നാല് തൊഴില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍; ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സുരക്ഷാ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്; മിനിമം വേതനം, സയമബന്ധിതമായ ശമ്പള വിതരണം

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ നാല് തൊഴില്‍ച്ചട്ടങ്ങള്‍ (ലേബര്‍ കോഡ്) വിജ്ഞാപനം ചെയ്തു. തൊഴില്‍ രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടുന്നതാണിത്. ഗിഗ് വര്‍ക്കര്‍മാര്‍ക്ക് സാര്‍വത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴില്‍ ചട്ടങ്ങള്‍.
2019ലെ വേതനച്ചട്ടം(കോഡ് ഓഫ് വേജസ്), 2020-ലെ വ്യവസായ ബന്ധച്ചട്ടം (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്) 2020-ലെ സാമൂഹിക സുരക്ഷാചട്ടം( കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), 2020-ലെ ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യ, പ്രവര്‍ത്തന സാഹചര്യം എന്നിവ സംബന്ധിച്ചചട്ടം( ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്) എന്നിവയാണ് ചട്ടങ്ങള്‍. നിലവിലുള്ള 29 വ്യത്യസ്തചട്ടങ്ങള്‍ക്ക് പകരമായാണ് ഏകീകൃത തൊഴില്‍ച്ചട്ടം.
സ്ത്രീകള്‍ക്ക് വിപുലമായ അവകാശങ്ങളും സുരക്ഷയും പരിഷ്‌കരണത്തിന്റെ ഭാഗമാണ്. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് ജോലി അനുവദിക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവന്‍ പ്രാബല്യമുള്ള ഇഎസ്ഐ പരിരക്ഷ, ഏക രജിസ്‌ട്രേഷന്‍ എന്നിവ ചട്ടങ്ങളുടെ ഭാഗമാണ്.
തൊഴിലാളികളുടെ ശാക്തീകരണത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ പരിഷ്‌കരണമാണ് നിലവില്‍ വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാമൂഹികസുരക്ഷാ കോഡ് പ്രകാരം ഗിഗ്, പ്ലാറ്റ് ഫോം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കും. എല്ലാ ജീവനക്കാര്‍ക്കും പിഎഫ്, ഇഎസ്ഐ, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ലഭിക്കും. വേതന കോഡ് പ്രകാരം എല്ലാ ജീവനക്കാരും നിയമപരമായ മിനിമം വേതനത്തിന് അര്‍ഹരാകും.
ആദ്യമായി ‘ഗിഗ് വര്‍ക്ക്’, ‘പ്ലാറ്റ്ഫോം വര്‍ക്ക്’, ‘അഗ്രഗേറ്റര്‍മാര്‍’ എന്നിവ നിര്‍വചിച്ചിട്ടുണ്ട്. നിശ്ചിതകാല ജീവനക്കാര്‍ ഒരു വര്‍ഷത്തിനകം ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരാകും. തോട്ടം തൊഴിലാളികള്‍ സാമൂഹിക സുരക്ഷാ കോഡിന്റെ പരിധിയില്‍ വരും. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് പെര്‍ഫോമര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഡിജിറ്റല്‍, ഓഡിയോവിഷ്വല്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. തൊഴില്‍ച്ചട്ടങ്ങള്‍ ഏകപക്ഷീയമായി വിജ്ഞാപനംചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമെന്ന് പ്രതിപക്ഷ, കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.






