പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ല ; അറസ്റ്റ് നടന്നത് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അറിയാതെ സംസ്ഥാനത്ത് ഒരു ഫയല്‍ നീക്കം പോലും നടക്കില്ലെന്നും ഒരു ഈച്ചപോലും സര്‍ക്കാര്‍ അറിയാതെ അനങ്ങില്ലെന്ന് വരുമ്പോള്‍ നാലര കിലോ സ്വര്‍ണ മോഷണം സര്‍ക്കാര്‍ അറിഞ്ഞില്ലെന്നത് സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ലെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ നേതൃത്വത്തെ കണ്ടെത്താന്‍ എസ്ഐടിക്ക് കഴിയുന്നില്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ എത്തിക്കണമെന്നും പറഞ്ഞു.
ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും സമ്മര്‍ദം കൊണ്ടാണ് പ്രത്യേക അന്വേഷണം ഈ അറസ്റ്റ് വരെ എത്തിയത്. ഇതില്‍ നിന്ന് പിന്നോക്കം പോകരുതെന്നും എസ്ഐടി കൂടുതല്‍ മുന്നോട്ടുപോകണമെന്നും കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണമോഷണത്തിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് തങ്ങളും ജനങ്ങളും വിശ്വസിക്കുന്നുണ്ടെന്നും പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എസ്‌ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പിന്നാലെയായിരുന്നു അറസ്റ്റ്.






