട്.
വിമാനം തകര്‍ന്ന് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം എയര്‍ ഷോ ഫ്‌ളൈറ്റ് പ്രകടനങ്ങള്‍ പുനരാരംഭിച്ചു,
തേജസ് ആകാശ ദുരന്തം നേരില്‍ കണ്ട കാണികള്‍ ഇപ്പോഴും അതിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല.
ഇതൊരിക്കലും മറക്കാനാകില്ല, ഞങ്ങളുടെ ഉറക്കം കെടുത്തുന്ന ദാരുണ സംഭവമായി തേജസിന്റെ ഈ അപകടം ജീവിതാവസാനം വരെ ഞങ്ങള്‍ക്കൊപ്പമുണ്ടാകും – എയര്‍ഷോയില്‍ തേജസ് തീഗോളമായി മാറിയ ദുരന്തക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച കാണികളിലൊരാളായ മുന്‍ ജെറ്റ് ഫൈറ്റര്‍ പറഞ്ഞു.
എയര്‍ഷോയില്‍ തേജസിന്റെ പൈലറ്റ് കാഴ്ചവെച്ചത് വിസ്മയിപ്പിക്കുന്ന മികച്ച പ്രകടനമായിരുന്നുവെന്നും വിമാനം തകരുന്നതിന് മുന്‍പ് ആ പൈലറ്റ് എയര്‍ഷോ കാണാനിരുന്നവരെ രക്ഷിക്കാനായി ശ്രമിക്കുന്നതായി തോന്നിയെന്നും കാണികളുടെ മേല്‍ വീഴാതെ വിമാനം തിരിക്കാന്‍ ശ്രമിക്കുന്നതായി തോന്നിയെന്നും മുന്‍ ജെറ്റ്് ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റ് വിശദീകരിച്ചു. തന്റെ ജീവനേക്കാള്‍ ഒരുപാട് മനുഷ്യരുടെ ജീവന് അവസാനനിമിഷവും വിലകല്‍പിച്ച ആ ധീരനെ സെല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അപകടം സംഭവിക്കും വരെ തേജസ് ഷോ ഒരു അത്ഭുതപ്രകടനം തന്നെയായിരുന്നു. ആ പൈലറ്റിന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് ഏറെ വേദനിപ്പിക്കുന്നുവെന്നും മുന്‍ ജെറ്റ് ഫൈറ്റര്‍ വിഷമത്തോടെ ഓര്‍മിച്ചു.
തേജസ് വീണ് പൊട്ടിത്തെറിച്ചതിന്റെ സ്‌ഫോടനാഘാതം വളരെ ദൂരേക്കും പ്രതിധ്വനിച്ചു. കാതടപ്പിക്കുന്ന വലിയ ശബ്ദം ഞങ്ങള്‍ കേട്ടു. വീട് നിലംപതിച്ചതാണോ എന്ന് സംശയിച്ചു – എയര്‍സ്ട്രിപ്പിനടുത്തു താമസിക്കുന്ന വിന്‍സ്റ്റണ്‍ ലോബോ പേടിമാറാതെ പറഞ്ഞു.

സെല്യൂട്ട് സിയാല്‍ ഒരുപാട് ജീവനുകള്‍ രക്ഷിച്ചതിന്
നിങ്ങളുടെ മകള്‍ വേദനകള്‍ക്കിടയിലും അഭിമാനിക്കും അവളുടെ ധീരനായ അച്ഛനെയോര്‍ത്ത്…
ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ നിന്നുള്ളയാളാണ് വിങ് കമാന്‍ഡര്‍ നമാന്‍ഷ് സിയാല്‍. ഐഎഎഫ് ഉദ്യോഗസ്ഥ കൂടിയായ ഭാര്യയും അവരുടെ ആറുവയസുള്ള മകളും മാതാപിതാക്കളുമാണ് സിയാലിന്റെ കുടുംബം.
ദുബായ് എയര്‍ഷോ വിജയകരമായി പൂര്‍ത്തിയാക്കി സിയാല്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുമ്പോഴാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി ദുരന്തവാര്‍ത്തയെത്തുന്നത്.
സുജന്‍പൂര്‍ തിരയിലെ സൈനിക് സ്‌കൂളില്‍ നിന്നാണ് സിയാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2009 ഡിസംബര്‍ 24 ന് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു.
സിയാലിന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് ഉള്ളത്. ഐഎഎഫില്‍ സേവനമനുഷ്ഠിക്കുന്ന ഭാര്യ കോഴ്സിനായി കൊല്‍ക്കത്തയിലാണ്. പിതാവ് ജഗന്നാഥ് സിയാല്‍ ഇന്ത്യന്‍ ആര്‍മിയുടെ മെഡിക്കല്‍ കോര്‍പ്സില്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുകയും പ്രിന്‍സിപ്പലായി വിരമിക്കുകയും ചെയ്തയാളാണ്.
ഹിമാചല്‍ തങ്ങളുടെ ധീരഹൃദയനെ ഓര്‍ത്ത് വിലപിക്കുന്നുവെന്ന നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടു. സംസ്ഥാനത്തെയാകെ സിയാലിന്റെ മരണം ഞെട്ടിച്ചുവെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് എക്‌സില്‍ പ്രതികരിച്ചു.
സിയാലിന്റെ മകളെ ആശ്വസിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഹൃദയസ്പര്‍ശിയാണ്. മകളേ നിനക്ക് വേദനകള്‍ക്കിടയിലും നിന്റെ ധീരനായ അച്ഛനെയോര്‍ത്ത് അഭിമാനിക്കാം എന്ന പോസ്റ്റ് പലരും കുറിച്ചിട്ടുണ്ട്.






