Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

ലോകത്തെ ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്; എപ്‌സ്‌റ്റൈന്‍ ഫയല്‍ ബില്ലില്‍ ട്രംപ് ഒപ്പിട്ടു; നടപടിക്കു പിന്നില്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം; എപ്‌സ്‌റ്റൈന്റെ വീട്ടില്‍ ട്രംപ് ചെലവഴിച്ചെന്ന ആരോപണത്തിനും തീരുമാനമാകും

ന്യൂയോര്‍ക്ക്: അമേരിക്കയെയും ലോകത്തെ തന്നെയും നടുക്കിയ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട അതീവ രഹസ്യ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റൈന്‍ ഫയലുകളെല്ലാം പരസ്യമാക്കാന്‍ ഭരണകൂടത്തോട് നിർദ്ദേശിക്കുന്ന ബില്ലിൽ ഒപ്പുവെച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട ഫയലുകളും  അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിധത്തിൽ ഒരുമാസത്തിനുള്ളില്‍ നീതിന്യായ വകുപ്പ് പുറത്തുവിടും.

 

Signature-ad

‘ഡെമോക്രാറ്റുകള്‍ക്ക് എപ്സ്റ്റൈനുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടും, എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു’- എന്നായിരുന്നു ട്രംപിന്‍റെ കുറിപ്പ്. ‘നമ്മുടെ ഭരണ നേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി, റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ, ഡെമോക്രാറ്റുകളെ ബാധിക്കുന്ന എപ്സ്റ്റൈന്‍ വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിച്ചു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

അതേസമയം നേരത്തെ എപ്സ്റ്റൈന്‍ ഫയലുകൾ പുറത്തുവിടുന്നതിനെ എതിർത്തിരുന്ന ട്രംപ്, ഡെമോക്രാറ്റുകളിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബില്ലിൽ ഒപ്പുവെച്ചത്. ട്രംപ് – എപ്സ്റ്റൈന്‍ ബന്ധം ശക്തമായിരുന്നുവെന്ന വാദം ഡെമോക്രാറ്റുകൾ ഉയർത്തിയിരുന്നു. മണിക്കൂറുകളോളം എപ്സ്റ്റന്‍റെ വീട്ടില്‍ ട്രംപ് സമയം ചെലവഴിച്ചിരുന്നുവെന്ന്  വെളിപ്പെടുത്തുന്ന എപ്സ്റ്റൈന്‍റെ പേരിലുള്ള ഇമെയിലുകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. നേരത്തെയും ഇരുവരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു.

 

ഫയലുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ആവശ്യപ്പെട്ടിരുന്നു. ബില്ലില്‍ ട്രംപ് ഒപ്പിട്ടതോടെ എപ്സ്റ്റൈനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ആശയവിനിമയങ്ങളും, 2019ൽ എപ്‌സ്റ്റീൻ മരിച്ചതിനെക്കുറിച്ച് അടക്കമുള്ള  അന്വേഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുവിടാൻ നീതിന്യായ വകുപ്പ് ബാധ്യസ്ഥമാണ്. അന്വേഷണങ്ങളുടെ ഭാഗമായി കേസിലെ ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ മറയ്ക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഒരു വിവരങ്ങളും തടഞ്ഞുവെയ്ക്കാൻ നിയമം അനുവദിക്കുന്നില്ല.

 

എപ്സ്റ്റൈന്‍റെ എസ്റ്റേറ്റിൽ നിന്നുള്ള 20,000 പേജുള്ള രേഖകളാണ് കേസില്‍ ഏറ്റവുമൊടുവിലായി പുറത്തുവന്നത്. അവയിൽ ചിലത് ട്രംപിനെ നേരിട്ട് പരാമർശിക്കുന്നവയാണ്. ട്രംപിനെക്കുറിച്ചുള്ള എപ്സ്റ്റീന്റെ 2018 ലെ സന്ദേശങ്ങളും അവയിൽ ഉൾപ്പെടുന്നു, അതിൽ ‘അദ്ദേഹത്തെ താഴെയിറക്കാൻ എനിക്ക് കഴിവുണ്ടെന്നും ട്രംപ് എത്ര വൃത്തികെട്ടവനാണെന്ന് എനിക്കറിയാം എപ്സ്റ്റൈന്‍ തുറന്നടിച്ചിട്ടുണ്ട്.

 

സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ശതകോടീശ്വരനായിരുന്നു ജെഫ്രി എപ്സ്റ്റൈന്‍. കേസ് അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വിഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലയന്റുകളുടെയും പേരുകൾ, മറ്റ് വിവരങ്ങള്‍ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റൈന്‍ ഫയലുകൾ എന്നറിയപ്പെടുന്നത്.

 

ന്യൂയോർക്കിലെ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്നു ജെഫ്രി എപ്സ്റ്റൈന്‍. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്സ്‌റ്റൈൻ ആൻഡ് കോ സസ്ഥാപിച്ചു. ഉന്നതർക്കായി പാർട്ടികൾ സംഘടിപ്പിച്ചാണ് എപ്സ്റ്റൈന്‍ ശ്രദ്ധേയനായത്. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി പെൺകുട്ടികൾ രം​ഗത്ത് വന്നിരുന്നു. 2005ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുട‍ർന്നാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്.

 

അന്വേഷണത്തിൽ 36 പെൺകുട്ടികളെ എപ്സ്റ്റൈന്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ അദ്ദേഹം കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. എന്നാൽ ബാലലൈം​ഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ 2019 ജൂലൈ 24 ന് എപ്സ്റ്റൈനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതപ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് എപ്സ്റ്റൈനെ കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു.

 

ആന്‍ഡ്രൂ രാജകുമാരനും ട്രംപും ക്ലിന്‍റണും മൈക്കല്‍ ജാക്സണും ഹാര്‍വി വെയ്ന്‍സ്റ്റൈനും നടന്‍ അലക്സ് ബാള്‍ഡ്​വിനുമെല്ലാം  എപ്സ്റ്റൈനുമായി അടുത്തബന്ധം പുലര്‍ത്തിയ സെലിബ്രിറ്റികളായിരുന്നുവെന്ന് ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ ഫയലുകൾ പൊതുജനങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫയലുകൾ പുറത്തുവിടുന്നതോടെ ഗുരുതരമായ ഇത്തരം വെളിപ്പെടുത്തലുകളിലെ സത്യവും പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: